ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മ്മിക്കാന്‍ സൗദി ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മ്മിക്കാന്‍ സൗദി ഒരുങ്ങുന്നു

റിയാദ്: സോഫ്റ്റ്ബാങ്കിന്റെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അടുത്ത 12 വര്‍ഷത്തിനുള്ളില്‍ 200 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വലിയ സോളാര്‍ പ്ലാന്റ് ശൃംഖലയ്ക്കാണ് പദ്ധതിയിടുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2019 ഓടെ മൂന്ന് ജിഗാവാട്ടും 4.2 ജിഗാവാട്ടും ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ സൗദിയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. പദ്ധതി വഴി തദ്ദേശീയ സോളാര്‍ പ്ലാന്റ് ഉപകരണ നിര്‍മാണ മേഖലയുടെ വ്യാപനവും ലക്ഷ്യമിടുന്നുണ്ട്. എണ്ണ ഉല്‍പാദനമത്തെ മാത്രം ആശ്രയികുന്ന സൗദി സാമ്പത്തിക രംഗത്തിന് മാറ്റം വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കപ്പെടുന്നത്. വര്‍ഷം മുഴുവന്‍ സുലഭമായി സൂര്യപ്രകാശം ലഭിക്കുന്ന സൗദിക്ക് സോളാറിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാര്‍ഷിക ആഭ്യന്തര ഉല്‍പാദനം 12 ശതകോടി ഡോളറായി വര്‍ധിപ്പിക്കാനും പാരമ്പര്യ ഊര്‍ജ മേഖലയില്‍ ചെലവഴിക്കുന്ന 40 ശതകോടി ഡോളര്‍ പ്രതിവര്‍ഷം ലാഭിക്കാനും ഇത് വഴി സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനൊപ്പം തന്നെ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ ചുവടുവെയ്പ്പിന് സാധിക്കും.

Comments

comments

Categories: FK News