ഇനി നമ്പര്‍ പ്ലേറ്റ് സഹിതം പുതിയ കാര്‍ വാങ്ങാം

ഇനി നമ്പര്‍ പ്ലേറ്റ് സഹിതം പുതിയ കാര്‍ വാങ്ങാം

അതാത് വാഹന നിര്‍മ്മാതാക്കള്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളായിരിക്കും ഇനി വാങ്ങാന്‍ കഴിയുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതുസംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തതായും ഇനി മുതല്‍ വാഹനങ്ങളില്‍ അതാത് വാഹന നിര്‍മ്മാതാക്കള്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഈ പ്ലേറ്റുകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്നീട് ചേര്‍ത്താല്‍ മതിയാകും. നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേണ്ടിവരുന്ന ചെലവ് വാഹനത്തിന്റെ വിലയില്‍ ഉള്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്നതോടെ ഓരോ സംസ്ഥാനത്തും നമ്പര്‍ പ്ലേറ്റുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ലെന്ന് നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. കുറഞ്ഞ വിലയുള്ള കാറോ ആഡംബര കാറോ എന്തുമായിക്കൊള്ളട്ടെ, എല്ലാ വാഹനങ്ങളിലെയും നമ്പര്‍ പ്ലേറ്റുകള്‍ ഒരുപോലെയായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

2019 ജൂലൈ ഒന്ന് മുതല്‍ നിര്‍മ്മിക്കുന്ന എല്ലാ കാറുകളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്

2019 ജൂലൈ ഒന്ന് മുതല്‍ നിര്‍മ്മിക്കുന്ന എല്ലാ കാറുകളിലും ഡ്രൈവര്‍ എയര്‍ ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സ്പീഡ് അലര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ഗഡ്കരി പറഞ്ഞു.

Comments

comments

Categories: Auto