വ്യാജവര്‍ത്തകള്‍ വലിയ പ്രതിസന്ധി

വ്യാജവര്‍ത്തകള്‍ വലിയ പ്രതിസന്ധി

ഡിജിറ്റല്‍ വിസ്‌ഫോടനത്തിന്റെ കാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയായി തീരുന്നത് വ്യാജവാര്‍ത്തകളുടെ പ്രചരണമാണ്. ഇത് സമൂഹത്തില്‍ വലിയ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു

വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മാത്രമല്ല, മുഖ്യധാരയുടെ ഭാഗമായി നാം കാണുന്ന പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും വരുന്ന പല വാര്‍ത്തകളും വ്യാജമായിരുന്നുവെന്ന ഏറെ നാളുകള്‍ക്ക് ശേഷമായിരിക്കും നമ്മള്‍ അറിയുക. വ്യക്തിപരമായ രാഷ്ട്രീയ പക്ഷങ്ങളുടെ ഭാഗമായി വാര്‍ത്തകളെ വളച്ചൊടിക്കുന്നതും അതിന്റെ പാരമ്യത്തിലാണ്. വാര്‍ത്തകളുടെ രാഷ്ട്രീയ പക്ഷം പിടിക്കാം, എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും വാട്‌സാപ്പ് പോസ്റ്റുകള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത്.

കഴിഞ്ഞ ദിവസമാണ് ഏറെ ട്രാഫിക്കുള്ള ഒരു വെബ്‌സൈറ്റിന്റെ ഉടമ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ അറസ്റ്റിലായത്. ഫേക്ക് ന്യൂസിന്റെ പേരില്‍ ഏറെ പഴികേട്ട ഡിജിറ്റല്‍ മാധ്യമമാണ് അതെങ്കിലും അത് വായിക്കുന്നവരുടെ എണ്ണം ആരെയും അല്‍ഭുതപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഈ അറസ്റ്റിന് പോലും രാഷ്ട്രീയ പക്ഷമുണ്ടെന്നുള്ള വിമര്‍ശനങ്ങളും കാണാതിരുന്നു കൂടാ. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ എതിര്‍ രാഷ്ട്രീയചേരിക്കാര്‍ നടത്തുന്ന സമാനപ്രചരണങ്ങള്‍ നിയമത്തിന് മുന്നില്‍ വരുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍. ഇങ്ങനെയുള്ള വാദപ്രതിവാദങ്ങള്‍ക്കപ്പുറത്ത് ഫേക്ക് ന്യൂസ് എന്നത് വലിയ പ്രതിസന്ധിയായി നിലകൊള്ളുന്നുവെന്ന വസ്തുത നമ്മുടെയൊന്നും കണ്ണ് തുറപ്പിക്കുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.

നൂറുകണക്കിന് ഫേക്ക് ന്യൂസ് വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. അത് കൂടാതെയാണ് വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മറ്റുമുള്ള പ്രചരണങ്ങള്‍. വാട്‌സാപ്പിലെ വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുകയെന്നതെല്ലാം ഏറെ പ്രയാസമുള്ള കാര്യവുമാണ്. ഫേക്ക് ന്യൂസ് ഫാക്റ്ററികളെ പ്രതിരോധിക്കുന്നതിനും അവയെ പൊളിച്ചടുക്കുന്നതിനും വേണ്ടിയുള്ള സംരംഭങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനെ തടയാനുള്ള ഒരു മാര്‍ഗ്ഗം. ഓള്‍ട്ട് ന്യൂസ് പോലുള്ള സംരംഭങ്ങളെല്ലാം ഈ ഒരു ആശയത്തില്‍ നിന്നും രൂപം കൊണ്ടതാണെന്ന് അവകാശപ്പെടുന്നു. വന്‍കിട സംരംഭകര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ഫേക്ക് ന്യൂസുകളെ വെളിച്ചത്തുകൊണ്ടുവരാനുള്ള സമാന്തര വെബ്‌സൈറ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ടിംഗ് നല്‍കാവുന്നതാണ്. അതിലുപരി വാര്‍ത്തകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും വാട്‌സാപ്പിലൂടെയും എല്ലാം മുന്നിലെത്തുന്ന വാര്‍ത്തകള്‍ അതേപടി വിശ്വസിക്കാന്‍ പാടില്ലെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ഗൗരവ ശ്രമങ്ങള്‍ വേണം.

എന്നാല്‍ ഫേക്ക് ന്യൂസ് സംരംഭങ്ങള്‍ക്ക് പിഴയീടാക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവന്നാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് അത് ദുരുപയോഗപ്പെടുത്തുമെന്നത് ഉറപ്പാണ്. അത്രമാത്രം രാഷ്ട്രീയം അതിലും വരും. അതിനാല്‍ അത്തരമൊരു സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. വേണ്ടത് ശക്തമായ ബോധവല്‍ക്കരണമാണ്. മുഖ്യധാരാ മാധ്യമങ്ങളും ഇതിനായി മുന്നിട്ടിറങ്ങേണ്ടതുണ്ട്. വ്യാജവാര്‍ത്തകള്‍ അറിഞ്ഞും അറിയാതെയും പ്രചരിപ്പിക്കുന്ന പ്രവണത നമ്മുടെ രാഷ്ട്രീയക്കാര്‍ക്കിടയിലുമുണ്ട്. അവരും ഇക്കാര്യത്തില്‍ കുറച്ച് കൂടി ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതുണ്ട്. ഡിജിറ്റല്‍ വിസ്‌ഫോടനത്തിന്റെ കാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയായി തീരുന്നത് വ്യാജവാര്‍ത്തകളുടെ പ്രചരണമാണ്. ഇത് സമൂഹത്തില്‍ വലിയ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൈവിട്ടുപോകും. സ്വയം തിരുത്തലിന് മാധ്യമങ്ങള്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്.

Comments

comments

Categories: Editorial, Slider