ആദിവാസികള്‍ക്കായി സര്‍ക്കാര്‍ ഗോത്ര ഭൂബാങ്ക് സജ്ജമാക്കുന്നു

ആദിവാസികള്‍ക്കായി സര്‍ക്കാര്‍ ഗോത്ര ഭൂബാങ്ക് സജ്ജമാക്കുന്നു

തിരുവനന്തപുരം: ആദിവാസി കുടുംബങ്ങള്‍ക്കായി ഗോത്ര ഭൂബാങ്ക് സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഭൂമി വിതരണത്തിനായി മുമ്പ് നടപ്പിലാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതി ഇടനിലക്കാര്‍ കയ്യടക്കിയിരുന്നു. ഇതോടെയാണ് പുതിയ നീക്കത്തിന് കളമൊരുങ്ങുന്നത്.

സ്വന്തമായി സ്ഥലമില്ലാത്ത ആദിവാസികള്‍ക്കായി 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗോത്ര ഭൂബാങ്ക് സജ്ജമാകുന്നത്. ഇതിന്റെ ഭാഗമായി അവര്‍ക്ക് സ്വന്തം വാസസ്ഥലത്തിനടുത്ത് തന്നെ ഭൂമി നല്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഭൂമി നല്കാന്‍ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ 25ന് മുമ്പ് അപേക്ഷ നല്കണം. പട്ടികവര്‍ഗ ക്ഷേമവകുപ്പിന് വേണ്ടി ട്രൈബല്‍ ലാന്‍ഡ് മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ജില്ലയിലെയും കളക്ടര്‍മാരെയാണ് ഇതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത് നല്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടപ്പിലാക്കിയിരുന്ന ‘ആശിക്കും ഭൂമി ആദിവാസിക്ക്’പദ്ധതി അനുസരിച്ച് ഒരേക്കര്‍ ഭൂമി വാങ്ങാന്‍ പത്ത് ലക്ഷം രൂപ വരെയാണ് നല്കിയിരുന്നത്. എന്നാല്‍ ഇടനിലക്കാരുടെ കടന്നുകയറ്റം മൂലം ഈ പദ്ധതി വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ഉപയോഗ ശൂന്യമായ ഭൂമി ഇടനിലക്കാര്‍ ആദിവാസികള്‍ക്ക് മറിച്ച് വിറ്റ് പണം തട്ടിയതായി ആക്ഷേപം ഉര്‍ന്നിരുന്നു. പുതിയ പദ്ധതിയിലൂടെ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഒരു വര്‍ഷത്തിനകം ഭൂമി നല്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News

Related Articles