വിസ്മൃതിയിലേക്കു മായുന്ന ചരിത്രസ്മാരകങ്ങള്‍

വിസ്മൃതിയിലേക്കു മായുന്ന ചരിത്രസ്മാരകങ്ങള്‍

ഐടി നഗരത്തിലെ ചരിത്രാതീതകാലസ്മാരകങ്ങള്‍ ഇനിയും അവഗണിക്കപ്പെട്ടുകൂടാ

ഐടി നഗരമായ ബംഗളൂരിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പാശ്ചാത്യസംസ്‌കാരമാണ് മനസിലേക്കു വരുക. പബ്ബും ഡിസ്‌ക്കോത്തെകളും സ്പാകളുമൊക്കെ നിറയുന്ന ന്യൂജനറേഷന്റെ കളിത്തൊട്ടില്‍. നഗരമധ്യത്തിലെ സ്ഫടികജനാലകള്‍ നിറഞ്ഞ കോണ്‍ക്രീറ്റ്‌കെട്ടിടങ്ങള്‍ക്കപ്പുറം ബംഗളൂരിന് ചില പൗരാണികശേഷിപ്പുകളുടെ കൂടി കഥപറയാനുണ്ട്. ആറോളം കോട്ടകളുടെ ഈറ്റില്ലമാണ് ബംഗളൂരു.

കെംപഗൗഡ കോട്ട

ബംഗളൂരിന്റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. 1537-ല്‍ കെംപഗൗഡ ഒന്നാമന്‍ എന്നറിയപ്പെടുന്ന ഹിരിയെ കെംപഗൗഡ എന്ന നാട്ടുരാജാവാണ് നഗരം സ്ഥാപിച്ചത്. വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തനായിരുന്നു അദ്ദേഹം. 2.24 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മണ്‍കോട്ട സ്ഥാപിച്ചു. ശത്രുക്കളെ അകറ്റി നിര്‍ത്താന്‍ കോട്ടയെ ചുറ്റി കിടങ്ങു സ്ഥാപിച്ചു. ഇതാണ് ഇന്നു നാം കാണുന്ന നഗരഹൃദയം, ബംഗളൂരു പേട്ട. കുറ്റമറ്റ നഗരമാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. കോട്ടയ്ക്കകത്ത് അദ്ദേഹം നിരവധി പാതകള്‍ സൃഷ്ടിച്ചു. പ്രധാന കവാടത്തിലേക്കു വന്നു ചേരുന്ന രണ്ടു പ്രധാന പാതകളും പണികഴിപ്പിച്ചു. പ്രജകളുടെ അധിവാസമേഖലകളും വാണിജ്യ കേന്ദ്രങ്ങളും ജലസേചന സംവിധാനങ്ങളും പ്രത്യേക ശ്രദ്ധയോടെ തയാറാക്കിയിരിക്കുന്നു. ജലസംഭരണികളും ചന്തകളും ഇന്നും ഉപയോഗത്തിലുണ്ട്. ഗവി ഗംഗാധരേശ്വര, ഉല്‍സൂര്‍ സോമേശ്വര, ദൊഡ്ഡ ഗണപതി, നന്ദി, കാരാഞ്ചി ആഞ്ജനേയ, മഹാകാളി, വീരഭദ്ര, വിനായക, കാലഭൈരവ ക്ഷേത്രങ്ങള്‍ നഗരത്തിന്റെ 33 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ്.

കോട്ടയുടെ നിര്‍മാണകാലത്ത് ഒരു വശത്തെ മതില്‍ സ്ഥിരമായി തകര്‍ന്നു പോകുമായിരുന്നു. പ്രശ്‌നപരിഹാരത്തിന് ഒരു ഗര്‍ഭിണിയെ ബലിയര്‍പ്പിക്കണമെന്ന് നിര്‍ദേശമു.ര്‍ന്നു. എന്നാല്‍ കെംപഗൗഡ രാജാവിന് ഈ അന്ധവിശ്വാസത്തെ അംഗീകരിക്കാനാകുമായിരുന്നില്ല. എന്നാല്‍ രാജാവിന്റെ ധര്‍മസങ്കടം മനസിലാക്കിയ പുത്രഭാര്യ ലക്ഷ്മി ദേവി സ്വയം ബലിയര്‍പ്പിക്കാന്‍ തയാറായി. അര്‍ധരാത്രി ആരോരുമറിയാതെ എത്തി ആത്മാഹൂതി നടത്തുകയായിരുന്നു അവര്‍. രാജകുമാരിയുടെ ഓര്‍മയ്ക്കായി കെംപഗൗഡ രാജാവ് പണികഴിപ്പിച്ച ലക്ഷ്മമ്മ ക്ഷേത്രം കൊറമംഗലയില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. കോട്ടയുടെ നാലോ ഏഴോ ഗോപുരങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അന്നത്തെ നഗരത്തിന്റെ അതിരുകളായിരുന്നു പ്രൗഢമായ ഈ ഗോപുരങ്ങള്‍. പുനഃസൃഷ്ടിക്കപ്പെട്ടപ്പോള്‍ അവ നഗരഹൃദയത്തിലായി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാല്‍ബാഗിലെ ബന്ദി മഹാകാളി ക്ഷേത്രത്തിനു പിന്നില്‍ നിന്നു നോക്കിയാല്‍ കെംപഗൗഡ ഗോപുരോദ്യാനം കാണാം. ഉല്‍സൂര്‍ തടാകത്തിനു സമീപം മെഖ്‌രി സര്‍ക്കിളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂര്‍ കോട്ട

കെംപഗൗഡ കോട്ടയുടെ വികസനം മൈസൂരിലെ വഡയാര്‍ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് (1673- 1704) വികസിപ്പിച്ചത്. എ ഡി 1761-ല്‍ ഹൈദരലി കോട്ടയെ ബലപ്പെടുത്തി വികസിപ്പിച്ചു. കോട്ടമതില്‍ കെട്ടിയിരുന്ന മണ്ണിനു പകരം കരിങ്കല്ലുപയോഗിച്ചാണു ബലപ്പെടുത്തിയത്. 1791-ല്‍ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനി കോണ്‍വാലീസ് പ്രഭുവിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ കോട്ട ആക്രമിച്ചു. ആറാഴ്ച നീണ്ടു നിന്ന രക്തരൂഷിത യുദ്ധത്തിനു ശേഷം കോട്ട കീഴ്‌പ്പെടുത്താന്‍ കമ്പനിക്കു കഴിഞ്ഞു. 2000 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ടിപ്പുസുല്‍ത്താന്റെ മരണശേഷം 1799-ഓടെ ബ്രിട്ടീഷുകാര്‍ കോട്ട പൊളിച്ചു നീക്കാനുള്ള ശ്രമം തുടങ്ങി. പാത വികസനത്തിനും ആശുപത്രിനിര്‍മാണത്തിനും സ്‌കൂളുകളും ബസ് സ്റ്റാന്‍ഡുകളും പണികഴിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. ഇന്ന് ബാംഗ്ലൂര്‍ കോട്ടയുടെ ഡെല്‍ഹി കവാടവും കൊത്തളങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള പ്രദേശങ്ങള്‍ പുരാവസ്തുഗവേഷണകേന്ദ്രത്തിനു കീഴിലാണ്. കോട്ടവാതിലിലൂടെ അകത്തേക്കു പ്രവേശിക്കുമ്പോള്‍ ആദ്യം കാണാവുന്നത് ടിപ്പുവിന്റെ കാലത്തു പണിത ഗണപതി കോവിലാണ്. മതില്‍ക്കെട്ടിനകത്ത് നിരവധി ശിലകളും ശില്‍പ്പങ്ങളും കാണാം. ഇവിടെ കോട്ടയിലേക്കുള്ള ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിയതി ആലോഖനം ചെയ്ത ഫലകവും സ്ഥാപിച്ചിട്ടുണ്ട്.

ബെഗര്‍ കോട്ട

ബംഗളൂരു നഗരപരിധിയിലുള്ള അവശേഷിക്കുന്ന ഗ്രാമമായി ബെഗറിനെ വിശേഷിപ്പിക്കാം. ആധുനിക നഗരത്തിന്റെ തെക്കുഭാഗത്ത് കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ക്കിടിയിലെ അപരിഷ്‌കൃതപ്രദേശം. ആറാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെ കര്‍ണാടകയില്‍ ഭരണത്തിലുണ്ടായിരുന്ന ഗംഗ രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശമാണിവിടം. ജൈനമതക്കാരായിരുന്നു ഭരണാധികാരികള്‍. കര്‍ണാടകയിലും നഗറ്ററയിലും ജൈനമതം ശക്തി പ്രാപിച്ച കാലഘട്ടമായിരുന്നു അത്. ഈ പ്രദേശത്തു നിന്നു കണ്ടെത്തിയ തലയില്ലാത്ത തീര്‍ത്ഥങ്കര പ്രതിമ ജൈനരുടെ ആസ്ഥാനങ്ങളിലൊന്നായിരുന്നു ഇതെന്ന സൂചന നല്‍കുന്നു. പ്രാചീന കന്നഡ ഭാഷയായ ഹാലെഗന്നഡയിലെഴുതിയ ശിലാലിഖിതങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എ ഡി 890-ല്‍ എഴുതിയെന്നു കരുതുന്ന ഇവ ജൈന ഗംഗ രാജ വംശവും ശൈവിത നൊലംബമാരും തമ്മില്‍ നടത്തിയ ബംഗളൂരു കടന എന്നറിയപ്പെടുന്ന യുദ്ധത്തിന്റെ വിവരങ്ങളാണ് പ്രതിപാദിക്കുന്നത്. നഗറ്ററയിലെ യുവരാജാവ് ബുട്ടണഷെട്ടി കൊല്ലപ്പെട്ടതായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന ലിഖിതങ്ങള്‍, ബംഗളൂരിന് 1,100 വര്‍ഷത്തെ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ആദ്യ രേഖീയ ചരിത്രമായി പരിഗണിക്കാം.

ചോളരാജാക്കന്മാര്‍ നിര്‍മിച്ച പഞ്ചലിംഗേശ്വര ക്ഷേത്രത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ബെഗറില്‍ സ്ഥിതി ചെയ്യുന്ന കോട്ട അത്ര കണ്ട് ശ്രദ്ധ കിട്ടാതെ പോയി. 1.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ തികഞ്ഞ വൃത്താകാരത്തില്‍ പണികഴിപ്പിക്കപ്പെട്ട കോട്ട, ഭാരതീയ വാസ്തു നിര്‍മാണത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ്. മണ്ണു കൊണ്ടു നിര്‍മിക്കപ്പെട്ട കോട്ടമതിലുകള്‍ ഇന്ന് കാടും പടര്‍പ്പും കൊണ്ട് മൂടിയിരിക്കുന്നു. വടക്കു കിഴക്ക് അഭിമുഖമായിരിക്കുന്ന പ്രവേശനകവാടം ഏകശിലാനിര്‍മിതമാണ്. കോട്ടയ്ക്കകത്ത് കാശി വിശ്വനാഥക്ഷേത്രവും കൃഷ്ണക്ഷേത്രവും സ്ഥിതി ചെയ്യുന്നു. തെക്കുഭാഗത്ത് പഴയ കിണറും പടിഞ്ഞാറ് കൂറ്റന്‍ ചിതല്‍പ്പുറ്റും കാണാം. പുറ്റ് ഇന്ന് ജനങ്ങളുടെ ആരാധനാകേന്ദ്രമായി മാറിയിരിക്കുന്നു. നഗറ്ററ രാജകുമാരി തൊണ്ടബ്ബ ജൈനവിശ്വാസ പ്രകാരം നിരാഹാരമനുഷ്ഠിച്ച് മരണം പുല്‍കിയത് കോട്ടയിലാണെന്നാണ് വിശ്വാസം. നാലു നൂറ്റാണ്ടിന്റെ പഴക്കമുള്ള കോട്ടയെക്കുറിച്ച് കാര്യമായ ഗവേഷണങ്ങള്‍ക്കോ സംരക്ഷിക്കാനുള്ള നടപടികള്‍ക്കോ അധികൃതര്‍ തയാറായിട്ടില്ല. മാത്രമല്ല, സമീപത്തെ ഇലക്ട്രോണിക്ക് സിറ്റിയുടെ വികസനവുമായി ബന്ധപ്പെട്ട് ബെഗര്‍ കോട്ട, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പിടിയില്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

ബെട്ടാദാസന്‍പുര കോട്ട

ഇലക്ട്രോണിക്ക് സിറ്റിയുടെ തെക്കുഭാഗത്തെ കുന്നില്‍ സ്ഥിതി ചെയ്യുന്ന ചതുരക്കോട്ടയാണ് ബെട്ടാദാസന്‍പുര. എട്ടു കൊത്തളങ്ങളോടു കൂടിയ കോട്ട, ശിലാനിര്‍മിതമാണ്. കോട്ടയ്ക്കകത്ത് വലിയ രണ്ടു കുളങ്ങളും രണ്ടു ക്ഷേത്രങ്ങളുമുണ്ട്, തിമ്മരായസ്വാമി ക്ഷേത്രവും ശിവക്ഷേത്രവും. ക്ഷേത്രം കെംപഗൗഡ ഭരണകാലത്തെയും തിമ്മരായസ്വാമി ക്ഷേത്രം ചോളരാജകാലത്തെയും സൃഷ്ടികളാകാമിതെന്ന് പ്രശസ്ത ചരിത്രകാരനായ അരുണ്‍ഭരദ്വാജ് പറയുന്നു. പ്രാദേശിക ഭരണാധികാരിക്കു ലഭിച്ച് സ്വപന്ദര്‍ശനപ്രകാരം കെംപഗൗഡ ഭരണാധികാരി തന്നെയാണ് തിമ്മരായസ്വാമി ക്ഷേത്രത്തിന്റെ നിര്‍മാണം നടത്തിയതെന്ന ഐതീഹ്യവുമുണ്ട്. എന്നാല്‍ മൈസൂര്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം വഡയാര്‍ രാജവംശമാണ് ക്ഷേത്രം സ്ഥാപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ലെന്നതാണു വാസ്തവം. രണ്ടു ക്ഷേത്രങ്ങളിലും ഇപ്പോഴും വെച്ചാരാധന നടക്കുന്നു. ഒരു ഭാഗത്തെ മതില്‍ ഇടിഞ്ഞിട്ടുണ്ടെങ്കിലും കോട്ടയുടെ രൂപത്തിന് വലിയ ഉലച്ചിലൊന്നും തട്ടിയിട്ടില്ല. കൃഷ്ണശിലാപാളികള്‍ കൊണ്ടാണ് മതിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും എതിര്‍വശത്തെ ഗ്രാമങ്ങളില്‍ നിന്നും നോക്കുമ്പോള്‍ കോട്ട ഇന്നും തലയെടുപ്പുള്ള കാഴ്ചയാണ്. പുതിയ കവാടത്തിന്റെ നിര്‍മാണവും റോഡിന്റൈ വികസനവും കഴിഞ്ഞതോടെ കാറുകളടക്കമുള്ള വാഹനങ്ങള്‍ക്ക് കോട്ടയിലെത്താനുള്ള സൗകര്യമുണ്ടായിരിക്കുന്നു.

ചിക്കജല കോട്ട

കോട്ടയെന്നാണ് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിഇട്ടുള്ളതെങ്കിലും ചിക്കജല യഥാര്‍ത്ഥത്തില്‍ ഒരു കോട്ടയല്ല. 3000 കൊല്ലം വര്‍ഷമുള്ള കല്യാണി എന്ന കുളത്തിന്റെ പടവുകളോടു കൂടിയ ചുറ്റുമതിലാണിത്. കുളത്തിന്റെ കിഴക്കുഭാഗത്ത് 19-ാം നൂറ്റാണ്ടിലെ കുമ്മായ അലഹ്കാരങ്ങളോടു കൂടിയ ഒരു ഹനുമാന്‍ കോവിലും സ്ഥിതി ചെയ്യുന്നു. തെക്കും കിഴക്കും വഴിയുമായി ബന്ധിപ്പിക്കുന്ന ശിലാനിര്‍മിതമായ തൂണുകളോടു കൂടി ഹാളിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ഇതൊരു കോട്ടയാകില്ല, ക്ഷേത്രസമുച്ചയമാകാമെന്ന് പുരാവസ്തു ഗവേഷകനായ ടഗറ്റ നിയോഗി അഭിപ്രായപ്പെടുന്നു. പീരങ്കി സ്ഥാപിക്കാനുള്ള കൊത്തളങ്ങള്‍ ഇല്ലാത്തതും ഇത് കോട്ടയല്ലെന്ന നിഗമനത്തിന്റെ ശക്തി കൂട്ടുന്നു. ഇസ്‌ലാം പൂര്‍വകാലഘട്ടത്തിലുള്ള തൂണുകളാണ് ഇവിടെ കാണപ്പെടുന്നത്. എന്നാല്‍ അമ്പലമോ ആധുനിക കാലത്തെ നിര്‍മിതിയും. മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിന്റെ നാശത്തെത്തുടര്‍ന്ന് പിന്നീടു പുനര്‍നിര്‍മിച്ചതാകാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. തീര്‍ത്ഥാടകരെ പാര്‍പ്പിക്കാനാകാം ഹാളുകള്‍ നിര്‍മിച്ചത്. എന്നാല്‍ തെക്കു ഭാഗത്തെ വളപ്പില്‍ ചെറിയ വാതിലിനോടു ചേര്‍ന്ന മതില്‍ കാണിക്കുന്നത് മുസ്‌ലിം കബറിടങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ്.

ദേവനഹള്ളി കോട്ട

ബംഗളൂരു റൂറല്‍ നഗരത്തിലാണ് ദേവനഹള്ളിക്കോട്ട സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ മറ്റെല്ലാ കോട്ടകളേക്കാളും വലുതാണിത്. 20 ഏക്കര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന കോട്ടയ്ക്ക് 11 കൊത്തളങ്ങളുണ്ട്. കോട്ടയ്ക്കകത്ത് നിരവധി അമ്പലങ്ങളുണ്ട്. കിഴക്കേ കവാടത്തിലുള്ള ശ്രീ വേണുഗോപാല ക്ഷേത്രമാണ് അതില്‍ പ്രധാനം. തെക്കേകോട്ടയുടെ 400 മീറ്റര്‍ തെക്കു മാറിയാണ് ടിപ്പു സുല്‍ത്താന്റെ ജന്മസ്ഥലം. ഛത്രി എന്ന ഈ വളപ്പില്‍ ഒരു പല്ലക്ക് സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ പടിഞ്ഞാറു മാറിയാണ് കല്യാണി കുളം. വിജയനഗരസാമ്രാജ്യത്തിന്‍ കീഴില്‍ 15ാം നൂറ്റാണ്ടിലാണ് മണ്ണു കൊണ്ടുള്ള ഈ കോട്ട നിര്‍മിതമായത്. ടിപ്പുവിന്റെ പിതാവ് ഹൈദരലിയുടെ കാലത്താണ് ഇപ്പോള്‍ കാണുന്ന കരിങ്കല്‍ നിര്‍മിതിയിലേക്കു മാറിയത്. ദേവനഹള്ളിയെ ടിപ്പു യൂസഫാബാദ് എന്നു പുനര്‍നാമകരണം ചെയ്തു. ഈ കോട്ട പല തവണ ആക്രമണത്തിനിരയായിട്ടുണ്ട്. കോണ്‍വാലീസ് 1791-ല്‍ ഇത് കീഴടക്കി. ടിപ്പുവിന്റെ മന്ത്രി പൂര്‍ണയ്യ ഏറെ നാള്‍ ഇവിടെ കഴിഞ്ഞിരുന്നതായി കരുതുന്നു.

രാജ്യത്തെ അതിവേഗം വികസിക്കുന്ന നഗരമായ ബംഗളൂരുവില്‍ ഇതക്തരം സ്മാരകങ്ങള്‍ ഇനി അധികകാലം സംരക്ഷിക്കാനാകില്ലെന്നു കരുതപ്പെടുന്നു. ഇവയില്‍ പലതും അടുത്ത ദശകത്തിനുള്ളില്‍ അപ്രത്യക്ഷമാകാനാണിട. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കടന്നുകയറ്റവും പൊതുജനങ്ങളുടെ അറിവില്ലായ്മയും സര്‍ക്കാരിന്റെ അവഗണനയും ഇതിന് ആക്കം കൂട്ടും. ഐടിക്കും പബ് സംസ്‌കാരത്തിനും ഉപരിയായി ബംഗളൂരു ഭാവിയില്‍ അറിപ്പെടണമെങ്കില്‍ ഈ കോട്ടകള്‍ സംരക്ഷിക്കപ്പെടുകയും ഇവയുടെ ചരിത്രപരമായ പ്രാധാന്യത്തെപ്പറ്റി ഗവേഷണങ്ങള്‍ നടത്തുകയും വേണം.

Comments

comments

Categories: FK Special, Slider