ഒറ്റ ദിവസം പോലീസ് ഓഫീസറായി ഏഴ് വയസുകാരന്‍

ഒറ്റ ദിവസം പോലീസ് ഓഫീസറായി ഏഴ് വയസുകാരന്‍

കാന്‍സര്‍ ബാധിതനായ ഏഴ് വയസുകാരന്റെ ജീവിതാഭിലാഷം സഫലമാക്കിയിരിക്കുകയാണ് മുംബൈയിലെ മുലുന്ദ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍

ആശിഷ് അര്‍പിത് മൊണ്ടാലിന് വയസ് എഴ് മാത്രം. ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഔദ്യോഗിക കസേരയില്‍ ഇരുന്ന് ഫയല്‍ നോക്കാനുള്ള അവന്റെ ചിരകാല മോഹം ഇതിനോടകം പൂവണിഞ്ഞിരിക്കുന്നു. സംഭവം സിനിമയിലല്ല, മുംബൈയിലെ മുലുന്ദ് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കാഴ്ചയാണിത്.

പ്രായം വളരെ കുറവാണെങ്കിലും ആശിഷിന്റെ മനസില്‍ ചെറുപ്പം മുതല്‍ കടന്നു കൂടിയതാണ് മുംബൈ പോലീസില്‍ ഒരു ഇന്‍സ്‌പെക്ടര്‍ ആവുക എന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, കഴിഞ്ഞ ഒക്‌റ്റോബറില്‍ ആശിഷിന് ബ്രെയിന്‍ കാന്‍സര്‍ ബാധിച്ചതായി ഡോക്റ്റര്‍മാര്‍ വിധിയെഴുതി. അവന്റെ മുഖത്ത് മാസങ്ങളായി നഷ്ടമായ ആ ചിരി കഴിഞ്ഞ ദിവസം മുംബൈ പോലീസിന്റെ സുമനസില്‍ തിരികെ നല്‍കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആശിഷിന്റെ മാതാപിതാക്കള്‍. ഒപ്പം മേക്ക് എ വിഷ് ഫൗണ്ടേഷനിലെ അംഗങ്ങളും.

മാരകരോഗങ്ങളുമായി ജീവന് ഭീഷണി നേരിടുന്ന കുട്ടികളുടെ ആഗ്രഹ സാഫല്യത്തിനായി പ്രയത്‌നിക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് മേക്ക് എ വിഷ് ഫൗണ്ടേഷന്‍. ആശിഷിന്റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുത്തതും ഇവര്‍ തന്നെ. മുംബൈ പോലീസ് ഈ കുട്ടിയുടെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം മാറ്റിവെച്ചു എന്നതാണ് അതിലേറെ അഭിനന്ദനം അര്‍ഹിക്കുന്ന വിഷയം. മുംബൈ പോലീസിന്റെ ഔദ്യോഗിക ടിറ്റ്വര്‍ എക്കൗണ്ടിലൂടെയാണ് ആശിഷ് പോലീസ് തൊപ്പി വെച്ച് യൂണിഫോമില്‍ നിറഞ്ഞ ചിരിയോടെ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ”കാന്‍സര്‍ ബാധിതനായിട്ടും ഭയമില്ലാത്ത ഇവന്‍ തീര്‍ച്ചയായും പോലീസ് സ്‌റ്റേഷനില്‍ ഇരിക്കേണ്ടവന്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ കസേരയില്‍ ഇരിക്കാന്‍ മാത്രമല്ല, ആ ദിവസത്തെ ചില രജിസ്റ്ററുകള്‍ നോക്കാനും അശീഷിനെ പോലീസ് അനുവദിച്ചിരുന്നു.

മുംബൈ പോലീസിന്റെ ഔദ്യോഗിക ടിറ്റ്വര്‍ എക്കൗണ്ടിലൂടെയാണ് ആശിഷ് പോലീസ് തൊപ്പി വെച്ച് യൂണിഫോമില്‍ നിറഞ്ഞ ചിരിയോടെ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ കസേരയില്‍ ഇരിക്കാന്‍ മാത്രമല്ല, ആ ദിവസത്തെ ചില രജിസ്റ്ററുകള്‍ നോക്കാനും അശീഷിനെ പോലീസ് അനുവദിച്ചിരുന്നു

”ഒരു ദിവസം പോലീസ് ഓഫീസറായതോടെ ആശിഷ് വളരെ സന്തോഷവാനാണ്. അവന്റെ സന്തോഷം കണ്ട ഞങ്ങളുടെ സന്തോഷവും പറഞ്ഞറിയിക്കാനാവില്ല”, മുലുന്ദ് പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

മാരക രോഗങ്ങളുള്ള കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുന്ന ഇത്തരം ഉദ്യമങ്ങള്‍ മുംബൈ പോലീസില്‍ ആദ്യ സംഭവമല്ല. 2015ല്‍ ഈവിംഗ് സര്‍കോമ എന്ന അസ്ഥികളെ മാരകമായി ബാധിക്കുന്ന കാന്‍സര്‍ രോഗം ബാധിച്ച മെഹക് എന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ മുമ്പ് പോലീസ് വേഷം ധരിച്ചത്. ഭോയിവാഡ പോലീസ് സ്‌റ്റേഷനില്‍ മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടറായി ചാര്‍ജ് ഏറ്റെടുത്ത ഈ ഏഴ് വയസുകാരിക്ക് അവള്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് തിരികെ പോകും മുമ്പായി ലഭിച്ച ഏറ്റവും നല്ല വാലന്റൈന്‍ ദിന സമ്മാനമായിരുന്നു മുംബൈ പോലീസ് ഒരുക്കിയ ആ പദവി. വനിതാ ഇന്‍സ്‌പെക്ടറുടെ വേഷം ധരിച്ച മെഹക് അന്ന് സ്റ്റേഷനില്‍ ചാര്‍ജ് ഏറ്റെടുക്കും മുമ്പായി ദാദര്‍- പരേല്‍ പ്രദേശത്ത് പട്രോളിംഗും നടത്തിയിരുന്നു.

പോലീസുകാരാണെങ്കിലും അവരിലും നല്ലൊരു ഹൃദയവും ചിന്താഗതിയുമുണ്ടെന്നു കാണിക്കുന്ന ഇത്തരം നടപടികളിലൂടെ മുംബൈ പോലീസ് ജനഹൃദയങ്ങളില്‍ കൂടുതല്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. യൂണിഫോമിട്ട പുരുഷ, വനിതാ പോലീസുകാര്‍ എത്ര പരുഷമായി പെരുമാറിയാലും രോഗബാധിതരായ കുഞ്ഞു മനസുകളുടെ ആഗ്രഹം സാധിക്കാന്‍ ഉന്നത ഔദ്യോഗിക പദവികളില്‍പോലും ഇത്തരം ചില മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്.

Comments

comments

Categories: FK Special, Slider