സൗദിയിലേക്കുള്ള വികസനത്തിന് ഫസ്റ്റ് അബുദാബി ബാങ്കിന് അനുമതി

സൗദിയിലേക്കുള്ള വികസനത്തിന് ഫസ്റ്റ് അബുദാബി ബാങ്കിന് അനുമതി

യുഇയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് ഫസ്റ്റ് അബുദാബി ബാങ്ക്

റിയാദ്: യുഎഇയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി) സൗദി അറേബ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സൗദിയിലേക്കുള്ള വികസനത്തിനായി എഫ്എബിക്ക് സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യത്ത് കൊമേഴ്‌സ്യല്‍ ബാങ്കിംഗ് ബിസിനസിനുള്ള ലൈസന്‍സാണ് ഫസ്റ്റ് അബുദാബി ബാങ്കിന് ലഭിച്ചിരിക്കുന്നത്.

സാമ്പത്തിക പരിഷ്‌കരണ പ്രക്രിയകളിലൂടെ കടന്ന് പോകുന്ന സൗദിയില്‍ വലിയ ബിസിനസ് സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലൈസന്‍സ് പ്രകാരം എഫ്എബിക്ക് സൗദിയില്‍ വിവിധയിടങ്ങളിലായി മൂന്ന് ശാഖകള്‍ വരെ തുടങ്ങുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സബ്‌സിഡിയറി ആരംഭിക്കാന്‍ നേരത്തെ എഫ്എബിക്ക് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. എഫ്എബി ഇന്‍വെസ്റ്റ്‌മെന്റ് കെഎസ്എ എന്ന പേരിലായിരുന്നു ആ സംരംഭത്തിന് തുടക്കം കുറിച്ചത്.

എഫ്എബിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണിത്. ഞങ്ങളുടെ ആഗോള നയപരിപാടികള്‍ നടപ്പാക്കുന്നതിലെ പ്രധാനപ്പെട്ട ചവിട്ടുപടിയായി ഇത് മാറും-ഫസ്റ്റ് അബുദാബി ബാങ്ക് ചെയര്‍മാന്‍ ഷേഖ് തഹ്‌നൂന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍

ഞങ്ങളുടെ കോര്‍പ്പറേറ്റ്, പേഴ്‌സണല്‍ ബാങ്കിംഗ് സേവനങ്ങള്‍ സൗദിയിലേക്കും വ്യാപിപ്പിക്കാനുള്ള അനുമതി ലഭിച്ചതില്‍ അതീവസന്തോഷമുണ്ട്. എഫ്എബിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണിത്. ഞങ്ങളുടെ ആഗോള നയപരിപാടികള്‍ നടപ്പാക്കുന്നതിലെ പ്രധാനപ്പെട്ട ചവിട്ടുപടിയായി ഇത് മാറും-ഫസ്റ്റ് അബുദാബി ബാങ്ക് ചെയര്‍മാന്‍ ഷേഖ് തഹ്‌നൂന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ഞങ്ങളുടെ അടുത്ത ഘട്ട വളര്‍ച്ചയിലൂടെ കടന്നു പോകുകയാണ്. അതില്‍ സൗദി നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ഉപഭോക്താക്കള്‍ പുതിയ അവസരങ്ങള്‍ തുറന്നിടുന്നതാകും ഞങ്ങളുടെ പ്രവര്‍ത്തനം. അത് സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയിലും സൗദി അറേബ്യയുടെ മാറ്റത്തിലും മുഖ്യ പങ്ക് വഹിക്കും. മാത്രമല്ല യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുകയും ചെയ്യും-തനൂന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

എഫ്എബി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അതിഗംഭീരമായ മുന്നേറ്റമാണിത്. മേഖലയിലെ വിപണിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇത് ഞങ്ങളെ സഹായിക്കും-എഫ്എബി ഗ്രൂപ്പ് സിഇഒ അബ്ദുള്‍ഹമീദ് സയിദ് പറഞ്ഞു. ഞങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലേക്ക് പ്രധാനപ്പെട്ട സംഭാവന നല്‍കാന്‍ സൗദിയിലെ അരങ്ങേറ്റം സഹായിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia