മനുഷ്യജീവനുകളാണ് പ്രധാനം, തോക്കുകളല്ല

മനുഷ്യജീവനുകളാണ് പ്രധാനം, തോക്കുകളല്ല

തോക്കുകളേക്കാള്‍ ജീവനെ വിലകല്‍പ്പിക്കുന്നവര്‍ അമേരിക്കയില്‍ തെരുവിലിറങ്ങുകയാണ്. അമേരിക്കയില്‍ തോക്കുകളെ നിയന്ത്രിക്കുന്നതിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന ഉറച്ച സന്ദേശമാണ് അത് നല്‍കുന്നത്

വളരെ ചരിത്രപ്രാധാന്യമുള്ളതും പ്രസക്തവുമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്ക. തോക്കുകളെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യവുമായുള്ള മുന്നേറ്റം. ഓരോ വര്‍ഷവും 30,000 പേരുടെയെങ്കിലും ജീവനുകള്‍ അപഹരിക്കപ്പെടുന്നത് തോക്ക് ഉള്‍പ്പെട്ട അക്രമങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ ഓരോ അമേരിക്കന്‍ പൗരനും അര്‍ഹിക്കുന്നു, ചില ശക്തമായ നിയമങ്ങള്‍, തോക്കിനേക്കാള്‍ മനുഷ്യജീവന് വില കല്‍പ്പിക്കുന്ന നിയമങ്ങള്‍.

തോക്ക് ലോബിയുടെ മുന്നില്‍ നിശബ്ദമായിപ്പോയ അമേരിക്കന്‍ നിയമകര്‍ത്താക്കളുടെ ഉറക്കം കെടുത്തുന്ന ഈ മുന്നേറ്റത്തിന് ഇപ്പോള്‍ ഊര്‍ജ്ജം പകര്‍ന്ന മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അമേരിക്കയുടെ ഭാവി തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നത്. ഓരോ സ്‌കൂൡും തോക്കുധാരി വന്ന് കൂട്ടക്കുരുതി നടത്തിപ്പോകുമ്പോഴും അമേരിക്ക ഉണര്‍ന്നില്ല. തോക്ക് വ്യാപകമാകുന്നതുകൊണ്ടാണ് ഇതെന്ന് മനസിലാക്കി ശക്തമായ നിയമനിര്‍മാണം നടത്താനുള്ള ഇച്ഛാശക്തി ഒരു രാഷ്ട്രീയ നേതാവും കാണിച്ചുമില്ല. അവിടെയാണ് എമ്മ ഗോണ്‍സാലെസിനെപ്പോലുള്ള മിടുക്കികള്‍ അമേരിക്കയെ നിശബ്ദമാക്കുന്ന തരത്തില്‍ മനുഷ്യജീവന്റെ മൂല്യം വിളിച്ചോതി തെരുവിലേക്കിറങ്ങിയത്.

തോക്കുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി 800ഓളം നഗരങ്ങളില്‍ മാര്‍ച്ച് നടത്താന്‍ പ്രേരണയായത് നേരത്തെ പറഞ്ഞ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഗണ്‍ വയലന്‍സിനെതിരെയുള്ള ഏറ്റവും വലിയ പ്രതിഷേധമായി അലയടിച്ചുയരുന്നു ഇത്. അമേരിക്കന്‍ ജനതയുടെ കൈവശമുള്ളത് ഏകദേശം 27 കോടി തോക്കുകളാണെന്നാണ് കണക്ക്. 40 ശതമാനം യുഎസ് പൗരന്മാരും അവരുടെ വീടുകളില്‍ ഒരു തോക്കെങ്കിലും സൂക്ഷിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. എന്താണ് ഇതിന്റെ യുക്തി. തോക്കുകള്‍ ഇത്ര എളുപ്പം ഒരാള്‍ക്ക് ലഭ്യമാകുന്നതാണ് കൂട്ടക്കുരുതികളിലേക്ക് നയിക്കുന്നത്. ഗണ്‍ വയലന്‍സില്‍ അമേരിക്ക മുന്നില്‍ നില്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല.

കഴിഞ്ഞ വര്‍ഷം 58 പേരുടെ ജീവനെടുത്ത ലാസ് വേഗാസ് വെടിവെപ്പ് അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ മറന്നാലും അവിടുത്ത വിദ്യാര്‍ത്ഥികള്‍ മറക്കില്ല. അതിന് മുമ്പ് ഒര്‍ലാന്‍ഡോയില്‍ കൊല്ലപ്പെട്ട 49 പേരെയും. 17 പേര്‍ കൊല്ലപ്പെട്ട ഏറ്റവും ഒടുവിലത്തെ ഫ്‌ളോറിഡ പാര്‍ക്ക് ലാന്‍ഡ് വെടിവെപ്പിനെ അതിജീവിച്ച പെണ്‍കുട്ടിയാണ് എമ്മ. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്ന അസ്വാഭാവികതയിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും അമേരിക്കന്‍ സര്‍ക്കാരിന് തന്നെയാണ്. ദശലക്ഷക്കണക്കിന് ഡോളറുകളുടെ ലോബിയിംഗ് നടത്തിയാണ് തോക്ക് വ്യാപാരം ചെയ്യുന്നവര്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരെ ഒതുക്കി നിര്‍ത്തുന്നത്. ജനാധിപത്യത്തിന് പേരു കേട്ട യുഎസില്‍ ഇനിയും ഇത് അനുവദിക്കപ്പെടരുത്. എന്ത് വില കൊടുത്തും ഗണ്‍ വയലന്‍സ് നിയന്ത്രിക്കേണ്ടത് അമേരിക്കന്‍ ഭരണകൂടത്തിന്റെ ധാര്‍മിക ബാധ്യതയാണ്. അല്ലെങ്കില്‍ അരാജകത്വം നിറഞ്ഞ ഒരു സമൂഹനിര്‍മിതിയുടെ ഭാഗമായി അവിടുത്തെ ഓരോ രാഷ്ട്രീയ നേതാവും മുദ്രകുത്തപ്പെടും, തീര്‍ച്ച.

Comments

comments

Categories: Editorial, Slider