മലാല വീണ്ടും പാക്കിസ്ഥാനിലെത്തി

മലാല വീണ്ടും പാക്കിസ്ഥാനിലെത്തി

താലിബാന്‍ ആക്രമണത്തിന് ശേഷം ആദ്യമായാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടുന്ന മലാല യൂസഫ്‌സായ് പാക്കിസ്ഥാനിലെത്തുന്നത്

ലണ്ടന്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആക്റ്റിവിസ്റ്റ് മലാല യൂസഫ്‌സായി വീണ്ടും പാക്കിസ്ഥാനിലെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് താലബിന്‍ ഭീകരവാദികള്‍ 2012ലാണ് മലാലയ്‌ക്കെതിരെ നിറയൊഴിച്ചത്. അതിന് ശേഷം ആദ്യമായാണ് ഈ വിദ്യാഭ്യാസ നായിക പാക്കിസ്ഥാനിലെത്തുന്നത്. അതീവ സുരക്ഷയോടെയാണ് മലാലയുടെ മാതൃഭൂമിയിലേക്കുള്ള സന്ദര്‍ശനം ഏര്‍പ്പാടാക്കിയത്‌.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് 20കാരിയായ മലാല പാക്കിസ്ഥാനിലെത്തിയതെന്നാണ് വിവരം. എന്നാല്‍ സന്ദര്‍ശനവിവരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പരസ്യപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച്ച നടത്തും.

‘ആരാണ് മലാല’ എന്ന് ചോദിച്ച് 2012 ഒക്‌റ്റോബര്‍ 9നായിരുന്നു ഭീകരവാദികള്‍ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയില്‍ അവള്‍ക്കെതിരെ നിറയൊഴിച്ചത്

മാതാപിതാക്കളോടൊപ്പം ഇന്നലെ ഇസ്ലാമാബാദിലെ ബെനസീര്‍ ഭൂട്ടോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കനത്ത സുരക്ഷാ വലയത്തിന് നടുവില്‍ മലാല വിമാനമിറങ്ങിയത്. ‘ആരാണ് മലാല’ എന്ന് ചോദിച്ച് 2012 ഒക്‌റ്റോബര്‍ 9നായിരുന്നു ഭീകരവാദികള്‍ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയില്‍ അവള്‍ക്കെതിരെ നിറയൊഴിച്ചത്. തുടര്‍ന്ന് ബ്രിട്ടീഷ് നഗരമായ ബിര്‍മിംഗ്ഹാമിലെ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് അവള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി മലാല നടത്തിയ നിരന്തര പോരാട്ടം കണക്കിലെടുത്താണ് 2014ല്‍ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. നിലവില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തുകയാണ് മലാല, പെണ്‍കുട്ടികള്‍ക്കായുള്ള പോരാട്ടം തുടരുകയും ചെയ്യുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ അവഗണിച്ച് വീണ്ടും മാതൃഭൂമിയിലേക്ക് തിരിച്ചെത്തിയ മലാലയെ പാക്കിസ്ഥാനിലെ നിരവധി പേര്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. അതേസമയം അവിടുത്തെ യാഥാതസ്ഥിതകവാദികളില്‍ പലരും മലാലയെ പാശ്ചാത്യ ലോകത്തിന്റെ ഏജന്റായിട്ടാണ് കാണുന്നത്.

Comments

comments

Categories: World