വോള്‍വോ എക്‌സ്‌സി 60 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍

വോള്‍വോ എക്‌സ്‌സി 60 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം എസ്‌യുവി നേടുന്നത്

ന്യൂയോര്‍ക് : ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വോള്‍വോ എക്‌സ്‌സി 60 സ്വന്തമാക്കി. റേഞ്ച് റോവര്‍ വെലാര്‍, മസ്ദ സിഎക്‌സ്-5 എസ്‌യുവികളെ പിന്തള്ളിയാണ് വോള്‍വോ എക്‌സ്‌സി 60 യുടെ കിരീടധാരണം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്നത്. 2017 ല്‍ ജാഗ്വാര്‍ എഫ്-പേസിനായിരുന്നു അവാര്‍ഡ്.

വേള്‍ഡ് കാര്‍ ഡിസൈന്‍ വിഭാഗത്തിലും എസ്‌യുവി തെരഞ്ഞെടുക്കപ്പെട്ടു. ലെക്‌സസ് എല്‍സി 500, വോള്‍വോ എക്‌സ്‌സി 60 എന്നിവയെ മറികടന്ന് റേഞ്ച് റോവര്‍ വെലാറാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ന്യൂയോര്‍ക് ഓട്ടോ ഷോയിലാണ് എല്ലാ വിഭാഗം അവാര്‍ഡുകളും പ്രഖ്യാപിച്ചത്.

വേള്‍ഡ് ഗ്രീന്‍ കാര്‍ വിഭാഗത്തില്‍ നിസ്സാന്‍ ലീഫ് അവാര്‍ഡ് കരസ്ഥമാക്കി. ബിഎംഡബ്ല്യു 530ഇ ഐപെര്‍ഫോമന്‍സ്, ക്രൈസ്‌ലര്‍ പസിഫിക്ക ഹൈബ്രിഡ് എന്നിവ പിന്നിലായി. ലോകത്തെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് വാഹനമാണ് നിസ്സാന്‍ ലീഫ്. ആഗോളതലത്തില്‍ ഏകദേശം 2.80 ലക്ഷം യൂണിറ്റ് നിസ്സാന്‍ ലീഫ് ഇതുവരെ വിറ്റഴിച്ചു. പുതു തലമുറ ലീഫ് വിജയക്കുതിപ്പ് തുടരുമെന്നാണ് നിസ്സാന്‍ പ്രതീക്ഷിക്കുന്നത്.

വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ബിഎംഡബ്ല്യു എം5 സ്വന്തമാക്കി. ഹോണ്ട സിവിക് ടൈപ്പ് ആര്‍, ലെക്‌സസ് എല്‍സി 500 എന്നീ ഫൈനലിസ്റ്റുകള്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് പുരസ്‌കാര നേട്ടം. ഇതുവരെയുള്ള ഏറ്റവും വേഗമേറിയതും സാങ്കേതികപരമായി ഏറ്റവും മികവ് പുലര്‍ത്തുന്നതുമായ എം വാഹനമാണ് ആറാം തലമുറ ബിഎംഡബ്ല്യു എം5. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 3.4 സെക്കന്‍ഡ് മതി.

ആഡംബര വിഭാഗത്തില്‍ പുതു തലമുറ ഔഡി എ8 ന്റേതായിരുന്നു അവസാന ചിരി. പോര്‍ഷെയുടെ രണ്ട് കാറുകളാണ് പിന്നിലായിപ്പോയത്. പുതിയ കയേനും പനമേരയും. സാങ്കേതികപരമായി ഏറ്റവും മികച്ച എക്കാലത്തെയും ഔഡി കാറാണ് എ8. ലെവല്‍ 3 ഓട്ടോണമസ് ഫംഗ്ഷന്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക് ഓട്ടോ ഷോയിലാണ് എല്ലാ വിഭാഗം അവാര്‍ഡുകളും പ്രഖ്യാപിച്ചത്

വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തില്‍ പുതു തലമുറ ഫോക്‌സ്‌വാഗണ്‍ പോളോ പുരസ്‌കാരം നേടി. ഫോഡ് ഫിയസ്റ്റ, സുസുകി സ്വിഫ്റ്റ് എന്നീ ഫൈനലിസ്റ്റുകള്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാനായില്ല. മുന്‍ പോളോയേക്കാള്‍ ശാരീരിക അളവുകളില്‍ വലുതാണ് ആറാം തലമുറ പോളോ.

Comments

comments

Categories: Auto