ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച് 1ബി വിസാ അപേക്ഷകള്‍ കുറഞ്ഞു

ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച് 1ബി വിസാ അപേക്ഷകള്‍ കുറഞ്ഞു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച് 1ബി വിസാ അപേക്ഷകളില്‍ കുറവ് വന്നതായി യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് കാരണം യുഎസ് കമ്പനികളില്‍ തൊഴില്‍ തേടുന്നതിന് വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വൈമനസ്യം കാണിക്കുന്നതായും സിലിക്കണ്‍വാലി പത്രമായ സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എച്ച് 1ബി വിസ നടപടിക്രമങ്ങളില്‍ വര്‍ഷങ്ങളായി അപേക്ഷകര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വിസയ്ക്ക് അപേക്ഷിക്കുന്നവരെയും നിയമനം നടത്തുന്ന കമ്പനികളെയും ബാധിക്കുന്നുണ്ട്. 2019 ലേക്ക് എച്ച് 1ബി വിസാ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒക്‌റ്റോബറില്‍ ആരംഭിക്കും.

വിദഗ്ധതൊഴില്‍ മേഖലയില്‍ വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് യുഎസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സൗകര്യമൊരുക്കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച് 1ബി വിസ. ഇന്ത്യന്‍ ഐടി കമ്പനികളാണ് എച്ച് 1ബി വിസകളെ കൂടുതലായും ആശ്രയിക്കാറുള്ളത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളെയാണ് എച്ച് 1ബി വിസ ഉപയോഗിച്ച് ഐടി കമ്പനികള്‍ യുഎസില്‍ നിയമിച്ചിട്ടുള്ളത്. ഇതുകൊണ്ട് തന്നെ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം വിസാ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യന്‍ കമ്പനികളെ ആശങ്കയിലാക്കിയിരുന്നു.

എച്ച് 1ബി വിസ ആവശ്യകത കുറഞ്ഞുവരുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊഴില്‍ വിപണിയില്‍ 5,48,000 ടെക് തൊഴിലവസരങ്ങളാണുള്ളത്. ഈ ഒഴിവുകളിലേക്കാവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകുന്നില്ലെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: Slider, Top Stories