1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

പെട്രോകെമിക്കല്‍ ഉല്‍പ്പാദനവും വിപൂലീകരിക്കും

ന്യൂഡെല്‍ഹി: റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കുന്നതിന് 1.43 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് (ഐഒസി). 2030ഓടെ കമ്പനിയുടെ റിഫൈനിംഗ് ശേഷി 150 മില്യണ്‍ ടണ്ണായി ഉയര്‍ത്താനും പെട്രോകെമിക്കല്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നിക്ഷേപത്തിലൂടെ ഐഒസി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് ഐഒസി.

രാജ്യത്തെ ഇന്ധന ആവശ്യകത 2040ഓടെ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു റിഫൈനിംഗ് കമ്പനി എന്ന നിലയ്ക്ക് മാത്രം ഒതുങ്ങാന്‍ ഐഒസിക്ക് താല്‍പ്പര്യമില്ലെന്നും അതുകൊണ്ടാണ് പെട്രോകെമിക്കല്‍ ഉല്‍പ്പാദനത്തിലേക്കും ബദല്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനത്തിലേക്കും കമ്പനി കടന്നിരിക്കുന്നതെന്നും ഐഒസി റിഫൈനറി വിഭാഗം ഡയറക്റ്റര്‍ ബി വി രാമഗോപാല്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 റിഫൈനറികളില്‍ 11 എണ്ണം ഐഒസിയുടെ ഉടമസ്ഥതയിലാണ്. പ്രതിവര്‍ഷം 80.7 മില്യണ്‍ ടണ്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിയുടെ റിഫൈനറികള്‍ക്കുള്ളത്. യൂറോ 6 നിലവാരത്തിലുള്ള പെട്രോളും ഡീസലും ഉല്‍പ്പാദിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറികളുടെ നിലവാരം ഉയര്‍ത്തുന്നതിന് 16,628 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്. 2020ഓടെ ഈ നിക്ഷേപം പൂര്‍ത്തിയാകും. നിലവില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറികളില്‍ ഉല്‍പ്പാദിപ്പിക്കുന്നത് യൂറോ 4 നിലവാരത്തിലുള്ള ഇന്ധനമാണ്.

ഇതിനുപുറമെ പെട്രോകെമിക്കല്‍ പദ്ധതികളുടെ വിപുലീകരണത്തിനായി 15,600 കോടി രൂപയുടെയും റിഫൈനറികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് 74,600 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തുന്നുണ്ട്. 36,500 കോടി രൂപയുടെ മറ്റൊരു പ്രൊജക്റ്റും കമ്പനിയുടെ പരിഗണനയിലുണ്ട്. ഈ പദ്ധതിക്ക് ഇതുവരെ ഐഒസി ഉന്നതതലസമിതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് ബി വി രാമ ഗോപാല്‍ അറിയിച്ചു. ഇന്ത്യയുടെ നിലവിലെ റിഫൈനിംഗ് ശേഷി പ്രതിവര്‍ഷം 247.6 മില്യണ്‍ ടണ്‍ ആണ്. രാജ്യത്തെ ഇന്ധന ഉപഭോഗത്തേക്കാള്‍ മുന്നിലാണ് ഉല്‍പ്പാദനം. പക്ഷെ, ഇന്ധന ആവശ്യകതയില്‍ 3.5-4 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചയാണുള്ളത്. വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകത നിറവേറ്റുന്നതിന് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ബി വി രാമ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy