ടൊയോട്ടയും സുസുകിയും ഇന്ത്യയില്‍ കാറുകള്‍ കൈമാറും

ടൊയോട്ടയും സുസുകിയും ഇന്ത്യയില്‍ കാറുകള്‍ കൈമാറും

ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ ടൊയോട്ടയും കൊറോള സെഡാന്‍ സുസുകിയും വില്‍ക്കും

ന്യൂഡെല്‍ഹി : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഇന്ത്യയില്‍ പരസ്പരം കാറുകള്‍ വിതരണം ചെയ്യും. ഇതുസംബന്ധിച്ച് ഇരു കമ്പനികളും കരാറിലെത്തി. ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ സുസുകി ടൊയോട്ടയ്ക്ക് കൈമാറുമ്പോള്‍ പകരം കൊറോള സെഡാന്‍ ടൊയോട്ട സുസുകിക്ക് നല്‍കും. കാറുകളുടെ പരസ്പര വിതരണം എപ്പോള്‍ ആരംഭിക്കണം, എത്ര യൂണിറ്റ് കാറുകള്‍ പരസ്പരം നല്‍കണം, വാഹനങ്ങളുടെ സ്‌പെസിഫിക്കേഷനുകള്‍, വിതരണ വില എന്നിവ പിന്നീട് തീരുമാനിക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

ടൊയോട്ടയുടെയും സുസുകിയുടെയും ഇന്ത്യന്‍ അനുബന്ധ കമ്പനികളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, മാരുതി സുസുകി എന്നിവയായിരിക്കും പരസ്പരം കാറുകള്‍ വില്‍ക്കുന്നത്. അതാത് കമ്പനികള്‍ സ്വന്തം വില്‍പ്പന ശൃംഖല വഴി കാറുകള്‍ വിപണിയില്‍ വില്‍ക്കും. പരസ്പരം വളരുകയാണ് ലക്ഷ്യമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് പരമാവധി വാഹനഘടകങ്ങള്‍ പ്രാദേശികമായി സംഭരിക്കും

കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് ഇരു കമ്പനികളും പരമാവധി വാഹനഘടകങ്ങള്‍ പ്രാദേശികമായി സംഭരിക്കും. ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തില്‍ ഇരു കമ്പനികളും ഇന്ത്യയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. 2017 ഫെബ്രുവരി 6 നാണ് രണ്ട് ജാപ്പനീസ് കമ്പനികളും ഇന്ത്യയില്‍ പങ്കാളിത്തം സ്ഥാപിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് 2017 നവംബര്‍ 7 ന് ഇരു കമ്പനികളും പ്രഖ്യാപിച്ചു.

Comments

comments

Categories: Auto