ബിബിബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ അരുന്ധതി ഭട്ടാചാര്യയും

ബിബിബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ അരുന്ധതി ഭട്ടാചാര്യയും

പൊതുമേഖലാ ബാങ്കുകളുടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനു വേണ്ടി രൂപീകരിച്ച ഒരു സ്വയംഭരണ സമിതിയാണ് ബിബിബി

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയുടെ (ബിബിബി) അടുത്ത ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യയും ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരെയെങ്കിലും പൊതുമേഖലാ ബാങ്കുകളുടെ ഉപദേശക സമിതിയെ നയിക്കുന്നതിനുള്ള കടിഞ്ഞാന്‍ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയാണ് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയുടെ പുതിയ ചെയര്‍മാനെ നിയമിക്കുക. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തില്‍ ബിബിബിയുടെ പങ്ക് വിപുലപ്പെടുത്തുന്നതിന് സര്‍ക്കാരിന് താല്‍പ്പര്യമില്ല. മറിച്ച് ബാങ്കിംഗ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഉപദേശക സമിതി തുടരണമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു.

പൊതുമേഖലാ ബാങ്കുകളുടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനു വേണ്ടി രൂപീകരിച്ച ഒരു സ്വയംഭരണ സമിതിയാണ് ബിബിബി. 2016 ഏപ്രില്‍ മുതലാണ് സമിതി പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്ക് മേധാവികളുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ചുമതല സര്‍ക്കാരില്‍ നിന്നു മാറ്റുക എന്നതായിരുന്നു ബിബിബി രൂപീകരിക്കുന്നതിന്റെ പ്രഥമോദ്ദേശ്യം. ബോര്‍ഡ് തല നിയമനങ്ങളില്‍ ശുപാര്‍ശ നടത്താനും മൂലധന സമാഹരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനും ബിബിബിക്ക് അധികാരമുണ്ട്.

എന്നാല്‍, പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണം പോലുള്ള പ്രത്യേക വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം ബിബിബിക്ക് നല്‍കിയിട്ടില്ല. പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട ഭരണകാര്യങ്ങളില്‍ സമഗ്രമായ ഇടപെടല്‍ നടത്താനുള്ള അധികാരം ബ്യൂറോയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറായാല്‍ അത് ഫലപ്രദമായിരിക്കുമെന്നും സര്‍ക്കാരും ബ്യൂറോയും തമ്മില്‍ മെച്ചപ്പെട്ട ബന്ധം ഉണ്ടാകേണ്ടതുണ്ടെന്നും കഴിഞ്ഞയാഴ്ച ബിബിബി നിര്‍ദേശിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ ധനമന്ത്രാലയവുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും ബിബിബി മുന്നോട്ടുവെച്ചിട്ടുണ്ട്.

Comments

comments

Categories: Banking