സ്‌പൈന്‍ സര്‍ജറിയെ സുരക്ഷിതമാക്കിയെന്ന് വിദഗ്ധര്‍

സ്‌പൈന്‍ സര്‍ജറിയെ സുരക്ഷിതമാക്കിയെന്ന് വിദഗ്ധര്‍

കൊച്ചി: സ്‌പൈന്‍ സര്‍ജന്‍മാര്‍ക്കായുള്ള മുന്ന് ദിവസത്തെ തീവ്ര പരിശീലന പരിപാടിയായ സ്‌പൈന്‍ ബൂട്ട് ക്യാംപ് ബോള്‍ഗാട്ടി പാലസില്‍ നടന്നു. നട്ടെല്ല് (സുഷമ്‌ന നാഡി) സംബന്ധമായി അസുഖങ്ങളും അവക്കുള്ള അത്യാധുനിക ശാസ്ത്രക്രിയ രീതികളും സാങ്കേതിക മുന്നേറ്റങ്ങളും രോഗിയുടെ മികച്ച സുരക്ഷയും വിശദീകരിക്കുന്ന പതിനാറ് ശില്‍പ്പശാലകളാണ് ക്യാമ്പില്‍ ഒരുക്കിയത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ സിഇഒ ഡോ ഹരീഷ് പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ റിട്ട. കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട്, ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ദിലീപ് പണിക്കര്‍, ബെംഗളൂരു സ്പര്‍ശ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. കെ വേണുഗോപാല്‍ മേനോന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. രോഗിയുടെ മെച്ചപ്പെട്ട സുരക്ഷയും ഫലപ്രദമായ ചികിത്സക്കായി സാങ്കേതിക വിദ്യയൂം ചികിത്സാ രീതികളും വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നതിന്റെ ആവശ്യകതയും സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു, ചെന്നൈ കാവേരി ഹോസ്പ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. ജി ബാലമുരളി എന്നിവര്‍ വിശദീകരിച്ചു.

നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന നടുവേദന, കഴുത്തുവേദന, തരിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഇപ്പോള്‍ എല്ലാ പ്രായക്കാരിലും കണ്ടുവരുന്നുണ്ടെന്ന് ക്യാംപ് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു പറഞ്ഞു. ഡിസ്‌ക്കുകള്‍ക്കുണ്ടാകുന്ന തേയ്മാനം, സ്ഥാനഭ്രംശം, വ്യായമക്കുറവ്, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, ട്യൂമറുകള്‍, ഇന്‍ഫെക്ഷനുകള്‍, ജന്‍മനായുള്ള വൈകല്യങ്ങള്‍ എന്നിവയെല്ലാം നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങളാകുന്നു എന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയും ശസ്ത്രക്രിയാരീതികളും അതിവേഗം മുന്നേറുന്ന സാഹചര്യത്തില്‍, മിനിമലി ഇന്‍വേസീവ് അഥവാ കീ ഹോള്‍ സര്‍ജറിയുടെ സഹായത്തോടെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പോലും വളരെ സുരക്ഷിതമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഡോ. ജേക്കബ് ഈപ്പന്‍ മാത്യു പറഞ്ഞു.

രോഗിയുടെ സുരക്ഷക്കായി ശാസ്ത്രക്രിയ വൈദഗ്ധ്യവും അതിനൂതന സാങ്കേതിക വിദ്യയും ഇംപ്ലാന്റുകളുടെ ശരിയായ ഉപയോഗ രീതികളെക്കുറിച്ചും പരിശീലനം നല്‍കുന്ന പ്രായോഗിക മോഡ്യൂളുകളാണ് മൂന്നു ദിവസത്തെ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ സ്‌പൈന്‍ ഇന്റര്‍നാഷണല്‍ സ്‌പൈന്‍ അക്കാദമി സ്ഥാപകനും പ്രോഗ്രാം ഡയറക്റ്ററും കൂടിയായ ഡോ. ജി ബാലമുരളി അടിസ്ഥാനവും സങ്കീര്‍ണവുമായ സാങ്കേതിക വശങ്ങള്‍ ആദ്യ ദിവസത്തെ സമ്മേളനത്തില്‍ വിശദീകരിച്ചു.

ആസ്റ്റര്‍ മെഡ്‌സിറ്റിയും ഐ സ്‌പൈന്‍ ഇന്റര്‍നാഷണല്‍ സ്‌പൈന്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ടാന്‍സാനിയ,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി പ്രതിനിധികള്‍ പങ്കെടുത്തു. ക്യാംപ് ഞാറാഴ്ച സമാപിച്ചു.

Comments

comments

Categories: Health