രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞതായി ക്ലെംസ് ഇന്ത്യ

രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞതായി ക്ലെംസ് ഇന്ത്യ

സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മുന്നേറ്റം തൊഴില്‍ വളര്‍ച്ചയിലേക്ക് നയിച്ചില്ല

മുംബൈ: രാജ്യത്ത് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തൊഴിലവസരങ്ങളില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 0.2 ശതമാനവും 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 0.1 ശതമാനവും ഇടിവാണ് തൊഴിലവസരങ്ങളില്‍ നേരിട്ടതെന്ന് ഗവേഷണ ഏജന്‍സിയായ ക്ലെംസ് ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉല്‍പ്പാദനക്ഷമത വിലയിരുത്തുന്നതിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ക്ലെംസ് ഇന്ത്യ ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. ആര്‍ബിഐ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്.

കാര്‍ഷികം, വനം, മത്സ്യബന്ധനം, ഖനനം, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, ട്രാന്‍സ്‌പോര്‍ട്ട് എക്യുപ്‌മെന്റുകള്‍, വ്യാപാരം എന്നീ മേഖലകളിലെ തൊഴില്‍നിരക്ക് 2014, 2015 സാമ്പത്തിക വര്‍ഷങ്ങളില്‍ ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍, ഇക്കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മുന്നേറ്റമാണ് വിചിത്രമായ കാര്യമെന്ന് ക്ലെംസ് വ്യക്തമാക്കുന്നു. 2014-2015ല്‍ 7.4 ശതമാനവും 2015-2016ല്‍ 8.2 ശതമാനവുമായിരുന്നു രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്ക് (ജിഡിപി). സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മുന്നേറ്റം പക്ഷെ തൊഴില്‍ വളര്‍ച്ചയിലേക്ക് നയിച്ചില്ല.

കാര്‍ഷിക മേഖലയിലെ വരുമാന നഷ്ടത്തിന്റെ ഫലമായിം ആളുകള്‍ മറ്റ് തൊഴിലുകള്‍ തേടിപോകുന്നതാണ് ഈ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിക്കാനുള്ള കാരണമായി ക്ലെംസ് പറയുന്നത്. ലോകത്താകമാനം ഉല്‍പ്പാദന ക്ഷമത കുറവുള്ള കാര്‍ഷിക മേഖലകളില്‍ നിന്നും ഉയര്‍ന്ന ഉല്‍പ്പാദന മേഖലകളിലേക്ക് ആളുകള്‍ ചേക്കേറുന്ന പ്രവണതയുണ്ട്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്‍ഷിക മേഖല വിട്ട് മറ്റ് മേഖലകള്‍ തേടി പോയ എല്ലാവര്‍ക്കും വിവിധ മേഖലകളില്‍ തൊഴില്‍ കണ്ടെത്താനാകുന്നില്ല എന്നതാണ് പ്രശ്‌നം.

2014-2016ല്‍ കാര്‍ഷിക മേഖല വിട്ട 70 ശതമാനം പേര്‍ തൊഴില്‍ കണ്ടെത്തിയിട്ടുള്ളത് നിര്‍മാണ മേഖലയിലാണെന്നും ക്ലെംസിന്റെ റിസര്‍ച്ചില്‍ പറയുന്നു. നിര്‍മാണ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധന പ്രകടമാണ്. എന്നാല്‍ ഉല്‍പ്പാദനക്ഷമതയിലെ കുറവാണ് രാജ്യത്തെ നിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: More