ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ

ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ

കടപ്പത്രങ്ങളുടെ കാലാവധിയെയോ ബാങ്കിന് ഉപഭോക്താക്കളുമായുള്ള കരാറിനെയോ ഇടപാടുകളെയോ നടപടി ബാധിക്കില്ല

മുംബൈ: കടപ്പത്രങ്ങളുടെ വില്‍പ്പനയില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ആര്‍ബിഐ ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ആര്‍ബിഐ ഇത്ര വലിയ തുക പിഴ ചുമത്തുന്നത്.
കടപ്പത്രങ്ങളുടെ കാലാവധിയെയോ ബാങ്കിന് ഉപഭോക്താക്കളുമായുള്ള കരാറിനെയോ ഇടപാടുകളെയോ ഈ തീരുമാനം ബാധിക്കില്ലെന്നും ആര്‍ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

എച്ച്ടിഎം (ഹെല്‍ഡ് ടു മെച്ചൂരിറ്റി), അവയ്‌ലബ്ള്‍ ഫോര്‍ സെയ്ല്‍, എച്ച്എഫ്ടി (ഹെല്‍ഡ് ഫോര്‍ ട്രേഡിംഗ്) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ബാങ്കുകള്‍ക്ക് കടപ്പത്രങ്ങള്‍ കൈവശം വെക്കാം. കടപ്പത്രങ്ങളുടെ നേരിട്ടുള്ള വില്‍പ്പനയ്ക്ക് എച്ച്ടിഎം പോര്‍ട്ട്‌ഫോളിയോയില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ ഐസിഐസിഐ ബാങ്ക് പാലിച്ചിട്ടില്ലെന്നാണ് കേന്ദ്ര ബാങ്ക് പറയുന്നത്. എച്ച്ടിഎം സെക്യൂരിറ്റികള്‍ ഒരു നിശ്ചിത കാലാവധി വരെ വില്‍ക്കാനാകില്ല. എന്നാല്‍ ഇതില്‍ കൈവശമുള്ളതിന്റെ അഞ്ച് ശതമാനം കടപ്പത്രങ്ങള്‍ കേന്ദ്ര ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ബാങ്കുകള്‍ക്ക് വില്‍ക്കാവുന്നതാണ്. ഇതില്‍ കൂടുതല്‍ വില്‍ക്കണമെങ്കില്‍ ആര്‍ബിഐയുടെ അനുമതി ആവശ്യമാണ്. മാത്രമല്ല ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര ബാങ്കിന്റെ നടപടി.

ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ 46,47 ചട്ടങ്ങള്‍ അനുസരിച്ചാണ് ഐസിഐസിഐ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നല്‍കിയെന്ന ആരോപണത്തിന് പിന്നാലെയാണ് ആര്‍ബിഐയുടെ നടപടി. ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെയാണ് വീഡിയോകോണ്‍ വായ്പ തരപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാങ്കിന്റെ നിലപാട്. വിവിധ ബാങ്കുകളിലായി 25,000 കോടി രൂപയില്‍ അധികമാണ് വീഡിയോകോണ്‍ തിരിച്ചടയ്ക്കാനുള്ളത്.

Comments

comments

Categories: Slider, Top Stories