യുബറിന്റെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കാന്‍ ഒല

യുബറിന്റെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കാന്‍ ഒല

ചര്‍ച്ചകള്‍ നടക്കുന്നത് സോഫ്റ്റ് ബാങ്കിന്റെ മുന്‍കൈയില്‍

ന്യൂഡെല്‍ഹി: യുബറിന്റെ സൗത്ത് ഏഷ്യന്‍ ബിസിനസ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാബ് ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയില്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഒല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒലയും യുബറും ആരംഭിച്ചതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഒലയുടെ മുഖ്യ എതിരാളിയാണ് യുബര്‍. ഇരു കമ്പനികളിലെയും ഏറ്റവും വലിയ ഓഹരിയുടമയായ സോഫ്റ്റ്ബാങ്ക് യുബറും ഒലയും തമ്മിലുള്ള ലയനത്തിന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ ഒലയുമായുള്ള ലയന നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ യുബര്‍ ശക്തമായി നിഷേധിച്ചു. അതേസമയം യുബര്‍-ഒല ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഒല വക്താവ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിഷേധിച്ചിട്ടില്ല.

ലയനത്തേക്കാളുപരി യുബറിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനാണ് ഒല താല്‍പ്പര്യപ്പെടുന്നത്. പരിവര്‍ത്തന ഘട്ടത്തിലൂടെ പോകുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഒല സജീവ പങ്കാളിത്തം വഹിക്കുമെന്നും വരും വര്‍ഷങ്ങളില്‍ സാമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നും ഒല വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. കമ്പനിയുടെ ഈ ലക്ഷ്യം യഥാര്‍ത്ഥ്യമാക്കുന്നതിന് സോഫ്റ്റ്ബാങ്കും മറ്റെല്ലാ നിക്ഷേപകരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള അവസരങ്ങളാണ് ഒല എല്ലായ്‌പ്പോഴും തേടികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും മികച്ച യാത്ര പ്ലാറ്റ്‌ഫോം ആകുക എന്നതാണ് യുബറിന്റെ ലക്ഷ്യമെന്ന് കമ്പനി സിഇഒ ഡാറ ഖോസ്രോഷാഹി അറിയിച്ചു. ഉല്‍പ്പന്നത്തിലും സാങ്കേതികവിദ്യയിലും സേവനത്തിലും മികച്ച പ്രകടനം നടത്താനാണ് യുബര്‍ നോക്കുന്നത്. ഗ്രാബുമായുള്ള കരാര്‍ കമ്പനിയുടെ പ്രധാന വിപണികളില്‍ ആക്രമണോത്സുകമായി നിക്ഷേപം നടത്തുന്നതിന് സഹായിക്കും. യുബറിന്റെ സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. പ്രധാന വിപണികളിലെല്ലാം കമ്പനിക്ക് ശക്തമായ സാന്നിധ്യമാണുള്ളതെന്നും കൂടുതല്‍ കരാറുകളിലേക്ക് പോകുന്നതിന് കമ്പനിക്ക് ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഖോസ്രോഷാഹിയുടെ പ്രതികരണം.

Comments

comments

Categories: Business & Economy