ട്രെന്‍ഡി വസ്ത്രങ്ങളുമായി ഡോവ്

ട്രെന്‍ഡി വസ്ത്രങ്ങളുമായി ഡോവ്

ഒരു ബിസിനസ് എന്നതിനപ്പുറം ഡിസൈനിംഗ് എന്ന പാഷനിലൂടെ മേഖലയിലേക്ക് കടന്നുവന്ന സംരംഭമാണ് ഡാര്‍ലിംഗ്‌സ്‌ ഓഫ് വീനസ് (ഡോവ്). മിതമായ വിലയില്‍ ആകര്‍ഷകമായ ഡിസൈനിംഗിലൂടെയാണ് ഇവര്‍ വിപണിയില്‍ ശ്രദ്ധേയരാകുന്നത്

അനുദിനം മാറുന്ന ഫാഷന്‍ ട്രന്‍ഡുകള്‍ക്ക് വ്യത്യസ്ത മുഖം നല്‍കുകയാണ് ഡാര്‍ലിംഗ്‌സ്‌ ഓഫ് വീനസ് (ഡോവ്). നിഷ, പ്രിയങ്ക എന്നീ സഹോദരിമാര്‍ നാലുവര്‍ഷം മുമ്പ് കോഴിക്കോട് തുടക്കമിട്ട ഡോവ് എന്ന സ്ഥാപനത്തിലൂടെ അവരുടെ ഡിസൈനിംഗ് പാഷന്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

ചെറുപ്പകാലം മുതല്‍ക്കെ ഡിസൈനിംഗിനോട് താല്‍പര്യമുണ്ടായിരുന്ന സഹോദരിമാര്‍ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്താണ് മേഖലയിലേക്കുള്ള തുടക്കം. പിന്നീട് ഡിസൈനിംഗിനോട് താല്‍പ്പര്യം ഏറിയതോടെ ഹൈദരാബാദിലെ ജൂബിലി സ്‌കൂള്‍ ഓഫ് ഫാഷനില്‍ നിന്നും ആറുമാസത്തെ ഡിസൈനിംഗ് ഡിപ്ലോമ പഠിച്ചു. പിന്നീട് 2006 മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കേരളത്തിന്റെ വിവിധയിടങ്ങളിലായി എക്‌സിബിഷനുകള്‍ നടത്തി. എക്‌സിബിഷനുകളിലെ വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയത് മേഖലയിലേക്ക് കൂടുതല്‍ സജീവമാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2014 വരെ കേരളത്തിനകത്തും പുറത്തുമായി നിരവധി എക്‌സിബിഷനുകളില്‍ ഇരുവരും താരമായി. എട്ടുവര്‍ഷക്കാലത്തോളം എക്‌സിബിഷനുകളില്‍ മാത്രം സജീവമായ അവര്‍ ആ വിജയത്തിന്റെ പിന്തുണയോടെയാണ് ഡോവ് എന്ന പേരില്‍ ബൊട്ടീക്കിന് തുടക്കമിടുന്നത്.

സ്വന്തമായി ഒരു ബോട്ടീക് എന്നത് ഇരു സഹോദരിമാരുടേയും ചിരകാല സ്വപ്‌നങ്ങളിലൊന്നായിരുന്നു. 2014ല്‍ ചെറിയ രീതിയില്‍ ഡോവ് ആരംഭിക്കുമ്പോള്‍ വസ്ത്രങ്ങളുടെ കളക്ഷന്‍സ് വളരെ കുറവായിരുന്നു. അക്കാലത്ത് വസ്ത്രങ്ങളുടെ ഉല്‍പ്പാദനം തുടങ്ങിയിരുന്നില്ല. ചുരിദാറുകളിലും സാരികളിലുമാണ് ഇവിടെ ഏറ്റവുമധികം ഡിസൈനുകള്‍ ചെയ്തുവരുന്നത്. എല്ലാതരം തുണികളും ഡിസൈനിംഗിനായി തെരഞ്ഞെടുക്കാറുണ്ടെങ്കിലും കൂടുതല്‍ പരീക്ഷണങ്ങളും ഷിഫോണ്‍ തുണികളിലാണെന്ന് ഡോവിന്റെ മാനേജിംഗ് ഡയറക്റ്ററും ഡിസൈനറുമായ നിഷ പറയുന്നു. തുടക്കത്തില്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്താണ് ഷോറൂമിലേക്കുള്ള വസ്ത്രങ്ങള്‍ എടുത്തിരുന്നത്, പിന്നീട് വസ്ത്ര മാനുഫാക്ചറിംഗിലേക്കും കടന്നു. മാനുഫാക്ചറിംഗ് പൂര്‍ണമായും നടക്കുന്നത് ഡല്‍ഹിയിലാണ്.

മല്‍സരാധിഷ്ഠിത മേഖലയാണ് ടെക്‌സ്റ്റൈല്‍ വിപണി. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നതിനൊപ്പം ഏറ്റവും പുതിയ ട്രെന്‍ഡും പഠിച്ചിരിക്കണം. നമ്മുടെ ഡിസൈന്‍ മാര്‍ക്കറ്റില്‍ ക്ലിക്ക് ആകുമോ എന്നു ചിന്തിച്ചു മാത്രമേ ബൊട്ടീക്കിലേക്ക് ഇറങ്ങാവൂ. ഫാഷനെക്കുറിച്ച് സദാ ബോധാവാന്‍മാരായിരിക്കണം
നിഷ മാനേജിംഗ് ഡയറക്റ്റര്‍ & ഡിസൈനര്‍ ഡാര്‍ലിംഗ്‌സ്‌ ഓഫ് വീനസ് (ഡോവ്)

കൂടുതല്‍ ചെലവുകള്‍ വരുത്തി ബിസിനസ് ചെയ്യുമ്പോള്‍ അതിനു തക്കതായ വില ഉല്‍പ്പന്നങ്ങളില്‍ നിന്നും ഈടാക്കേണ്ടി വരും. അതുകൊണ്ടുതന്നെ അമിത വിലയിട്ട് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷ പറയുന്നു. മറ്റ് ബൊട്ടീക്കുകളില്‍ നിന്നും ഡോവിനെ വ്യത്യസ്തമാക്കുന്നതും ഈ രീതിതന്നെ. മിതമായ വിലയിലാണ് ഇവിടെ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്‌പെഷല്‍ പരിപാടികള്‍ക്കും മറ്റുമായി ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ പിന്നീടും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് ഡിസൈന്‍ ചെയ്തു നല്‍കുന്നുവെന്നതും ഡോവിന്റെ പ്രത്യേകതയാണ്. ഒരു സംരംഭം എന്ന നിലയില്‍ ഡോവ് മുന്നോട്ടു കൊണ്ടുപോകുമ്പോഴും എനിക്ക് ഡിസൈനിഗ് മാത്രമേ അറിയൂ. ബിസിനസ് എന്താണെന്നും അതു എങ്ങനെ ചെയ്യണമെന്നു പറഞ്ഞുതന്ന് ഒപ്പം നില്‍ക്കുന്നത് ഭര്‍ത്താവും കുടുംബവുമാണ്- നിഷ പറയുന്നു.

ഒരു ബിസിനസ് എന്നതിനപ്പുറം ചില സാമൂഹിക ഇടപെടലുകളിലും ഡോവിന്റെ സാന്നിധ്യം ഇന്ന് കോഴിക്കോട് സജീവമാണ്. ഒട്ടുമിക്ക ആഘോഷവേളകളിലും അനാഥരായ കുട്ടികള്‍ക്കൊപ്പം കുറച്ചു സമയം മാറ്റിവെക്കാന്‍ ഇവര്‍ സമയം കണ്ടെത്തുന്നു. മാത്രമല്ല ബിസിനസില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് ഏതെങ്കിലും രീതിയില്‍ അവര്‍ക്കു നല്‍കുകയും ചെയ്യുന്നു.

Comments

comments