70 കടന്ന് ഡീസല്‍ വില; പെട്രോള്‍ 78

70 കടന്ന് ഡീസല്‍ വില; പെട്രോള്‍ 78

രാജ്യത്ത് ഡീസല്‍ വില ആദ്യമായാണ് 70 രൂപയ്ക്കും മുകളിലെത്തുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില ഇന്നലെ ആദ്യമായി 70 രൂപയ്ക്ക് മുകളിലെത്തി. ഇന്നലെ 19 പൈസ വര്‍ധിച്ച് ഡീസലിന് 70.08 രൂപയായിരുന്നു തിരുവനന്തപുരത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ ഏറക്കുറേ തുടര്‍ച്ചയായ വര്‍ധനയാണ് പെട്രോളിന്റെയും ഡീസലിന്റേയും വിലയിലുള്ളത്. ദിവസേനയുള്ള വിലപുതുക്കല്‍ നിലവില്‍ വന്നതിനു ശേഷം പെട്രോളിന്റെ വില 70 രൂപയില്‍ താഴെപ്പോയിട്ടില്ലെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. 77.67 രൂപയായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില.

പെട്രോളും ഡീസലും തമ്മിലുള്ള വിലയിലെ അന്തരം ഇത്രയും നേര്‍ത്തുവരുന്നതും സമീപകാലത്ത് ആദ്യമാണ്. എട്ടു രൂപയില്‍ താഴെ മാത്രമാണ് നിലവില്‍ കേരളത്തിലെ ഡീസല്‍ വിലയും പെട്രോള്‍ വിലയും തമ്മിലുള്ള അന്തരം. ഓട്ടോ ചാര്‍ജ്ജിലും ടാക്‌സി വ്യവസായത്തിലും ഇത് ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. അടുത്തിടെ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതിനാല്‍ ഉടനടി മറ്റൊരു വര്‍ധനയുണ്ടാകാനിടയില്ല. എന്നാല്‍ ചരക്കുനീക്കത്തിനുള്ള ചെലവിടല്‍ വര്‍ധിപ്പിക്കുന്നത്. വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിച്ചേക്കും.

കേരളത്തിലെ തന്നെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനയുണ്ട്. ഇന്ധനമെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് കൂടുതലായതിനാലാണിത്.
രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ വിലയുള്ളത്. മുംബൈയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയിട്ടുള്ളത്. 82 രൂപയ്ക്കടുത്തായിരുന്നു രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത് ഇന്നലെ പെട്രോള്‍ വില.

Comments

comments

Categories: Slider, Top Stories