ആറു വയസ്സുകാരന്റെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ച് ബസ്സുടമകള്‍

ആറു വയസ്സുകാരന്റെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ച് ബസ്സുടമകള്‍

കോഴിക്കോട്: ആറു വയസ്സുകാരന്‍ റിഥ്വിന് സാന്ത്വനമേകാന്‍ പണം സമാഹരിക്കുകയാണ് കോഴിക്കോട്ടെ ബസ്സുകാരും വിദ്യാര്‍ത്ഥികളും. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലുള്ള പേരാമ്പ്ര സ്വദേശി ഒന്നാം ക്ലാസ്സുകാരന്‍ റിഥ്വിന് വേണ്ടിയാണ് ബസ്സുടമകള്‍ ധനസമാഹരണം നടത്തുന്നത്.

നടുവന്നൂര്‍ എ.എം.യു.പി സ്‌ക്കൂളിലെ അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സകല പിന്തുണയും നല്‍കി ഇവരുടെ കൂടെയുണ്ട്. കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന 24 ബസ്സുകളാണ് ചൊവ്വാഴ്ച്ച ദിവസം ഈ ദൗത്യത്തിനായി കൈകോര്‍ത്തത്. ചികിത്‌സയ്ക്കാവശ്യമായ പണം റിഥ്വിന്റെ പിതാവിന് ഒറ്റയ്ക്ക് കണ്ടെത്താനാവാത്തതിനാല്‍ സ്‌ക്കൂള്‍ അധികൃതര്‍ കുറ്റ്യാടി ബസ്സ് ഓണേഴ്‌സിനെ സമീപിക്കുകയായിരുന്നു. ബസ്സുകളില്‍ കയറിയ പല യാത്രക്കാരും ടിക്കറ്റ് വാങ്ങിയ ശേഷം ബാക്കി തുക വാങ്ങാന്‍ തയ്യാറായില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപ ഇതുവരെ സമാഹരിച്ചതായും അറിയിച്ചു. ചികിത്സയ്ക്കു ശേഷം റിഥ്വിന്‍ മിടുക്കനായി വരുന്നത് കാത്തിരിക്കുകയാണ് ഈ നാട്.

Comments

comments

Categories: Motivation