അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബില്‍ സംവിധാനം നിലവില്‍ വന്നു

അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബില്‍ സംവിധാനം നിലവില്‍ വന്നു

11 ലക്ഷത്തോളം വ്യാപാരികളും ട്രാന്‍സ്‌പോര്‍ട്ടര്‍മാരുമാണ് ഇ-വേ ബില്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കു കീഴില്‍ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഇന്നലെ മുതല്‍ ഇ-വേ ബില്‍ സംവിധാനം പ്രാബല്യത്തില്‍ വന്നു. റോഡ്, റെയ്ല്‍വേ, വിമാനം, കപ്പല്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ വഴി നടത്തുന്ന 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനാണ് നിലവില്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഫെബ്രുവരി ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ-വേ ബില്‍ നടപ്പാക്കിയിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇന്നലെ മുതല്‍ രാജ്യവ്യാപകമായി ഇ-വേ ബില്‍ സംവിധാനം നടപ്പാക്കിയത്. ഇ-വേ ബില്‍ സംബന്ധിച്ച സംശയങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ശനിയാഴ്ച തന്നെ വ്യക്തത വരുത്തിയിരുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചരക്കുനീക്കത്തില്‍ ഒന്നിലധികം ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങളില്‍ ഒരു ഇ-വേ ബില്‍ മാത്രമേ ആവശ്യമായി വരുകയുള്ളൂവെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇ-വേ ബില്‍ വിവരങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ ആദ്യം അപ്‌ഡേറ്റ് ചെയ്യുന്നതോടെ മാത്രമെ ബില്ലിന്റെ കാലാവധി ആരംഭിക്കുകയുള്ളു.

സംസ്ഥനങ്ങള്‍ക്കകത്തുള്ള ചരക്കുനീക്കത്തിന് രണ്ടാഴ്ചയ്ക്കകം ഇ-വേ ബില്‍ നടപ്പാക്കുമെന്നാണ് കേന്ദ്ര സാമ്പത്തിക വകുപ്പ് സെക്രട്ടറി ഹസ്മുഖ് അധിയ കഴിഞ്ഞദിവസം അറിയിച്ചത്. നികുതി വെട്ടിപ്പ് തടയുന്നതിനും സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇ-വേ ബില്‍ സംവിധാനം സഹായകമാകുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സംരംഭമായ ഡെലോയ്റ്റ് വിലയിരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനും തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കകത്തുള്ള ചരക്കുനീക്കത്തിനും പദ്ധതി നടപ്പാക്കുന്നത് മികച്ച തീരുമാനമാണെന്ന് ഡെലോയ്റ്റ് ഇന്ത്യ സീനിയര്‍ ഡയറക്റ്റര്‍ എംഎസ് മണി പറഞ്ഞു.

11 ലക്ഷത്തോളം വ്യാപാരികളും ട്രാന്‍സ്‌പോര്‍ട്ടര്‍മാരും ഇ-വേ ബില്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തതായി ജിഎസ്ടി നെറ്റ്‌വര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് പ്രകാശ് കുമാര്‍ അറിയിച്ചു. കൂടുതല്‍ രജിസ്‌ട്രേഷന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏകദേശം 1.05 കോടി വ്യാപാരികളാണ് ജിഎസ്ടിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 70,00,000ത്തോളം പേര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories