കിംകോ 2021 ല്‍ ഇന്ത്യയിലെത്തും

കിംകോ 2021 ല്‍ ഇന്ത്യയിലെത്തും

തായ്‌വാനിലെ ഏറ്റവും വലിയ ഇരുചക്രവാഹന ബ്രാന്‍ഡാണ് ക്വാങ്ങ് യാങ് മോട്ടോര്‍ കമ്പനി അഥവാ കിംകോ

ന്യൂഡെല്‍ഹി : തായ്‌വാന്‍ കമ്പനിയായ കിംകോ 2021 ഓടെ ഇന്ത്യയില്‍ സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കും. തായ്‌വാനിലെ ഏറ്റവും വലിയ ഇരുചക്രവാഹന ബ്രാന്‍ഡാണ് ക്വാങ്ങ് യാങ് മോട്ടോര്‍ കമ്പനി അഥവാ കിംകോ. തെക്കുകിഴക്കനേഷ്യയില്‍ പ്രശസ്തമായ ബ്രാന്‍ഡാണ് കിംകോ. യൂറോപ്പിലെ നാലാമത്ത വലിയ സ്‌കൂട്ടര്‍ ബ്രാന്‍ഡും സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യവുമാണ് കിംകോ. കമ്പനി ഈയിടെ അയോണെക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തിരുന്നു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് കിംകോ ചെയര്‍മാന്‍ അലന്‍ കോ പ്രഖ്യാപിച്ചു. ഇന്ത്യയിലെത്തുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പരിണനയിലുള്ള വിഷയമാണെന്ന് കോ പറഞ്ഞു. ഇന്ത്യയിലെ ഇരുചക്രവാഹന നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് പലപ്പോഴായി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതാണ് ഉചിതമായ സമയമെന്ന് അലന്‍ കോ വ്യക്തമാക്കി. ഇന്ത്യയില്‍ പാര്‍ട്ണറെ കണ്ടെത്തുന്നതിനാണ് കമ്പനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അനുയോജ്യമായ പാര്‍ട്ണറെ ലഭിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ പ്രീമിയം സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുന്നതിനാണ് കമ്പനി താല്‍പ്പര്യപ്പെടുന്നത്. ഇതില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും മാക്‌സി സ്‌കൂട്ടറുകളും ഉള്‍പ്പെടും. ആഗോളതലത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അയോണെക്‌സ് സീരീസില്‍ പത്ത് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കും. 2021 ഓടെ അഞ്ച് ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയെന്നതും കിംകോയുടെ ലക്ഷ്യമാണ്.

ഇന്ത്യയില്‍ പാര്‍ട്ണറെ കണ്ടെത്തുന്നതിനാണ് കമ്പനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്

നിരവധി പ്രീമിയം 125 സിസി സ്‌കൂട്ടറുകളും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് 125 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന എക്‌സ്-ടൗണ്‍ 125ഐ എന്ന ഫുള്‍-സൈസ് മാക്‌സി സ്‌കൂട്ടറും ഉള്‍പ്പെടുന്നതാണ് നിലവില്‍ കിംകോയുടെ വാഹന നിര. ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ വാഹനം സിബിയു രീതിയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണോ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുമെന്നോ വ്യക്തമല്ല.

Comments

comments

Categories: Auto