2017-18 : മാരുതി സുസുകി നേടിയത് 13.4 ശതമാനം വില്‍പ്പന വളര്‍ച്ച

2017-18 : മാരുതി സുസുകി നേടിയത് 13.4 ശതമാനം വില്‍പ്പന വളര്‍ച്ച

ഡിസയര്‍, സ്വിഫ്റ്റ് എന്നീ രണ്ട് പുതു തലമുറ കാറുകളോടാണ് മാരുതി സുസുകി നന്ദി പറയുന്നത്

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് നേടിയത് 13.4 ശതമാനം വില്‍പ്പന വളര്‍ച്ച. 2017 ഏപ്രില്‍-2018 മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ 17,79,574 യൂണിറ്റ് കാറുകളാണ് മാരുതി സുസുകി വിറ്റത്. എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം. ആഭ്യന്തര വില്‍പ്പന 16,53,500 യൂണിറ്റാണ്. എക്കാലത്തെയും വലിയ വില്‍പ്പന. 1,26,074 കാറുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വളര്‍ച്ച കരസ്ഥമാക്കാന്‍ മാരുതി സുസുകിക്ക് കഴിഞ്ഞു. ആഭ്യന്തര വിപണിയില്‍ മാത്രം 14.5 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്. ഡിസയര്‍, സ്വിഫ്റ്റ് എന്നീ രണ്ട് പുതു തലമുറ കാറുകളോടാണ് മാരുതി സുസുകി ഇക്കാര്യത്തില്‍ നന്ദി പറയുന്നത്.

2018 മാര്‍ച്ച് മാസത്തില്‍ മാത്രം 1,60,598 കാറുകള്‍ മാരുതി സുസുകി വിറ്റു. ഇന്ത്യന്‍ വിപണിയില്‍ 1,48,582 യൂണിറ്റ് കാറുകള്‍ വിറ്റപ്പോള്‍ 12,016 കാറുകള്‍ കയറ്റുമതി ചെയ്തു. 2017 മാര്‍ച്ചില്‍ 1,39,763 യൂണിറ്റ് കാറുകള്‍ മാത്രമാണ് വിറ്റിരുന്നത്.

അതേസമയം, മിനി സെഗ്‌മെന്റ് കാറുകളെന്ന് മാരുതി സുസുകി വിളിക്കുന്ന ആള്‍ട്ടോ, വാഗണ്‍ആര്‍ എന്നീ എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു. 2016-17 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18 ല്‍ കേവലം 3.2 ശതമാനം വളര്‍ച്ച നേടാന്‍ മാത്രമേ ഈ സെഗ്‌മെന്റിന് കഴിഞ്ഞുള്ളൂ.

ഹോണ്ട സിറ്റി, ന്യൂ-ജെന്‍ ഹ്യുണ്ടായ് വെര്‍ണ, പുറത്തിറങ്ങാനിരിക്കുന്ന ടൊയോട്ട യാരിസ് ഉള്‍പ്പെടുന്ന സെഗ്‌മെന്റില്‍ സിയാസ് വില്‍പ്പനയില്‍ 8.6 ശതമാനം ഇടിവ്

ഡിസയര്‍, സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ, പുതിയ എസ്-ക്രോസ് എന്നീ കാറുകള്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ കോംപാക്റ്റ്, യൂട്ടിലിറ്റി സെഗ്‌മെന്റില്‍ മാരുതി സുസുകി ആധിപത്യം തുടര്‍ന്നു. 2017 മാര്‍ച്ച് മാസത്തേക്കാള്‍ 2018 മാര്‍ച്ചില്‍ സിയാസിന്റെ വില്‍പ്പനയില്‍ 12.1 ശതമാനം ഇടിവാണ് സംഭവിച്ചത്. വിറ്റുപോയത് 4,321 മാരുതി സുസുകി സിയാസ് മാത്രം. 2017-18 സാമ്പത്തിക വര്‍ത്തില്‍ സിയാസിന്റെ വില്‍പ്പനയില്‍ 8.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോണ്ട സിറ്റി, ന്യൂ-ജെന്‍ ഹ്യുണ്ടായ് വെര്‍ണ, പുറത്തിറങ്ങാനിരിക്കുന്ന ടൊയോട്ട യാരിസ് എന്നിവ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടയിലും മാസം തോറും ശരാശരി 4,000 യൂണിറ്റ് സിയാസ് വിറ്റുപോകുന്നുണ്ട്.

Comments

comments

Categories: Auto