മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം: ഐസിഎ

മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം: ഐസിഎ

ന്യൂഡെല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബീല്‍ ഫോണ്‍ നിര്‍മിക്കുന്ന രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ (ഐസിഎ). മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ ഇടംപിടിച്ചിട്ടുള്ളത്. ഐസിഎ നാഷണല്‍ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രു കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി മനോജ് സിന്‍ഹയ്ക്കും ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനും അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെയും ഐസിഎയുടെയും എഫ്ടിടിഎഫിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ രണ്ടാമതെത്താന്‍ ഇന്ത്യക്ക് സാധിച്ചതായി ഐസിഎ കത്തില്‍ പറയുന്നു.

വിപണി ഗവേഷണ സംരംഭമായ ഐഎച്ച്എസില്‍ നിന്നും ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നും വിയറ്റ്‌നാം ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ ആധാരമാക്കിയുള്ളതാണ് ഐസിഎയുടെ കണ്ടെത്തല്‍. ഐസിഎ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം നിര്‍മിക്കുന്ന മൊബീല്‍ ഫോണുകളുടെ എണ്ണം 2014ലെ മൂന്ന് മില്യണില്‍ നിന്നും 2017ല്‍ 11 മില്യണ്‍ യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്. വിയറ്റ്‌നാമിനെ പിന്തള്ളിയാണ് മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളതെന്നും ഐസിഎ വ്യക്തമാക്കുന്നു.

മൊബീല്‍ ഫോണ്‍ ഡിവൈസുകളുടെ നിര്‍മാണം വര്‍ധിച്ചതിനു പുറമെ രാജ്യത്തേക്കുള്ള മൊബീല്‍ ഫോണ്‍ ഇറക്കുമതി പകുതിയില്‍ താഴെയായി ചുരുക്കാനും കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2019ഓടെ രാജ്യത്തെ മൊബീല്‍ ഫോണ്‍ നിര്‍മാണം 500 മില്യണിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൊബീല്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം എട്ട് ബില്യണ്‍ ഡോളറിന്റെ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ രാജ്യത്ത് നേരിട്ടും അല്ലാതെയുമുള്ള 1.5 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Slider, Top Stories