കെവൈസി നിര്‍ബന്ധമാക്കല്‍ 45 ശതമാനം ഉപയോക്താക്കളെ വാലറ്റ് കമ്പനികള്‍ക്ക് നഷ്ടമായി

കെവൈസി നിര്‍ബന്ധമാക്കല്‍ 45 ശതമാനം ഉപയോക്താക്കളെ വാലറ്റ് കമ്പനികള്‍ക്ക് നഷ്ടമായി

ഫെബ്രുവരിയില്‍ ഇത് 36.5 ബില്യണ്‍ രൂപയുടെ ഇടപാടുകളാണ് വാലറ്റുകള്‍ വഴി നടന്നത്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നയത്തിനു ശേഷം അത്യധികം ആവേശത്തോടെ മുന്നേറിയ ഫിന്‍ടെക് കമ്പനികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധി അഭിമുഖീകരിക്കുന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

കേന്ദ്ര ബാങ്കില്‍ നിന്നുള്ള പിപിഐ (പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ്) സംബന്ധിച്ച വിവരങ്ങള്‍ അനുസരിച്ച് ജനുവരിയില്‍ 38.3 ബില്യണ്‍ രൂപയുടെ ഇടപാടുകളാണ് മൊബീല്‍ വാലറ്റുകള്‍ വഴി രാജ്യത്ത് നടന്നിട്ടുള്ളത്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 36.5 ബില്യണ്‍ രൂപയായി കുറഞ്ഞു. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മൊബീല്‍ വാലറ്റ് ഇടപാടുകളുടെ മൂല്യം വീണ്ടും കുറയുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവരുടെ വിലയിരുത്തല്‍. ഫെബ്രുവരി 28നു ശേഷം നിരവധി ഉപയോക്താക്കള്‍ മൊബീല്‍ വാലറ്റുകളുടെ ഉപയോഗം നിര്‍ത്തിയതാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് മൊബീല്‍ വാലറ്റ് കമ്പനികള്‍ക്ക് കേന്ദ്ര ബാങ്ക് അനുവദിച്ചിരുന്ന സമയപരിധി ഫെബ്രുവരി 28 വരെയായിരുന്നു. ചെറിയ ഇടപാടുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്നു പൂര്‍ണമായ കെവൈസി സ്വീകരിക്കണമെന്നത് വാലറ്റ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ പ്രതിനിധി സംഘടനയായ പേമെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കെവൈസി സംബന്ധിച്ച നിര്‍ദേശത്തില്‍ കേന്ദ്ര ബാങ്ക് യാതൊരു ഇളവും അനുവദിച്ചിട്ടില്ല.

കെവൈസി നിര്‍ബന്ധമാക്കിയതോടെ 45 ശതമാനത്തോളം ഉപയോക്താക്കളെയാണ് മൊബീല്‍ വാലറ്റ് കമ്പനികള്‍ക്ക് നഷ്ടമായതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. പേടിഎം, ആമസോണ്‍ പേ, ഫോണ്‍ പേ, മൊബീക്വിക്ക് തുടങ്ങിയ കമ്പനികള്‍ മൊത്തമായി ഉപയോക്താക്കളുടെ കെവൈസി ആധികാരികത ഉറപ്പാക്കുന്നതിനായി ഒരു ബില്യണ്‍ ഡോളറോളം ചെലവഴിച്ചു. ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിന് വമ്പന്‍ കാഷ് ബാക്ക് ഓഫറുകള്‍ ഉള്‍പ്പടെ പ്രഖ്യാപിച്ചിട്ടും ഒന്നും ഫലം ചെയ്യുന്നില്ലെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തന്നു.

വരുമാനം ഇനിയും കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് മൊബീല്‍ വാലറ്റ് കമ്പനികള്‍ മറ്റ് ബിസിനസുകളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രധാന വരുമാന സ്രോതസായി വാലറ്റുകളെ ആശ്രയിക്കുന്ന നിരവധി ഫിന്‍ടെക് കമ്പനികള്‍ ഈ ബിസിനസില്‍ നിന്നും പൂര്‍ണമായി പിന്മാറാനോ അല്ലെങ്കില്‍ മറ്റ് ബിസിനസുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനോ ശ്രമിക്കുന്നതായാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: More