കിയ, എസ്എഐസി, പിഎസ്എ എസ്‌യുവികള്‍ അടുത്ത വര്‍ഷമെത്തും

കിയ, എസ്എഐസി, പിഎസ്എ എസ്‌യുവികള്‍ അടുത്ത വര്‍ഷമെത്തും

2019 മുതല്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് അര ഡസനിലധികം എസ്‌യുവികള്‍ അണിനിരത്തും

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ്, ചൈനീസ് കമ്പനിയായ എസ്എഐസി, ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് എന്നിവര്‍ അടുത്ത വര്‍ഷം തങ്ങളുടെ എസ്‌യുവികള്‍ ഇന്ത്യയിലെത്തിക്കും. ഏത് വാങ്ങണമെന്ന് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള നവാഗതരുടെ വരവ്. 2019 മുതല്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് അര ഡസനിലധികം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളാണ് ഇവര്‍ അണിനിരത്തുന്നത്.

എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയ എസ്‌യുവിയാണ് കിയ ഇന്ത്യയിലെത്തിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തിരുന്നു. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍ തുടങ്ങിയവയാണ് എതിരാളികള്‍. എസ്എഐസി മോട്ടോറിന് കീഴിലെ എംജി മോട്ടോറും ഇന്ത്യയില്‍ വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. അതേസമയം ഇന്ത്യയില്‍ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കാന്‍ പിഎസ്എ തീരുമാനിച്ചതായാണ് അറിയുന്നത്. മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി ആധിപത്യം പുലര്‍ത്തുന്ന ചെറു കാര്‍ സെഗ്‌മെന്റില്‍നിന്ന് അകന്നുനില്‍ക്കാനാണ് മൂവരും തീരുമാനിച്ചിരിക്കുന്നത്. പകരം പ്രീമിയം എസ്‌യുവികളിലും ഹാച്ച്ബാക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

തിരക്കേറിയ ചെറു കാര്‍ സെഗ്‌മെന്റില്‍ അരങ്ങേറുന്നതിന് പകരം എസ്‌യുവി പുറത്തിറക്കി ഇന്ത്യയില്‍ പ്രയാണമാരംഭിക്കുകയാണ് യുക്തിസഹമെന്ന് കിയ മോട്ടോഴ്‌സ് പ്രസിഡന്റ് ഹാന്‍ വൂ പാര്‍ക്ക് വ്യക്തമാക്കി. എസ്പി കണ്‍സെപ്റ്റ് അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും ഇതേതുടര്‍ന്ന് മറ്റൊരു ചെറു എസ്‌യുവി അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2019 ന്റെ രണ്ടാം പാദത്തിലാണ് എംജി മോട്ടോര്‍ (മോറിസ് ഗാരേജസ്) ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കിയ, എംജി മോട്ടോര്‍ കമ്പനികള്‍ ഇരുവരും ചേര്‍ന്ന് അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റില്‍ ആദ്യഘട്ടമെന്ന നിലയില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പിഎസ്എ ഗ്രൂപ്പും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന ഏതാണ്ട് ഇരട്ടിയായാണ് വര്‍ധിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം പത്ത് ലക്ഷമെന്ന നാഴികക്കല്ല് താണ്ടുംവിധം യുവി സെഗ്‌മെന്റ് 14-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവില്‍ പാസഞ്ചര്‍ വാഹന വിപണി ആകെ കണക്കിലെടുക്കുമ്പോള്‍ 7-9 ശതമാനമായിരിക്കും വളര്‍ച്ച. ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ച വാഹന നിര്‍മ്മാതാക്കളും പുതിയ ലോഞ്ചുകള്‍ക്ക് തയ്യാറെടുക്കുന്നുണ്ട്. അടുത്ത നാല് വര്‍ഷത്തിനിടെ 35 പുതിയ യൂട്ടിലിറ്റി വാഹനങ്ങള്‍ വിപണിയിലെത്തും. മത്സരം പൊടിപാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

മത്സരം കനക്കുമെങ്കിലും എല്ലാവര്‍ക്കും വളരാനുള്ള സാഹചര്യം ഇന്ത്യന്‍ വിപണി തുറന്നിടുന്നുണ്ടെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവി മനോഹര്‍ ഭട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മിഡ് എസ്‌യുവി സെഗ്‌മെന്റില്‍ ഏകദേശം 3.5 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2021 ല്‍ ഈ സെഗ്‌മെന്റ് മാത്രം 6.5 ലക്ഷം യൂണിറ്റായി ഇരട്ടിയോളം വളരും. അതുകൊണ്ടുതന്നെ പുതിയ കാറുകള്‍ക്ക് ഇന്ത്യയില്‍ നല്ല വിപണിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം വളര്‍ച്ച പ്രകടിപ്പിക്കുന്നത് എസ്‌യുവി സെഗ്‌മെന്റാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ഛാബ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉപയോക്താക്കളുടെ മനസ്സിനിണങ്ങിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

2018-19 ല്‍ യൂട്ടിലിറ്റി വാഹന സെഗ്‌മെന്റ് 14-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു

2019 ല്‍ ആദ്യ എസ്‌യുവി പുറത്തിറക്കുന്നതിന് മുന്നോടിയായി 80-85 ശതമാനം വാഹനഘടകങ്ങളും ശേഖരിച്ചുകഴിഞ്ഞു. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് എംജി മോട്ടോര്‍ കാറുകള്‍ നിര്‍മ്മിക്കുന്നത്. മിഡ് സൈസ് എസ്‌യുവി കൊണ്ടുവരുന്നതും എംജി മോട്ടോറിന്റെ പരിഗണനയിലാണ്. എസ്‌യുവി ഡിസൈനില്‍ ഹാച്ച്ബാക്ക് നിര്‍മ്മിക്കാനാണ് പിഎസ്എ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. മാരുതി സുസുകി വിറ്റാര ബ്രെസ്സയെ എതിരിടാന്‍ സബ്-4 മീറ്റര്‍ എസ്‌യുവിയും പരിഗണിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയാണ് കിയ മോട്ടോഴ്‌സിന്റെ ലക്ഷ്യം. രാജ്യത്തെ ടോപ് 5 കാര്‍ നിര്‍മ്മാതാക്കളെന്ന സ്വപ്‌നവും കിയ മോട്ടോഴ്‌സ് കാണുന്നു.

Comments

comments

Categories: Auto