ഹോണ്ട ഡബ്ല്യുആര്‍-വി വില്‍പ്പന 50,000 പിന്നിട്ടു

ഹോണ്ട ഡബ്ല്യുആര്‍-വി വില്‍പ്പന 50,000 പിന്നിട്ടു

സിറ്റി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഹോണ്ടയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലര്‍

ന്യൂഡെല്‍ഹി : ഹോണ്ട ഡബ്ല്യുആര്‍-വി എസ്‌യുവിയുടെ ഇന്ത്യയിലെ വില്‍പ്പന അമ്പതിനായിരം യൂണിറ്റ് പിന്നിട്ടു. ഇതോടെ സിറ്റി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഹോണ്ടയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറായി ഡബ്ല്യുആര്‍-വി മാറി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ ഹോണ്ട ഡബ്ല്യുആര്‍-വി അവതരിപ്പിച്ചത്. ഇന്ത്യയില്‍ തങ്ങളുടെ കാറുകളുടെ വില്‍പ്പനയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഇടിവ് മറികടക്കുന്നതിന് ഡബ്ല്യുആര്‍-വി ഹോണ്ടയെ സഹായിച്ചു. ഇതുവരെ ഡബ്ല്യുആര്‍-വിയുടെ 50,000 ല്‍ കൂടുതല്‍ യൂണിറ്റ് വിറ്റതായി ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു.

2017 മാര്‍ച്ചിലാണ് ഹോണ്ട ഡബ്ല്യുആര്‍-വി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2017-18 ല്‍ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ആകെ വില്‍പ്പനയില്‍ 28 ശതമാനമാണ് ഡബ്ല്യുആര്‍-വിയുടെ സംഭാവന. വേരിയന്റുകളില്‍ ടോപ് വേരിയന്റായ വിഎക്‌സ് ആണ് ഏറ്റവുമധികം വിറ്റുപോയത്. 80 ശതമാനം. 42 ശതമാനം പെട്രോള്‍ ഡബ്ല്യുആര്‍-വി വിറ്റപ്പോള്‍ ഡീസല്‍ വകഭേദത്തിന്റെ വില്‍പ്പന 58 ശതമാനമാണ്. മെട്രോ, ഒന്നാം നിര നഗരങ്ങളിലാണ് ഏറ്റവുമധികം ഹോണ്ട ഡബ്ല്യുആര്‍-വി വിറ്റത്. 38 ശതമാനം.

1.5 ലിറ്റര്‍ ഡിഒഎച്ച്‌സി ഐ-ഡിടെക് ഡീസല്‍ എന്‍ജിന്‍ 3,600 ആര്‍പിഎമ്മില്‍ 100 പിഎസ് കരുത്തും 1,750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി പ്രവര്‍ത്തിക്കുന്നത്. 25.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലിറ്റര്‍ എസ്ഒഎച്ച്‌സി ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 90 പിഎസ് കരുത്തും 4,800 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. 17.5 കിലോമീറ്ററാണ് ഇന്ധനക്ഷമത.

2017-18 ല്‍ ഹോണ്ടയുടെ ഇന്ത്യയിലെ ആകെ വില്‍പ്പനയില്‍ 28 ശതമാനമാണ് ഡബ്ല്യുആര്‍-വിയുടെ സംഭാവന

ഹോണ്ട ജാസിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഡബ്ല്യുആര്‍-വിയുടെ എതിരാളികള്‍ മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവയാണ്. ഇന്ത്യ കൂടാതെ ബ്രസീലാണ് ഹോണ്ട ഡബ്ല്യുആര്‍-വിയുടെ മറ്റൊരു പ്രധാന വിപണി.

Comments

comments

Categories: Auto