രണ്ട് മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റി അയക്കാന്‍ അനുമതി

രണ്ട് മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റി അയക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: 2017-2018 വിപണി വര്‍ഷം അവസാനിക്കുന്നതുവരെ രണ്ട് മില്യണ്‍ ടണ്‍ പഞ്ചസാര ഡ്യൂട്ടി ഫ്രീ ഇംപോര്‍ട്ട് ഓതറൈസേഷന്‍ സ്‌കീമിനു (ഡിഎഫ്‌ഐഎ) കീഴില്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഒക്‌റ്റോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് വിപണി വര്‍ഷമായി കണക്കാക്കുന്നത്. മിച്ചം വന്ന സ്റ്റോക് ഒഴിവാക്കുന്നതിനും കരിമ്പ് കര്‍ഷകര്‍ക്ക് പേമെന്റ് നടത്തുന്നതിനുള്ള പണം പഞ്ചസാര മില്ലുടമകളിലേക്ക് എത്തിക്കുന്നതിനുമായാണ് സര്‍ക്കാരിന്റെ നീക്കം.

നടപ്പു വിപണന വര്‍ഷം മാര്‍ച്ച് 21 വരെയുള്ള കണക്ക് പ്രകാരം 13,899 കോടി രൂപയാണ് കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുടമകള്‍ നല്‍കാനുള്ളത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ തുക കൊടുത്തുതീര്‍ക്കാന്‍ മില്ലുടമകള്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഉത്തര്‍പ്രദേശിലെ മില്ലുകള്‍ക്ക് കരിമ്പിന്റെ വിലയില്‍ 5,136 രൂപയാണ് കടമുള്ളത്. 2,539 കോടി രൂപ കര്‍ണാടകയിലെ മില്ലുടമകള്‍ കരിമ്പ് കര്‍ഷകര്‍ക്ക് കൊടുക്കാനുണ്ട്. മഹാരാഷ്ട്രയില്‍ 2,348 കോടി രൂപയാണ് മില്ലുടമകള്‍ കൊടുക്കാനുള്ളത്.
ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില സ്ഥിരപ്പെടുത്തുന്നതിന് ഇറക്കുമതി തീരുവ സര്‍ക്കാര്‍ 100 ശതമാനമായി ഉയര്‍ത്തിയിരുന്നു. കയറ്റുമതി തീരുവ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിപണി വര്‍ഷം പഞ്ചസാര കയറ്റുമതി 25 മില്യണ്‍ ടണ്ണില്‍ നിന്നും 27.2 മില്യണ്‍ ടണ്ണായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy