സ്ത്രീകള്‍ക്ക് സന്തോഷം പകര്‍ന്ന് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ‘ദിവാ’ പ്രോഗ്രാം

സ്ത്രീകള്‍ക്ക് സന്തോഷം പകര്‍ന്ന് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ‘ദിവാ’ പ്രോഗ്രാം

യുഎഇയിലെ വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്നായി നൂറിലധികം സ്ത്രീകളെ ക്ഷണിച്ചുകൊണ്ടാണ് ‘ദിവാ’ പ്രോഗ്രാം സംഘടിപ്പിച്ചത്

ദുബായ്: സ്ത്രീകള്‍ക്ക് ആദരമേകുന്ന ഒരു മാസം നീണ്ടുനിന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ച ‘ദിവാ’ പ്രോഗ്രാമിന്റെ ലോഞ്ചിംഗോടെയാണ് സമാപനമായിരിക്കുന്നത്. അര്‍ഹരായ സ്ത്രീകള്‍ക്ക് സന്തോഷവും സഹായവും പകരുകയെന്നതാണ് ‘ദിവാ’ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ സിഎസ്ആര്‍ ഇംപാക്റ്റ് പാര്‍ട്ട്ണറായ സ്മാര്‍ട്ട്‌ലെഫിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്നായി നൂറിലധികം സ്ത്രീകളെ ക്ഷണിച്ചുകൊണ്ടാണ് ‘ദിവാ’ പ്രോഗ്രാം സംഘടിപ്പിച്ചത്. ആരോഗ്യപരിശോധന ക്യാംപ്, ആരോഗ്യ ചര്‍ച്ചകള്‍, രുചികരമായ ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവ ഒരുക്കിയാണ് ഇവരെ പരിപാടിയല്‍ സ്വീകരിച്ചത്. വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദുബൈ മുഷ്‌രിഫ് പാര്‍ക്കില്‍ 2018 മാര്‍ച്ച് 30 നാണ് പരിപാടി അരങ്ങേറിയത്.

‘ദിവാ’ പ്രോഗ്രാമിന് തുടക്കം കുറിച്ച ഈ പരിപാടിയില്‍ 25 വനിതാ ആസ്റ്റര്‍ വോളണ്ടിയര്‍മാരും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് തലത്തിലെ ഉന്നതരായ വനിതകളും പങ്കാളികളായി. യുഎഇയുടെ രാഷ്ട്ര പിതാവായ ഷേഖ് സയിദിന്റെ ഓര്‍മ്മയില്‍ ആചരിക്കപ്പെടുന്ന ഷേഖ് സയിദ് വര്‍ഷത്തിന് പിന്തുണയേകി അദ്ദേഹം ലക്ഷ്യമിട്ട വനിതാ ക്ഷേമവും പുരോഗതിയും പ്രതിഫലിക്കുന്ന രീതിയിലായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ വൈഷമ്യങ്ങളും ഇറക്കിവെച്ച് സന്തോഷകരമായ കുറേ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടാണ് മുഷ്‌രിഫ് പാര്‍ക്കിലെത്തിയ സ്ത്രീകള്‍ സമയം ചെലവിട്ടത്

ജനസമൂഹത്തെ കരുതുകയും സംരക്ഷിക്കുകയുമെന്ന ആസ്റ്റര്‍ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ നിറവേറ്റിവരുന്ന ദൗത്യം തന്നെയാണ് ഇവിടെയും നിറവേറ്റുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും ജിസിസി ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് സിഇഒയുമായ അലീഷാ മൂപ്പന്‍ പറഞ്ഞു. സന്തോഷവും ആരോഗ്യപൂര്‍ണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ‘ദിവാ’ പ്രോഗ്രാമിലൂടെയും എല്ലാവരിലേക്കും മികച്ച ആരോഗ്യ പരിചരണമെത്തിക്കുവാന്‍ ശ്രമിക്കുന്നതെന്നും അലീഷാ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ വൈഷമ്യങ്ങളും ഇറക്കിവെച്ച് സന്തോഷകരമായ കുറേ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടാണ് മുഷ്‌രിഫ് പാര്‍ക്കിലെത്തിയ സ്ത്രീകള്‍ സമയം ചെലവിട്ടത്. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, നേപ്പാള്‍, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള വനിതകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. യാന്ത്രികമായ ജോലിത്തിരക്കുകളില്‍ നിന്നും മാറി സന്തോഷഭരിതമായ ഒരു ഇടവേള ആസ്വദിക്കാന്‍ ഇവര്‍ക്ക് പരിപാടി അവസരമൊരുക്കുകയായിരുന്നു. 4 സ്വര്‍ണ്ണനാണയങ്ങള്‍, സ്വന്തം നാട്ടിലേക്കുളള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ രണ്ട് റിട്ടേണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമുളള സമ്മാനങ്ങള്‍ വിജയിക്കാനുളള അവസരവും ഒരുക്കിയിരുന്നു. സമ്മാനങ്ങളോടെ, സന്തോഷത്തോടെ ‘ദിവാ’ പ്രോഗ്രാമിന്റെ ഭാഗമായി പരിപാടി ആസ്വദിച്ചാണ് ഓരോരുത്തരും മടങ്ങിയത്.

Comments

comments

Categories: Arabia