മിനിട്ടുകള്‍ക്കകം ഫുള്‍ചാര്‍ജ്ജ്  പുതിയ ബാറ്ററിയുമായി ‘ജീഗാഡൈന്‍’

മിനിട്ടുകള്‍ക്കകം ഫുള്‍ചാര്‍ജ്ജ്  പുതിയ ബാറ്ററിയുമായി ‘ജീഗാഡൈന്‍’

ലോകം ഇ- വാഹനങ്ങളിലേക്ക് വഴിമാറുമ്പോള്‍ കുറഞ്ഞ സമയത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കി ദീര്‍ഘനേരം ഓടിക്കാവുന്ന ബാറ്ററികളുമായി ശ്രദ്ധേയമാകുകയാണ് ജീഗാഡൈന്‍. നിലവിലെ ലിഥിയം ബാറ്ററികള്‍ക്ക് മികച്ച പകരക്കാരനായാണ് കമ്പനിയുടെ ഗ്രാഫീന്‍ അധിഷ്ഠിത സൂപ്പര്‍ കപ്പാസിറ്ററുകളുടെ വരവ്

ഇലക്ട്രിക് വാഹനങ്ങള്‍ ലോകം കീഴടക്കുന്ന യുഗമാണ് ഇനി വരുന്നത്. ഇന്ത്യയിലും ഇതിന്റെ അലയൊലികള്‍ വീശിക്കഴിഞ്ഞിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും പുനരുപയോഗ ഊര്‍ജം ശരിയായ രീതിയില്‍ ഉപയോഗിക്കാനും ഇത്തരം ഇലക്ട്രിക് വാഹനങ്ങളുടെ വരവ് വഴിവെക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംവിധാനം ഇതിനായി കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം തന്നെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഈ മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീഗാഡൈന്‍ ഹൈ എനര്‍ജി എഫിഷ്യന്റ് ബാറ്ററികള്‍ വികസിപ്പിച്ചാണ് മേഖലയില്‍ ശ്രദ്ധേയമാകുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഫുള്‍ചാര്‍ജ് സാധ്യമാക്കുന്ന ബാറ്ററി വികസിപ്പിച്ചിരിക്കുകയാണിവര്‍. ജൂബിന്‍ വര്‍ഗീസ്, അമേയ ഗാഡിവന്‍ എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടക്കമിട്ട സംരംഭമാണ് ജീഗാഡൈന്‍.

2030 ഓടെ ഇന്ത്യന്‍ നിരത്തുകള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കുമെന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ വാഗ്ദാനം. ബ്രിട്ടന്‍ പോലും രാജ്യത്ത് 2040 മുതലാണ് പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ധന ഇറക്കുമതി നിര്‍ത്തലാക്കുന്നതിനു മുന്നോടിയായി ഇന്ത്യയില്‍ അതിനുള്ള ബദല്‍ സംവിധാനങ്ങള്‍ തയാറാക്കേണ്ടതുമുണ്ട്. ഇതിനായി 2003ലെ ഇലക്ട്രിസിറ്റി ആക്റ്റില്‍ ഭേദഗതി വരുത്തുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. എന്തു തന്നെയായാലും ഇനിയുള്ള യുഗം ഇലക്ട്രിക് വാഹനങ്ങളുടേതാണെന്നു ഉറപ്പിച്ചു പറയാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിവരുന്നതനുസരിച്ച് 2025 ഓടെ ആഗോള ലിഥിയം- അയണ്‍ ബാറ്ററി വിപണി 93. 5ഡോളര്‍ ബില്യണ്‍ കടക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ജീഗാഡൈനിന്റെ തുടക്കം

മുംബൈയിലെ എന്‍എംഐഎംഎസ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് കോഴ്‌സിനിടെയാണ് ജൂബിന്‍ വര്‍ഗീസ് അമേയ ഗാഡിവനെ കണ്ടുമുട്ടുന്നത്. ”എന്‍ജിനീയറിംഗില്‍ തന്നെ താരതമ്യേന പുതുമകള്‍ നിറഞ്ഞ വിഭാഗമായ മെക്കാട്രോണിക്‌സ് എടുത്തിരുന്ന ഞങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും നിര്‍മിക്കുന്നതിലായിരുന്നു ഏറെ താല്‍പര്യം. സഹപാഠികള്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കു തയാറെടുക്കുമ്പോള്‍ എന്‍ജിനീയറിംഗ് കോഴ്‌സിലെ അവസാന വര്‍ഷ പ്രൊജക്റ്റിനായി എന്തു തയാറാക്കാം എന്ന ചിന്തയായിരുന്നു ഞങ്ങളുടേത്”, ജൂബിന്‍ പറയുന്നു. കാറുകളോട് പണ്ടു മുതല്‍ക്കേതന്നെ വലിയ തോതില്‍ അഭിനിവേശമുള്ളയാളായിരുന്നു ജൂബിന്‍. സ്വന്തമായി ഒരു കാര്‍ നിര്‍മിക്കണമെന്നായിരുന്നു മോഹം. അമേയ പൂര്‍ണമായും ടെക്‌നോളജിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയായിരുന്നു.

ഒരു വാഹനം പൂര്‍ണമായും 10 മിനിട്ടുകള്‍ക്കകം 0-100% ചാര്‍ജ് ചെയ്യുകയും മൊബീല്‍ഫോണ്‍ 5 മിനിട്ടിനുള്ളില്‍ ഫുള്‍ചാര്‍ജ്ജില്‍ എത്തിക്കുകയും ചെയ്യുന്ന ഒരു ഭാവിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്. ചെലവു കുറഞ്ഞ രീതിയില്‍ പ്രകൃതി സൗഹാര്‍ദത കാത്തു സൂക്ഷിക്കുന്ന രീതിയില്‍ അവ നിര്‍മിക്കാനും ഇവര്‍ പദ്ധതിയിടുന്നു. നിലവില്‍ പ്രാരംഭ ഘട്ടത്തിലുള്ള ജീഗാഡൈനിന്റെ ബാറ്ററി പാക്കിന് 180 സെക്കന്റിനുള്ളില്‍ 0-100 % ചാര്‍ജിംഗ് പൂര്‍ത്തിയാക്കാനാകും

റോബോട്ടിക്‌സില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ തീരുമാനിച്ച അമേയയെ ജൂബിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം വഴിതിരിച്ച് ഒരു ഇലക്ട്രിക് വാഹനം നിര്‍മിക്കാന്‍ ഒടുവില്‍ ഇരുവരും ധാരണയായി. 2014 കളിലാണ് ഈ ചിന്തകളുടെ തുടക്കമെങ്കിലും 2015 ഓടെ സ്‌പെയര്‍ പാട്‌സുകള്‍ സംഘടിപ്പിച്ച് അവര്‍ വാഹന നിര്‍മിതിക്ക് തുടക്കമിട്ടു. മൂന്നു മാസത്തിനുള്ളില്‍ വാഹനം നിര്‍മിച്ചെങ്കിലും അതിന്റെ പവര്‍ ബാക്കപ്പിനായുള്ള ബാറ്ററിക്ക് വാഹനം നിര്‍മിച്ചതിനേക്കാളും മൂന്നിരട്ടി ചെലവാകുമെന്ന യാഥാര്‍ത്ഥ്യം കാര്‍ നിരത്തിലിറക്കാനുള്ള ആ സുഹൃത്തുക്കളുടെ സ്വപ്‌നങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു. വിപണിയില്‍ കുറഞ്ഞ ചെലവില്‍ ലെഡ്- ആസിഡ് ബാറ്ററികള്‍ ലഭ്യമാണെങ്കിലും അവ ചാര്‍ജിംഗിനായി ദീര്‍ഘസമയം എടുക്കുകയും ചെയ്യും. എന്നാല്‍ വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന ലിഥിയം- ആയണ്‍ ബാറ്ററികള്‍ക്കാവട്ടെ വിലക്കൂടുതല്‍ മാത്രമല്ല, കൂടുതല്‍ സമയം ചാര്‍ജ് ചെയ്താല്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട് എന്നതാണ് വസ്തുത. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഈ സാഹചര്യത്തിന് ഒരു ശാശ്വത പരിഹാരം തേടുകയായി ഇരുവരുടേയും അടുത്ത ലക്ഷ്യം. കോളെജിലെ പഠനം അവസാനിപ്പിച്ച് ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കാര്യക്ഷമതയും ചെലവു കുറഞ്ഞതുമായ ബാറ്ററി വികസിപ്പിക്കാനായി അവര്‍ ഇറങ്ങിത്തിരിച്ചു. അത് പുതിയൊരു സംരംഭത്തിലേക്കുള്ള തുടക്കമായി.

സൂപ്പര്‍ കപ്പാസിറ്ററുകളുടെ ലോകത്തേക്ക്

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മികച്ച ബാറ്ററി അന്വേഷിച്ചിറങ്ങിയ ജൂബിനും അമേയയും എത്തിച്ചേര്‍ന്നത് സൂപ്പര്‍ കപ്പാസിറ്ററുകളുടെ ലോകത്തേക്കാണ്. ബാറ്ററികളുടെ ലോകത്ത് വളരെ പെട്ടെന്ന് ചാര്‍ജിംഗ് സാധ്യമാക്കുന്ന ഒന്നാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍. എന്നാല്‍ എല്ലായിടങ്ങളിലുമെന്നപോലെ അവിടെയും പോരായ്മകളുണ്ടെന്ന് അവര്‍ മനസിലാക്കി. സൂപ്പര്‍ കപ്പാസിറ്ററുകളില്‍ എനര്‍ജി ഡെന്‍സിറ്റി ഇല്ല. പിന്നീട് ഇതു പരിഹരിക്കാനായി അവയില്‍ തന്നെ ഗ്രാഫീന്‍ ഉള്‍പ്പെടുത്തി പരീക്ഷിച്ചതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു. ”ഞങ്ങള്‍ വികസിപ്പിച്ച ബാറ്ററിക്ക് ഉയര്‍ന്ന തോതിലുള്ള എനര്‍ജി ഡെന്‍സിറ്റി മാത്രമല്ല, വളരെ പെട്ടെന്നു ചാര്‍ജിംഗ് സാധ്യമാക്കാനും കഴിയും. മാത്രമല്ല മറ്റ് സൂപ്പര്‍ കപ്പാസിറ്ററുകളേക്കാള്‍, ഇതുവഴി ചാര്‍ജ് ചെയ്താല്‍ ദീര്‍ഘനേരം ചാര്‍ജ് നിലനില്‍ക്കുമെന്നുള്ളതും പ്രധാന സവിശേഷതയാണ്. അതുകൊണ്ടുതന്നൈയാണ് ഈ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാകുന്നതും, ” ജൂബിന്‍ കൂട്ടിച്ചേര്‍ത്തു.

2015ല്‍ തുടങ്ങിയ ജീഗാഡൈന്‍ കഴിഞ്ഞമാസം മുംബൈ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും നിക്ഷേപ സമാഹരണം നടത്തിയിരുന്നു. നിക്ഷേപ തുകയെകുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പുതിയ നിക്ഷേപത്തിലൂടെ പ്രാരംഭ ഘട്ടത്തിലുള്ള ബാറ്ററിയുടെ വലുപ്പവും ഭാരവും കുറച്ച് പുതിയ ഉല്‍പ്പന്നം വികസിപ്പിക്കാനാണ് പദ്ധതി

ഒരു വാഹനം പൂര്‍ണമായും 10 മിനിട്ടുകള്‍ക്കകം 0-100% ചാര്‍ജ് ചെയ്യുകയും മൊബീല്‍ഫോണ്‍ 5 മിനിട്ടിനുള്ളില്‍ ഫുള്‍ചാര്‍ജ്ജില്‍ എത്തിക്കുകയും ചെയ്യുന്ന ഒരു ഭാവിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്. ചെലവു കുറഞ്ഞ രീതിയില്‍ പ്രകൃതി സൗഹാര്‍ദത കാത്തു സൂക്ഷിക്കുന്ന രീതിയില്‍ അവ നിര്‍മിക്കാനും ഇവര്‍ പദ്ധതിയിടുന്നു. നിലവില്‍ പ്രാരംഭ ഘട്ടത്തിലുള്ള ജീഗാഡൈനിന്റെ ബാറ്ററി പാക്കിന് 180 സെക്കന്റിനുള്ളില്‍ 0-100 % ചാര്‍ജിംഗ് പൂര്‍ത്തിയാക്കാനാകും.

ലിഥിയം അയണ്‍ ബാറ്ററികളുടെ പകരക്കാരന്‍

വിപണിയില്‍ ലഭ്യമായ ലിഥിയം- അയണ്‍ ബാറ്ററി, ലെഡ്- ആസിഡ് ബാറ്ററി തുടങ്ങി ഏതു ബാറ്ററികള്‍ക്കും പകരമായി ഇവ ഉപയോഗിക്കാന്‍ കഴിയുമെന്നും ജൂബിന്‍ അവകാശപ്പെടുന്നു. നിലവിലെ ലിഥിയം ബാറ്ററികള്‍ക്ക് മികച്ച എതിരാളിയാകാനാണ് ജീഗാഡൈനിലെ സൂപ്പര്‍ കപ്പാസിറ്ററുകളുടെ ശ്രമം. അടുത്ത 24 മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2015ല്‍ തുടങ്ങിയ ജീഗാഡൈന്‍ കഴിഞ്ഞമാസം മുംബൈ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും നിക്ഷേപ സമാഹരണം നടത്തിയിരുന്നു. നിക്ഷേപ തുകയെകുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പുതിയ നിക്ഷേപത്തിലൂടെ പ്രാരംഭ ഘട്ടത്തിലുള്ള ബാറ്ററിയുടെ വലുപ്പവും ഭാരവും കുറച്ച് പുതിയ ഉല്‍പ്പന്നം വികസിപ്പിക്കാന്‍ തുക വിനിയോഗിക്കുമെന്നും പറയപ്പെടുന്നു. ബാറ്ററികളുടെ ലോകത്തില്‍ ഒരു പുതുയുഗം തീര്‍ക്കാനും ലിഥിയം ബാറ്ററികളുടെ മികച്ച പകരക്കാരനാകാനുമാണ് ഗ്രാഫീന്‍ അധിഷ്ഠിത ബാറ്ററികളുമായി ജീഗാഡൈനിന്റെ ശ്രമം.

ഇന്ത്യ, ചൈന സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്‍മാരെ ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നതിനായി പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ജീഗാഡൈനിന്റെ പുതിയ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബാറ്ററി എപ്രകാരം വിപണി സാധ്യതകള്‍ വിനിയോഗിക്കുന്നു എന്നത് ഭാവിയില്‍ കണ്ടറിയാം.

Comments

comments