പ്രശ്‌നം കുറച്ച് ആഴമേറിയത്

പ്രശ്‌നം കുറച്ച് ആഴമേറിയത്

ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപുകള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഓരോ ദിവസം കഴിയുന്തോറും ബോധ്യമാവുകയാണ്. ഇതിന് പരിഹാരം ആര്‍ബിഐ എടുക്കുന്ന നയങ്ങളോടൊപ്പം തന്നെ ഇന്റേണല്‍ ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കുക കൂടിയാണ്

നിരവ് മോദി അതിവിദഗ്ധമായി നടത്തിയ വമ്പന്‍ തട്ടിപ്പിന്റെ ആഘാതം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. അതിലുപരി ഓരോ ദിവസം കഴിയുന്തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പുതിയ തലത്തിലുള്ള ബാങ്കിംഗ് തട്ടിപ്പുകളാണ്. വിവിധ ബാങ്കുകളെ കേന്ദ്രീകരിച്ച് സമാനമായ രീതിയില്‍ പലരും വായ്പാ തട്ടിപ്പുകള്‍ നടത്തിയതായിട്ടുള്ള വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. ഏറ്റവും ഒടുവിലായി ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ഐഡിബിഐയുടെ എട്ട് ബാങ്കുകളില്‍ നിന്നുള്ള 772 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ്. ഇല്ലാത്ത ഫിഷ് പോണ്ടുകളുടെ പേരിലാണ് അവിടെ തട്ടിപ്പ് നടന്നത്.

നിരവ് മോദിയുടെയും വിജയ് മല്ല്യയുടെയും ഒന്നും തട്ടിപ്പുകേസുകള്‍ ഒറ്റപ്പെട്ട സംഭവമല്ല. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവര്‍ക്ക് എങ്ങനെ വന്‍തുക വായ്പ ലഭ്യമാകുന്നു എന്നത് ഇനിയെങ്കിലും കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ആര്‍ബിഐ നയങ്ങളില്‍ മാറ്റം വരുത്തിയതുകൊണ്ടു മാത്രം ഇത്തരം തട്ടിപ്പുകള്‍ ഇനി നടക്കാതിരിക്കില്ല. ബാങ്ക് ശേഖകളെ കേന്ദ്രീകരിച്ചുള്ള ആഭ്യന്തര നിയന്ത്രണങ്ങളും ഓഡിറ്റിംഗും ശക്തമാകണം. ഒപ്പം ആവര്‍ത്തിച്ച് പറയുന്നതുപോലെ വായ്പ കൊടുക്കുന്നത് രാഷ്ട്രീയമോ, ബിസിനസ്പരമോ ആയ സ്വാധീനത്തിന്റെ ബലത്തിലാകുകയുമരുത്. കാര്‍ഷിക വായ്പ എഴുതിതള്ളുന്നത് നമ്മുടെ ക്രെഡിറ്റ് സംസ്‌കാരത്തെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സാധാരണ പറയാറുള്ളത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുന്ന ആ നാടകങ്ങള്‍ വായ്പാ സംസ്‌കാരത്തെ ബാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളൊട്ട് പരിഹരിക്കപ്പെടുകയുമില്ല. എന്നാല്‍ അതിനെ മാത്രം വിമര്‍ശിച്ചിട്ട് എന്ത് കാര്യം. കണക്കറ്റ തുകയുടെ തട്ടിപ്പ് നടത്തി വന്‍കിട ബിസിനസുകാര്‍ സ്വതന്ത്രമായി വ്യഹരിക്കുമ്പോള്‍ കാര്‍ഷിക വായ്പ എഴുതി തള്ളുന്നതിനെ എങ്ങനെ വിമര്‍ശിക്കാനാകും. ആദ്യം മല്ല്യയും നിരവ് മോദിയും തട്ടിച്ചുകൊണ്ടുപോയ തുക കൊണ്ടുവാ, എന്നിട്ടാകാം കര്‍ഷകരുടെ കാര്യം എന്ന് ചിന്തിക്കുന്നതിനെ പഴി പറഞ്ഞിട്ടോ വിമര്‍ശിച്ചിട്ടോ കാര്യമില്ല.

പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ കാര്യശേഷിയില്ലായ്മ തന്നെയാണ് ഇതിന് പ്രധാന കാരണം. അതിനെ പൂര്‍ണമായും രാഷ്ട്രീയമുക്തമാക്കി, പ്രൊഫഷണലിസം നടപ്പാക്കിയാല്‍ മാത്രമേ ഈ തട്ടിപ്പുകള്‍ക്ക് വിരാമമാകൂ.

50 കോടി രൂപയ്ക്ക് മുകളില്‍ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹം തന്നെയാണ്. തട്ടിപ്പുകാര്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ ഇത് കുറച്ചെങ്കിലും സഹായിക്കും. യഥാസമയത്ത് തട്ടിപ്പുകാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കാനും അവരുടെ രക്ഷപ്പെടല്‍ തടയാനും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കിന്റെ കൈവശമുള്ളത് സഹായിക്കും.

ഇന്ത്യയുടെ ബാങ്കിംഗ് രംഗം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനെ ക്രിയാത്മകമായ നേരിട്ടാല്‍ മാത്രമേ അതിജീവിക്കാന്‍ സാധ്യമാകൂ. സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണ് ബാങ്കിംഗ്. അവിടെ പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ അത് സമൂഹത്തെയാകെ ബാധിക്കും. ആ ബോധ്യത്തോടെ വേണം പരിഹാരം കണ്ടെത്താന്‍. ബാങ്കിംഗിലെ നിക്ഷേപത്തില്‍ കാര്യമില്ലെന്ന പൊതുവികാരം ഉടലെടുത്താല്‍ നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെടും. അത് വീണ്ടെടുക്കാന്‍ വലിയ പ്രയാസമായിരിക്കും. സിസ്റ്റമാറ്റിക് ആയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ. അതിനെ നേരത്തെ പറഞ്ഞ പോലെ ആദ്യം ചെയ്യേണ്ടത് ബാങ്കിംഗില്‍ സ്വതന്ത്രമായ രീതിയില്‍ പ്രൊഫഷണല്‍വല്‍ക്കരണം നടപ്പാക്കുകയാണ്. വീഴ്ച്ചകള്‍ക്ക് ഓരോരുത്തരും എക്കൗണ്ടബിള്‍ ആകുകയും വേണം.

Comments

comments

Categories: Editorial, Slider