‘ധനക്കമ്മി 3.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാകും’

‘ധനക്കമ്മി 3.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാകും’

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന 3.5 ശതമാനത്തില്‍ ഇന്ത്യയുടെ ധനക്കമ്മി പിടിച്ചുനിര്‍ത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ തന്നെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന പരിധിയുടെ 120 ശതമാനം മറികടന്നിരുന്നു. രാജ്യത്തിന്റെ മൊത്തം ചെലവ് വരുമാനത്തേക്കാള്‍ കൂടുന്നതാണ് ധനക്കമ്മി.

കംപ്‌ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട് (സിജിഎ)സില്‍ നിന്നുള്ള വിവരമുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 120.3 ശതമാനമാണ്. അതായത് 7.15 ലക്ഷം കോടി രൂപ. ബുധനാഴ്ചയാണ് ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സിജിഎ പുറത്തുവിട്ടത്. ചെലവ് ക്രമാതീതമായി വര്‍ധിച്ചതും വരുമാനം കുറഞ്ഞതുമാണ് ധനക്കമ്മി ഇത്രകണ്ട് ഉയരാന്‍ കാരണം.
ഈ സാമ്പത്തിക വര്‍ഷം 5.94 ലക്ഷം കോടി രൂപയില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകളാണ് സിജിഎ റിപ്പോര്‍ട്ടിലുള്ളതെന്നും മാര്‍ച്ച് 28 വരെയുള്ള ധനക്കമ്മി സംബന്ധിച്ച പുതിയ കണക്കുകള്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്കടുത്ത് നില്‍ക്കുന്നതാണെന്നും കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വിറ്ററില്‍ കുറിച്ചു. 3.5 ശതമാനത്തില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ 3.2 ശതമാനത്തില്‍ ധനക്കമ്മി നിലനിര്‍ത്താനായിരുന്ന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ബജറ്റ് പ്രഖ്യാപനത്തിലാണ് ഈ ലക്ഷ്യം സര്‍ക്കാര്‍ 3.5 ശതമാനമാക്കി പരിഷ്‌കരിച്ചത്.

Comments

comments

Categories: Slider, Top Stories