ഗ്രാമങ്ങളുടെ മുഖഛായ മാറ്റിയ യുവ സര്‍പഞ്ചുകള്‍

ഗ്രാമങ്ങളുടെ മുഖഛായ മാറ്റിയ യുവ സര്‍പഞ്ചുകള്‍

പരമ്പരാഗതമായി ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്ത് സ്വന്തം ഗ്രാമങ്ങളില്‍ കാലികമായ മാറ്റം കൊണ്ടുവന്ന അഞ്ച് സര്‍പഞ്ചുകള്‍. വിദ്യാഭ്യാസംകൊണ്ടു മാത്രമല്ല പ്രായോഗിക പരിജ്ഞാനത്തിലും ഇവര്‍ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഉള്‍നാടന്‍ ഗ്രാമങ്ങളെ പഠിപ്പിക്കുകയാണ്

സര്‍പഞ്ച് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക തലപ്പാവ് കെട്ടി വിശാലമായ മരത്തണലില്‍ ഒരു സംഘം ആളുകള്‍ക്കിടയിലിരുന്ന് പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന പ്രായമേറിയ പുരുഷനാകും. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വളരെ പരിചിതമായ വാക്കാണ് സര്‍പഞ്ച്. ഗ്രാമത്തലവന്‍ എന്നാണ് ഇതിനര്‍ത്ഥം. ഇന്ന് ഗ്രാമപഞ്ചായത്തുകളിലേക്ക് വഴിമാറുന്ന ഇവരിലൂടെയാണ് പ്രാദേശിക ഭരണകാര്യങ്ങള്‍ നടത്തപ്പെടുന്നത്. പണ്ടുകാലങ്ങളിലേതുപോലെ ഗ്രാമീണര്‍ തമ്മിലുള്ള തമ്മില്‍തല്ല് തീര്‍ക്കുന്ന സര്‍പഞ്ചുകളില്‍ നിന്നും മാറ്റങ്ങള്‍ ഏറെയാണ്. മിക്ക ഇടങ്ങളിലും യുവനിര ഈ സ്ഥാനം കൈയടക്കി. മാത്രമല്ല സര്‍ക്കാരിന്റെ വിവിധ തലങ്ങളിലേക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും ചെയ്തിരിക്കുന്നു. പണ്ട് പുരുഷന്‍മാര്‍ മാത്രം സജീവമായ മേഖലയില്‍ ഇന്ന് സ്ത്രീകളുമുണ്ട്.

സര്‍ക്കാര്‍ നടപ്പാക്കുന്ന ഏതൊരു പദ്ധതിയും അതേപടി നടപ്പാക്കുന്നതിന് പകരം തങ്ങളുടെ ഗ്രാമത്തിനും ഗ്രാമീണര്‍ക്കും യോജിക്കാത്തതിനെതിരെ ശബ്ദമുയര്‍ത്താനും കാലാകാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുടച്ചുനീക്കാനും ധൈര്യപ്പെട്ടിരിക്കുന്ന ചില സര്‍പഞ്ചുകളെ ഇവിടെ പരിചയപ്പെടാം. പ്രായോഗിക പരിജ്ഞാനത്തിനൊപ്പം മികച്ച വിദ്യാഭ്യാസ യോഗ്യതകളും ഇവര്‍ കൈമുതലാക്കിയിരിക്കുന്നു. സ്ത്രീകളിലെ മൂടുപടങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ, ലിംഗ വിവേചനത്തിനും അഴിമതികള്‍ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ തയാറായിരിക്കുന്നവരാണിവര്‍.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍പഞ്ച്- ജബ്‌ന ചൗഹാന്‍

ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ താര്‍ജുന്‍ ഗ്രാമത്തിലെ സര്‍പഞ്ചാണ് ജബ്‌ന ചൗഹാന്‍. കഴിഞ്ഞ വര്‍ഷം 22ാംവയസില്‍ ജബ്‌ന ഇവിടെ തെരഞ്ഞെടുക്കപ്പെട്ടതോടെ താര്‍ജുന്‍ ഗ്രാമം കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു പെണ്‍കുട്ടി സര്‍പഞ്ച് ആകുന്നത് ആദ്യമായിട്ടാണ്. ഹിമാചലിലെ പ്രായം കുറഞ്ഞ സര്‍പഞ്ച് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍പഞ്ചായാണ് ജബ്‌ന ചരിത്രമായത്.

മാറ്റത്തിന്റെ തുടക്കം ഏറ്റവും താഴെത്തട്ടില്‍ നിന്നാകണമെന്നു ബോധ്യമായതോടെയാണ് ഛവി രജാവത്ത് സര്‍പഞ്ച് റോളിലേക്ക് കടന്നുവരുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ നിലവിലെ സ്ഥിതിയില്‍ സജീവമാകുന്നതിനും മുമ്പുതന്നെ തന്റെ ഗ്രാമത്തിലെ വീടുകളില്‍ ടോയ്‌ലെറ്റ് സംവിധാനമൊരുക്കാന്‍ ഇവര്‍ നേതൃത്വം നല്‍കി. ആകെയുള്ള 900 വീടുകളില്‍ 800ലും ടോയ്‌ലെറ്റ് സംവിധാനം ഒരുക്കിയാണ് സോദ ഗ്രാമം മാതൃകയാകുന്നത്

തന്റെ ഗ്രാമം മറ്റുള്ളവര്‍ക്കൊരു മാതൃക ആവണമെന്ന ആഗ്രഹത്താലാണ് ജബ്‌ന തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ഒരു വാര്‍ത്താചാനലിലെ അവതാരകയും റിപ്പോര്‍ട്ടറുമായിരുന്നു ഈ പെണ്‍കുട്ടി ഒരു വര്‍ഷത്തിനുള്ളില്‍ താര്‍ജുന്‍ ഗ്രാമം കണ്ട മികച്ച വികസനോന്മുഖ പരിപാടികള്‍ക്കാണ് തുടക്കമിട്ടത്. പഞ്ചായത്തിന്റെ ജനറല്‍ അസംബ്ലി മീറ്റിംഗില്‍ ഇവര്‍ ആദ്യം മുന്നോട്ടു വെച്ചത് മദ്യനിരോധനമാണ്. ഗ്രാമത്തില്‍ നിന്നുതന്നെ നിരവധി എതിര്‍പ്പുകള്‍ വന്നെങ്കിലും ജബ്‌ന തന്റെ നയവുമായി മുന്നോട്ടുപോയി. ഗവര്‍ണര്‍ ആചാര്യ ദേവ് വിരാട് അടക്കം നിരവധി ആളുകള്‍ ഇക്കാര്യത്തില്‍ അഭിനന്ദിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് ജബ്‌നയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഏറ്റവും മികച്ച സര്‍പഞ്ച് എന്ന ബഹുമതിയും നല്‍കി. അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുള്ള അഭിനന്ദനത്തിനു പുറമെ ഗ്രാമത്തില്‍ നടപ്പാക്കിയ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളെ ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ തന്റെ ടോയ്‌ലറ്റ്- ഏക് പ്രേം കഥ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെയും പ്രശംസിച്ചിരുന്നു.

പന്‍സാരിയില്‍ വൈ-ഫൈ സൗകര്യമൊരുക്കി ഹിമാന്‍ഷു പട്ടേല്‍

ഗുജറാത്തിലെ പന്‍സാരി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഹിമാന്‍ഷു പട്ടേലിന് അവിടെ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ നേരിട്ടറിയാം. ഉന്നത വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും അടുത്ത ടൗണിലേക്ക് സ്ഥലം മാറിയതോടെയാണ് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അജഗജാന്തര വ്യത്യാസങ്ങള്‍ ഹിമാന്‍ഷു നേരിട്ട് അനുഭവിച്ചത്. തന്റെ പതിനേഴാം വയസു മുതല്‍ നിലവിലുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ എങ്ങനെയൊക്കെ നടപ്പാക്കി ഗ്രാമത്തില്‍ മാറ്റം കൊണ്ടുവരാം എന്നതിനേക്കുറിച്ചുള്ള പഠനം ഹിമാന്‍ഷു നടത്തിയിരുന്നു, 2006ല്‍ 22ാം വയസിലാണ് അദ്ദേഹം പന്‍സാരിയില്‍ സര്‍പഞ്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അധ്യാപകര്‍, ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരെ ഒന്നിച്ചുചേര്‍ത്ത് ഒരു 60 അംഗ ടീമുണ്ടാക്കി ഗ്രാമം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികള്‍ മനസിലാക്കി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.

ഹിമാന്‍ഷു സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ പന്‍സാരി ഗ്രാമത്തില്‍ വൈദ്യുതി ലഭിച്ചു. തെരുവുവിളക്കുകള്‍, കോണ്‍ക്രീറ്റ് റോഡുകള്‍, ജലവിതരണ സംവിധാനം, വീടുകളില്‍ ടോയ്‌ലെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഗ്രാമീണരെ അപ്പോള്‍തന്നെ അറിയിക്കുന്നതിനായി വിവിധ പ്രദേശങ്ങളില്‍ 14 സ്പീക്കറുകള്‍ സ്ഥാപിച്ച് ആശയവിനിമയവും പൊതുകാര്യങ്ങളിലുള്ള അവബോധവും സാധ്യമാക്കി. ഗുജറാത്തില്‍ ആദ്യമായി ഹൈ സ്പീഡ് വൈ-ഫൈ ഒരുക്കുന്ന ആദ്യ ഗ്രാമമെന്ന പേരും ഇപ്പോള്‍ പന്‍സാരിക്ക് സ്വന്തം. ഒരു ദശാബ്ദത്തോളമായി സര്‍പഞ്ച് സേവനമനുഷ്ടിക്കുന്ന ഹിമാന്‍ഷു, തന്റെ ഗ്രാമത്തിലെ ആളുകളെ ബിപിഎല്ലില്‍ നിന്നും എപിഎല്ലിലേക്ക് ഉയര്‍ത്താനായാതാണ് മികച്ച നേട്ടമായി കണക്കാക്കുന്നത്. ഗ്രാമത്തില്‍ സോളാര്‍ ലൈറ്റുകള്‍ ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലുള്ള ഏക ലക്ഷ്യം.

സ്ത്രീകളെ മൂടുപടത്തില്‍ നിന്നും രക്ഷിച്ച സുധാ ഭാഡു

ഹരിയാനയിലെ ധാനി മിയാന്‍ ഖാന്‍ ഗ്രാമത്തില്‍ നിന്നുള്ള സര്‍പഞ്ചാണ് സുധാ ഭാഡു. ബിഷ്‌നോയി സമുദായക്കാരിയായ സുധാ ഭാഡു സമൂഹത്തില്‍ പരാമ്പരാഗതമായി നിലനിന്നിരുന്ന ആചാരങ്ങളെ വെല്ലുവിളിച്ചാണ് സര്‍പഞ്ച് സ്ഥാനത്തേക്ക് മല്‍സരിച്ചതുതന്നെ. സ്ത്രീകള്‍ പൊതുവെ വീടുകളില്‍ മാത്രം ഒതുങ്ങിയ ഒരു സമുദായത്തില്‍ നിന്നും പൊതുജനമധ്യത്തിലേക്ക് കടന്നുവന്നതു കൂടാതെ, ആ സമുദായം കാലങ്ങളായി സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഖൂംഖട്ട് (സ്ത്രീകള്‍ സാരിത്തലപ്പുകൊണ്ട് മുഖം പൂര്‍ണമായി മറയ്ക്കുന്ന രീതി) എന്ന മുഖാവരണം പൊതുജനമധ്യത്തില്‍ മാറ്റാന്‍ ആഹ്വാനം നല്‍കി. സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീയുടെ വ്യക്തിത്വം മറയ്ക്കുന്ന മുഖാവരണം മാറ്റാനുള്ള പ്രഖ്യാപനം നടത്തിയ അവരെ പ്രദേശവാസികളായ സ്ത്രീകള്‍ പിന്തുണച്ചു രംഗത്തു വരികയും ചെയ്തിരുന്നു. ഒരു ദേശീയ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി ഒരു തയ്യല്‍കേന്ദ്രം തുടങ്ങിയ സുധ കുട്ടികളുടെ പഠനത്തിനും ഗ്രാമത്തിലെ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളിലും മികച്ച ഇടപെടലുകള്‍ നടത്തുന്നുണ്ട്. മികച്ച ഗ്രാമ മാതൃകയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ ഗ്രാമ പുരസ്‌കാരവും സുധയുടെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ധാനി മിയാന്‍ ഖാന്‍ ഗ്രാമം നേടി. ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കാനും ഇവര്‍ മുന്‍കൈയെടുക്കുന്നു.

ലിംഗനിര്‍ണയ പരിശോധന നിര്‍ത്തലാക്കാന്‍ ലക്ഷ്യമിട്ട് രണ്‍ധീര്‍ സിംഗ്

ബോളിവുഡ് നടന്‍ അമീര്‍ഖാന്റെ സത്യമേവ ജയതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലിംഗനിര്‍ണയ പരിശോധന നിര്‍ത്താലാക്കാനുള്ള തീവ്രയത്‌നത്തിലാണ് രാജസ്ഥാനിലെ ബുദാനിയ ഗ്രാമത്തിലെ സര്‍പഞ്ചായ രണ്‍ധീര്‍ സിംഗ്. അനധികൃതമായി ലിംഗനിര്‍ണയ പരിശോധന നടക്കുന്ന നിരവധി കേന്ദ്രങ്ങള്‍ രാജസ്ഥാനിലുണ്ട്, പ്രത്യേകിച്ചും ഝുന്‍ഝുനു, ഛൂരു, സിക്കര്‍ ജില്ലകളില്‍. 2001 ലെ സെന്‍സസില്‍ ലിംഗാനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 909 പെണ്‍കുട്ടികള്‍ എന്ന നിലയില്‍ നിന്നും 2011ല്‍ 883 പെണ്‍കുട്ടികള്‍ (0-6 വയസ്) ആയി കുറഞ്ഞിരുന്നു. പരിശോധനയിലൂടെ പെണ്‍കുട്ടിയാണെന്ന് അറിഞ്ഞാല്‍ നടക്കുന്ന അബോര്‍ഷന്‍ ഇല്ലാതാക്കുന്നതിനായി രണ്‍ധീര്‍ സിംഗ് ഒരു ആറംഗ കമ്മിറ്റിക്ക് രൂപം നല്‍കി. നഴ്‌സുമാരും മിഡ്‌വൈഫുമാരും അടങ്ങുന്ന ഈ കമ്മിറ്റിയുടെ വിവരങ്ങള്‍ പ്രകാരം ഒരാള്‍ ലിംഗനിര്‍ണയം നടത്തിയാല്‍ ആ സ്ത്രീക്കെതിരെയോ ബന്ധുക്കള്‍ക്കെതിരെയോ നിര്‍ബന്ധിത അബോര്‍ഷന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നുണ്ട്.

എംബിഎ യോഗ്യതയുള്ള ആദ്യ സര്‍പഞ്ച്

മാറ്റത്തിന്റെ തുടക്കം ഏറ്റവും താഴെത്തട്ടില്‍ നിന്നാകണമെന്നു ബോധ്യമായതോടെയാണ് ഛവി രജാവത്ത് സര്‍പഞ്ച് റോളിലേക്ക് കടന്നുവരുന്നത്. പൂനെയില്‍ നിന്നും എംബിഎ പഠനം കഴിഞ്ഞ ഛവി ടൈംസ് ഓഫ് ഇന്ത്യ, എയര്‍ടെല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സര്‍പഞ്ചാകുന്നത്. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ സോദ ഗ്രാമത്തിലെ ഛവി എംബിഎ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ സര്‍പഞ്ചാണ്. ഗ്രാമത്തില്‍ ഇതിനോടകം നാല്‍പ്പതില്‍ പരം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയും കുടിവെള്ളവിതരണം തടസം കൂടാതെ നടത്താനും ഛവി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. സ്വച്ഛ് ഭാരത് അഭിയാന്‍ നിലവിലെ സ്ഥിതിയില്‍ സജീവമാകുന്നതിനും വളരെ മുമ്പുതന്നെ തന്റെ ഗ്രാമത്തിലെ വീടുകളില്‍ ടോയ്‌ലെറ്റ് സംവിധാനമൊരുക്കാന്‍ ഇവര്‍ നേതൃത്വം നല്‍കി. ആകെയുള്ള 900 വീടുകളില്‍ 800ലും ടോയ്‌ലെറ്റ് സംവിധാനം ഒരുക്കിയാണ് സോദ ഗ്രാമം മാതൃകയാകുന്നത്.

Comments

comments

Categories: FK Special, Slider