ദക്ഷിണ കൊറിയയില്‍ ഹരിതോര്‍ജ്ജ പദ്ധതികളുമായി മസ്ദര്‍

ദക്ഷിണ കൊറിയയില്‍ ഹരിതോര്‍ജ്ജ പദ്ധതികളുമായി മസ്ദര്‍

പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മസ്ദറിന്റെ പുതിയ പദ്ധതി

അബുദാബി: മസ്ദര്‍ എന്ന പേരിലറിയപ്പെടുന്ന അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി ദക്ഷിണ കൊറിയയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. യുഎഇയും ദക്ഷിണ കൊറിയയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതുനീക്കം. ഹരിതോര്‍ജ്ജ പദ്ധതികളില്‍ കാര്യമായ നിക്ഷേപം നടത്താനാണ് മസ്ദര്‍ പദ്ധതിയിടുന്നത്. ലോകത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള പ്രകൃതി സൗഹൃദ പദ്ധതികളില്‍ കൂടുതല്‍ പങ്കാളിത്തം നേടുകയെന്ന യുഎഇ നയത്തിന്റെ ഭാഗമായി കൂടിയാണ് നീക്കം.

മസ്ദര്‍ സിഇഒ മൊഹമ്മദ് അല്‍ റമാഹിയും കൊറിയ എനര്‍ജി ഏജന്‍സി തലവന്‍ ഡോ. നാം ഹൂന്‍ കാംഗുമായി പുതിയ പദ്ധതി സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജയ് ഇന്നിന്റെ നാല് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനിടയിലാണ് കരാര്‍ ഒപ്പുവച്ചതെന്നതും ശ്രദ്ധേയമാണ്.

പുനരുപയോഗ ഊര്‍ജ്ജരംഗത്ത് ഇന്നൊവേറ്റിവ് ആയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് അബുദാബിയുടെ മസ്ദര്‍

കരാര്‍ പ്രകാരം വിവിധ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ കൊറിയ എനര്‍ജി ഏജന്‍സിയുടെ സഹകരണത്തോടെ മസ്ദര്‍ അവിടെ നടപ്പാക്കും. സോളാര്‍, വിന്‍ഡ് തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പുറമെ മാലിന്യസംസ്‌കരണത്തില്‍ നിന്നും ഊര്‍ജ്ജോല്‍പ്പാദനം നടത്തുന്ന ഇന്നൊവേറ്റിവ് പദ്ധതികളും മസ്ദര്‍ നടപ്പാക്കും.

കൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പുനരുപയോഗ ഊര്‍ജ്ജ മേഖലകളിലെ നിക്ഷേപം ശക്തിപ്പെടുത്തുന്നതിനും പുതിയ കരാര്‍ ഉപകരിക്കും. നവ ഊര്‍ജ്ജ വ്യവസായങ്ങളുടെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാനും നൂതനാത്മകമായ പദ്ധതികള്‍ അവതരിപ്പിക്കാനും ഇതുപോലുള്ള കരാറുകള്‍ സഹായകമാകും-മസ്ദര്‍ സിഇഒ അല്‍ റമാഹി പറഞ്ഞു.

ഭാവിയില്‍ പുനരുപയോഗ രംഗത്തെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഹകരണം ശക്തമാക്കാനും ഇരുകമ്പനികളും തീരുമാനിച്ചു. പുനരുപയോഗ ഊര്‍ജ്ജരംഗത്ത് ഇന്നൊവേറ്റിവ് ആയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് അബുദാബിയുടെ മസ്ദര്‍. ‘അബുദാബി സസ്റ്റയ്‌നബിലിറ്റി വീക്കി’ന്റെ ഭാഗമായാണ് ഇരുകമ്പനികളും പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Comments

comments

Categories: Arabia