ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകള്‍ കഷ്ടകാലത്തിന്റെ നെല്ലിപ്പലക കണ്ടോ?

ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകള്‍ കഷ്ടകാലത്തിന്റെ നെല്ലിപ്പലക കണ്ടോ?

പൊതുമേഖലാ ബാങ്കുകള്‍ വായ്പാ തട്ടിപ്പുകാരുടെ വഞ്ചനക്ക് മുന്നില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണിപ്പോള്‍. ബാങ്കുകളെ ബാധിച്ച അത്യാപത്ത് കാര്യകാരണ സഹിതം വിലയിരുത്തുകയാണ് ദീര്‍ഘകാലം മേഖലയുടെ ഭാഗമായിരുന്ന ലേഖകന്‍

ഒരു പൊതു മേഖലാ ബാങ്കിന്റെ സിഇഒ ആയി ജോലി ചെയ്തിരുന്ന കാലത്ത് സ്ഥിരമായി വരുന്ന ചില ഫോണ്‍ വിളികളുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ), ഫിനാന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ധനകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള കോളുകള്‍ പതിവാണ്. ഇത്തരം കോളുകളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് വ്യക്തികളുടെ ഫോണ്‍ വിളികള്‍ എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിലെ ഒരു ജൂനിയര്‍ മന്ത്രിയുടേതായിരുന്നു ഇതിലൊന്ന്. രണ്ടാമത്തേത് ഒരു പ്രമുഖ പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിന്റേതും.

ഇരുവരും വളരെ മര്യാദയോടെയാണ് സംസാരിച്ചത്. എന്നാല്‍ അവരെ ‘ സഹായിക്കുന്നതിന്’ തീര്‍ച്ചയായും ഒരു വഴി ഞാന്‍ കണ്ടെത്തണമെന്ന് ശഠിക്കുകയും ചെയ്തു. ബാങ്കിന്റെ തീരുമാനത്തിന് വിപരീതമായി ഒരു ഉദ്യോഗസ്ഥനെ ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്ക് നിയമിക്കാനുള്ള ‘സഹായ’ മായിരിക്കും പലപ്പോഴും ഇത്. ഊഴപ്രകാരമല്ലാത്ത സ്ഥാനക്കയറ്റവും സ്ഥലം മാറ്റങ്ങളും ചിലപ്പോള്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിലുള്ള മിക്കവാറും അപേക്ഷകള്‍ തള്ളിക്കളയുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. എന്നാല്‍, വായ്പയെടുത്ത ഒരാളുടെ എക്കൗണ്ട് ഒരു ‘ഒത്തുതീര്‍പ്പ്’ കരാറിലൂടെ ഞങ്ങള്‍ സെറ്റില്‍ ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ച ഒരു സാഹചര്യവും ഉണ്ടായി. വായ്പാ തുക മാത്രം ഈടാക്കി പലിശയും മറ്റു കുടിശികകളും ഒഴിവാക്കി ഇടപാട് തീര്‍പ്പാക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ കുടിശികയും പലിശയുമെല്ലാം ചേര്‍ന്ന് ലോണെടുത്ത തുകയോളം തന്നെ എത്തിയ സാഹചര്യമായിരുന്നു ഈ വായ്പയിലുണ്ടായിരുന്നത്. നീണ്ട നാളത്തെ നിയമയുദ്ധത്തിനു ശേഷം കടമെടുത്തയാളിന്റെ ആസ്തിവകകള്‍ ജപ്തി ചെയ്ത് എല്ലാ കുടിശികയും തിരിച്ചു പിടിക്കാന്‍ ബാങ്കിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇതെന്ന് ഞാന്‍ കണ്ടെത്തി. ഏറ്റവും പ്രധാനമായി, ‘കരുതിക്കൂട്ടി സൃഷ്ടിച്ച വീഴ്ച’യാണ് വായ്പാ തിരിച്ചടവില്‍ ഉണ്ടായതെന്ന് സ്പഷ്ടമായിരുന്നു. വളരെ വേഗത്തിലും അനായാസവും പണമുണ്ടാക്കണമെന്നുള്ള താല്‍പര്യം മൂലം ബിസിനസ് പരാജയപ്പെട്ടെന്ന കളവ് പറയുകയാണെന്നും ബോധ്യമായിരുന്നു.

അഭ്യര്‍ത്ഥനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വാദിച്ചപ്പോള്‍ അത്ര സൗഹാര്‍പൂര്‍വമല്ലാത്ത സ്വരത്തിലാണ് മന്ത്രി പിന്നീട് സംസാരിച്ചത്. ബിസിനസ് പരാജയപ്പെടുന്ന സാഹചര്യത്തില്‍ വായ്പയെടുത്ത ദൗര്‍ഭാഗ്യവാനായ വ്യക്തിയില്‍ നിന്നും വായ്പാ തുകയ്ക്കുപരി മറ്റൊന്നും ബാങ്കിന് ആവശ്യപ്പെടാനാവില്ലെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട്, കോടതി വിധിയുടെ പകര്‍പ്പ് ലഭ്യമാക്കാന്‍ ഞാന്‍ അപേക്ഷിച്ചു. എന്താണ് അതിന്റെ ആവശ്യമെന്നു ചോദിച്ചപ്പോള്‍, ബാങ്ക് അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു വര്‍ഷത്തില്‍, നിക്ഷേപകര്‍ക്ക് പലിശ നല്‍കാതിരിക്കാനുള്ള സാധ്യത പ്രസ്തുത ‘വിധി’യുടെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ബിസിനസ് ആരോഗ്യകരമായ സ്ഥിതിയിലല്ലാത്ത പക്ഷം, പരമോന്നത കോടതിയുടെ വിധി ഞങ്ങള്‍ക്കും ഗുണമുണ്ടാകുന്ന വിധത്തില്‍ വ്യാഖ്യാനിക്കാമല്ലോ? പില്‍ക്കാലത്തും മന്ത്രി നിരവധി തവണ ഫോണ്‍ ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല.

ഇത്തരത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അത്ര ആശ്ചര്യപ്പെടുത്തുന്ന സംഗതികളല്ല ഇവയൊന്നും. നമ്മുടെ രാഷ്ട്രീയക്കാര്‍ക്കെല്ലാം അവരുടെ സ്വന്തം നിയോജക മണ്ഡലങ്ങളുടെ ആവശ്യം നിറവേറ്റേണ്ടതുണ്ട്. ശക്തരായവരുടെ സമ്മര്‍ദത്തിന്‍ കീഴില്‍ മാത്രമേ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഇന്ത്യയില്‍ പൊതുവെയൊരു വിശ്വാസമുണ്ട്. ഗൂഢവും വഞ്ചനാപരമായ രീതിയില്‍ വലിയ വായ്പാ പ്രൊപ്പോസലുകള്‍ ബാങ്കുകള്‍ക്ക് ‘ വില്‍ക്കു’ന്നതാണ് കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മിക്കവാറും അവസരങ്ങളില്‍ കടമെടുക്കുന്നവരുടെ പ്രൊഫൈല്‍ വളരെ മികച്ചതായിരിക്കാം. എന്നാല്‍ പദ്ധതി അത്ര മികച്ചതായിരിക്കുകയുമില്ല. അതായത്, പുറത്ത് എല്ലാം സത്യസന്ധവും സുതാര്യവുമാണെങ്കിലും ഉള്‍ഭാഗത്ത് സംഘര്‍ഷം വ്യക്തമായിരിക്കും. മുകളില്‍ നിന്നുള്ള സൗമ്യമായ ഒരു സൂചന ഗുണം ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

പരസ്പരം വാഴ്ത്തുന്ന സമൂഹം

ബാങ്കിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന, സാധാരണനിലയില്‍ അഴിമതിക്ക് ദുഷിപ്പിക്കാനാവാത്തവരെന്ന് കരുതപ്പെടുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ കീഴടങ്ങുന്നതെന്തു കൊണ്ടാവും? ഉന്നതതലത്തില്‍, രണ്ട് കാര്യങ്ങളാണ് പ്രധാനമായും നടക്കുന്നത്. ആദ്യത്തേത്, താന്‍ ഇപ്പോള്‍ എത്തിയ പദവിയ്ക്ക് കാരണമായ ശക്തികളുടെ മുന്നില്‍ വിധേയരായി സിഇഒമാര്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുന്നു. രണ്ടാമത്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് എപ്പോഴും ആശങ്കാകുലരായിരിക്കും. അധികാരത്തിന്റെ ഏണിപ്പടിയുടെ ഏറ്റവും ഉന്നത തലത്തില്‍ എത്തപ്പെടുന്ന വളരെ കുറച്ചു പേര്‍ക്കു മാത്രമേ വിരമിക്കലിന് ശേഷമുള്ള ‘ചെങ്കുത്തായ വീഴ്ച’ എന്ന ആശയത്തെ അക്ഷോഭ്യമായി നേരിടാനാവൂ. പണത്തെക്കാള്‍ പദവിക്കൊപ്പം വന്നു ചേരുന്ന അധികാരമാണ് പലരുടെയും ആത്മാവിനെ അഴിമതിക്കാരാക്കുന്നത്. അധികാരത്തിന്റെ പെട്ടന്നുള്ള നഷ്ടപ്പെടല്‍ ഞങ്ങളില്‍ മിക്കവര്‍ക്കും വിനാശകരമായ അനുഭവമാകാം.

ഭരണസംവിധാനം സ്വയം വിട്ടുവീഴ്ചക്ക് തയാറാവുന്ന അങ്ങേയറ്റം മോശമായ മറ്റൊരു രീതി കൂടിയുണ്ട്. വിരമിക്കലിനു ശേഷം സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലി! ഭരണ സംവിധാനത്തെ വേണ്ട രീതിയില്‍ കളിക്കാനുപയോഗിക്കാനുള്ള കഴിവാണ് ജോലിയില്‍ നിന്ന് വിരമിച്ച ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഉപയുക്തത സ്വകാര്യ മേഖലയിലെ ഇന്നത്തെ ക്ലയന്റും നാളത്തെ തൊഴില്‍ദാതാവുമായേക്കാവുന്ന കമ്പനിക്ക് മുന്നില്‍ നിര്‍വചിക്കുന്നത്. കൡയുടെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് നന്നായി അറിയാമായിരിക്കുമല്ലോ?

ഞാന്‍ ബാങ്കില്‍ നിന്ന് വിരമിക്കുന്നതിനുള്ള സമയമായപ്പോള്‍, തങ്ങളുടെ ബോര്‍ഡിലെ ‘സ്വതന്ത്ര ഡയറക്റ്റര്‍’ പദവി ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി രണ്ടു വമ്പന്‍ കോര്‍പറേറ്റ് ഗ്രൂപ്പുകളാണ് സമീപിച്ചത്. മറ്റു ചില താല്‍പര്യങ്ങളിലേക്ക് തിരിയുകയാണ് ഉദ്ദേശമെന്ന് പറഞ്ഞ് വിനീതമായി ഈ ക്ഷണം ഞാന്‍ നിരസിച്ചു. ഡയറക്റ്റര്‍ ബോര്‍ഡിന്റെ കാര്യങ്ങള്‍ക്കായി വളരെ കുറച്ച് സമയവും ഊര്‍ജ്ജവും മാത്രം ചെലവഴിച്ചാല്‍മതിയെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നിട്ടും വൈമനസ്യം പ്രകടിപ്പിച്ചപ്പോള്‍ മാന്യരായ ഒരു ടീം ഇതില്‍ നിന്ന് പിന്മാറി. എന്നാല്‍ മറ്റേ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ കൂടി പ്രലോഭനം തുടര്‍ന്നു. ഒരു വര്‍ഷത്തിനു ശേഷം ഇതിലൊരു കമ്പനിയുടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. വിരമിച്ച ബാങ്കര്‍മാര്‍ ക്ലയന്റുമാരുടെ സ്വകാര്യ കമ്പനികളില്‍ (അവരില്‍ ചിലര്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവരാകാം) ഉപദേശക, ഡയറക്റ്റര്‍, കണ്‍സള്‍ട്ടന്റ് പദവികള്‍ തെരഞ്ഞെടുക്കുന്നത് അപൂര്‍വമല്ല.

വായ്പകള്‍ക്കായുള്ള സ്വാധീനശ്രമം നമ്മുടെ രാഷ്ട്രീയ വിഭാഗത്തില്‍ മാത്രം ഒതുങ്ങിയതല്ല. കോര്‍പറേറ്റ് കമ്പനികള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ട് ലോബിയിംഗ് നടത്തുന്നുണ്ട്. ഞാന്‍ ജോലി ചെയ്ത കാലഘട്ടത്തില്‍, വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ ഇടപാടുകാര്‍ക്കായി നാണംകെട്ട തരത്തില്‍ ലോബിയിംഗ് നടത്തിയ മൂന്ന് ഡയറക്റ്റര്‍മാരെ എനിക്ക് അറിയാം. ഇവരില്‍ രണ്ടുപേര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ പ്രതിനിധികളായിരുന്നു. ജോയ്ന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ളവരെ ബാങ്ക് ബോര്‍ഡുകളിലേക്ക് സര്‍ക്കാര്‍ നിയമിക്കാറില്ല. പൊതുമേഖലാ ബാങ്കുകളുടെ മേല്‍ പിടിമുറുക്കാനുള്ള തന്ത്രമാണിത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്റ്റര്‍ പദവിയിലുള്ള അണ്ടര്‍ സെക്രട്ടറിമാര്‍ പോലും ബാങ്ക് തലവന്‍മാരോടൊത്ത് അടുത്തിടപഴകുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

വായ്പകള്‍ക്കായുള്ള സ്വാധീനശ്രമം നമ്മുടെ രാഷ്ട്രീയ വിഭാഗത്തില്‍ മാത്രം ഒതുങ്ങിയതല്ല. കോര്‍പറേറ്റ് കമ്പനികള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ട് ലോബിയിംഗ് നടത്തുന്നുണ്ട്. ഞാന്‍ ജോലി ചെയ്ത കാലഘട്ടത്തില്‍, വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ ഇടപാടുകാര്‍ക്കായി നാണംകെട്ട തരത്തില്‍ ലോബിയിംഗ് നടത്തിയ മൂന്ന് ഡയറക്റ്റര്‍മാരെ എനിക്ക് അറിയാം.

ഉദാരവല്‍ക്കരണം കൊണ്ടുവന്ന അഭിവൃദ്ധി

1990കളുടെ മധ്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ‘വളര്‍ച്ചാ മന്ത്ര’ങ്ങള്‍ ഭക്തിനിര്‍ഭരമായി ചൊല്ലുകയായിരുന്നു. ഈ മന്ത്രശക്തിക്ക് അതീതമായി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം നിലനില്‍ക്കുമെന്നത് സങ്കല്‍പിക്കാന്‍ പോലുമാവാത്ത കാര്യമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ ഈ ‘ആനിമല്‍ സ്പിരിട്ടിന്റെ’ (അനിശ്ചിതാവസ്ഥയിലെ സാമ്പത്തിക തീരുമാനങ്ങള്‍) അള്‍ത്താരയില്‍ കുമ്പിടാന്‍ നാം എല്ലാവരും പരിശീലിപ്പിക്കപ്പെട്ടു.

പണത്തിന്റെ ഒഴുക്ക് ഇക്കാലത്ത് സമൃദ്ധമായിരുന്നു. ബിസിനസ് വിപുലീകരണത്തിനും, വൈവിധ്യവല്‍ക്കരണത്തിനും, മുന്നോക്ക് പിന്നോക്ക സംയോജനങ്ങള്‍ക്കും ഒരു പരിധിയുമുണ്ടായിരുന്നില്ല. ഭക്ഷ്യ സംസ്‌കരണ കമ്പനി സമന്റ് ഉല്‍പ്പാദനത്തിലേക്ക് ചുവടുവച്ചു. സിമന്റ് നിര്‍മാതാക്കളാവട്ടെ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്ന ബിസിനസിലേക്കും നീങ്ങി. മദ്യം ഉണ്ടാക്കിക്കൊണ്ടിരുന്നവന്‍ സിമെന്റിലും കണ്‍സ്യൂമര്‍ റീട്ടെയ്‌ലിലും നിക്ഷേപിച്ചു. ടോള്‍ റോഡുകളും കാര്‍ഗോ തുറമുഖങ്ങളും വികസിച്ചു. എല്ലാത്തിലുമുപരി ടെലികോം ബിസിനസ് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കോര്‍പ്പറേറ്റ് കമ്പനികള്‍ വിദേശ സംരംഭങ്ങള്‍ വാങ്ങിക്കൊണ്ട് അതിവേഗത്തില്‍ ആഗോളതലത്തിലേക്ക് നീങ്ങി.

ഒരു പദ്ധതി പണിപ്പുരയിലിരിക്കെ തന്നെ മൂന്നു പുതിയ സംരംഭങ്ങള്‍ ജാഗ്രതയോടെ ആവിഷ്‌കരിക്കപ്പെട്ടു. ആകര്‍ഷകമായ ഫണ്ടിംഗ് പ്രൊപ്പോസലുകള്‍ ബാങ്കുകളില്‍ നിറഞ്ഞു. ഒരു പദ്ധതിക്ക് വേണ്ടിയുള്ള വായ്പകള്‍ വിതരണം ചെയ്യുന്നതിനിടയില്‍ തന്നെ തങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും പദ്ധതികള്‍ക്കുള്ള വായ്പാ ക്രമീകരണങ്ങള്‍ പ്രമോട്ടര്‍മാര്‍ നടത്താന്‍ തുടങ്ങി. ആദ്യ സംരംഭം പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ മൂന്നാമത്തെയും നാലാമത്തെയും പദ്ധതികള്‍ക്കായി ബാങ്ക് വായ്പകള്‍ നേടിയെടുക്കുകയും ചെയ്തു. പല പല പദ്ധതികള്‍ക്കായി ബാങ്ക് വായ്പ വച്ചുള്ള ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കാനും തുടങ്ങി. ഇത്തരത്തിലുള്ള വഞ്ചനാപരമായ നിക്ഷേപങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആര്‍ബിഐയില്‍ നിന്നോ ധനകാര്യ മന്ത്രാലയത്തില്‍ നിന്നോ കേവലമൊരു പിറുപിറുപ്പ് പോലും ഉണ്ടായില്ല. ഇറക്കുമതിക്ക് ചെലവ് കൂട്ടിക്കാണിച്ചും കയറ്റുമതിയുടെ കണക്കുകള്‍ കുറച്ചു കാണിച്ചും മിക്ക മേഖലകളിലും വെട്ടിപ്പുണ്ടായെങ്കിലും എല്ലാ നിയന്ത്രണ, അന്വേഷണ അതോറിറ്റികളും തലതിരിക്കുകയാണ് ഉണ്ടായത്.

വിരോധാഭാസമെന്നോണം 2008ലെ അമേരിക്കന്‍ സാമ്പത്തിക ദുരന്തം, മിക്ക ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും സഹായകമായി. മിക്ക വായ്പകളും പദ്ധതികളിലൊഴുക്കിയതിനാല്‍ തന്നെ അവ വിപത്തിലേക്ക് എത്തിയില്ല. അതുകൊണ്ടുതന്നെ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. തിരിച്ചടവുകള്‍ പരുങ്ങലിലായി, ചിലസമയം വലിയ തോതില്‍ കാലതാമസങ്ങള്‍ വന്നു തുടങ്ങി. സമ്മര്‍ദ്ദമേറിയപ്പോള്‍ ഇന്ത്യ ഇന്‍കിലെ മിക്ക താരകങ്ങളും ബിസിനസിലെ പരാജയം അവകാശപ്പെട്ടു കൊണ്ട് കൈകളുയര്‍ത്തി. ഇതില്‍ ചിലര്‍ക്ക് കടമെടുത്തെന്ന് പറയപ്പെടുന്ന ബിസിനസുകളില്‍ ഒരു പങ്കാളിത്തവുമില്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകള്‍ ഈ സേനാനി ഗണങ്ങളുടെ തട്ടിപ്പിനിരയാകുന്നത് എന്തുകൊണ്ടാവും? പ്രാഥമികമായി, ബാങ്കുകളുടെ ഉടമസ്ഥരും ബാങ്കുദ്യോഗസ്ഥരുടെ വിധിയുടെ മധ്യസ്ഥരുമായ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ആവശ്യമെങ്കില്‍ കണ്ണടച്ച് ഉദാരമായി വായ്പ നല്‍കുന്നതിന് ഇവരെ പ്രേരിപ്പിച്ചു എന്നതാണ് വാസ്തവം. s. ഫണ്ടിംഗ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിന്ന് സ്വകാര്യ ബാങ്കുകള്‍ അകലം പാലിച്ചു. നിഗൂഢമായ ഇടപാടുകളില്‍ നിന്ന് പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് വേഗത്തില്‍ പുറത്തുകടക്കാനുള്ള സ്വകാര്യ മേഖലാ ബാങ്കുകളുടെ ശേഷിയാണ് മറ്റൊരു ഘടകം. ബിസിനസിലെ ഉറച്ച ചുവടുകളും നിത്യ സമ്പര്‍ക്കത്തിലൂടെ ബിസിനസ് മേഖലയിലെ നഷ്ടങ്ങളെക്കുറിച്ച് മുന്‍കൂട്ടി ലഭിക്കുന്ന സൂചനകളും ഇതിന് സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നു.

നമ്മുടെ പൊതുമേഖലാ ബാങ്കിംഗ് മേഖലയെ ചുറ്റിപ്പറ്റിയുള്ള ചില പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചിട്ടുണ്ട്. ആ കണ്ടെത്തലുകളും റിസര്‍വ് ബാങ്ക് സ്വന്തം കാലിലേക്ക് തന്നെ വെടിവെച്ചതും അടുത്ത ദിവസം പറയാം.

വിമര്‍ശകനും സ്വതന്ത്ര എഴുത്തുകാരനുമായ അന്‍ജാന്‍ ബസു ഒരു വാണിജ്യ ബാങ്കില്‍ മൂന്ന് പതിറ്റാണ്ടോളം ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

(തുടരും)

 

Comments

comments

Categories: FK Special, Slider