ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടാല്‍ സ്മിത്തിനും വാര്‍ണറിനും 20 കോടിയോളം രൂപ നഷ്ടമാകും

ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടാല്‍ സ്മിത്തിനും വാര്‍ണറിനും 20 കോടിയോളം രൂപ നഷ്ടമാകും

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് ഭീഷണയിലായിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഉപ നായകന്‍ ഡേവിഡ് വാര്‍ണറിനും ശിക്ഷ നേരിടേണ്ടി വന്നാല്‍ ഇരുപത് കോടിയോളം ഇന്ത്യന്‍ രൂപ നഷ്ടമാകും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ പ്രകാരം സ്റ്റീവ് സ്മിത്തിന് 1.85 മില്യണ്‍ യുഎസ് ഡോളറും ഡേവിഡ് വാര്‍ണറിന് 810,000 യുഎസ് ഡോളറുമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. വര്‍ഷത്തില്‍ ഓസ്‌ട്രേലിയന്‍ ടീം കളിക്കുന്നത് 13 ടെസ്റ്റ്, 24 ഏകദിന, 5 ട്വന്റി 20 മത്സരങ്ങളാണ്. മാച്ച് ഫീ ഇനത്തില്‍ 14000, 7000, 5000 യുഎസ് ഡോളര്‍ വീതമാണ് യഥാക്രമം ടെസ്റ്റ്, ഏകദിന, ട്വന്റി 20 വിഭാഗങ്ങളിലെ ഓരോ മത്സരത്തിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് നല്‍കുന്നത്.

ഇത്തരത്തില്‍, വര്‍ഷത്തെ എല്ലാ മത്സരങ്ങളിലും ഇറങ്ങുന്ന താരത്തിന് പ്രതിവര്‍ഷം മാച്ച് ഫീസായി 370,000 ഡോളര്‍ സമ്പാദിക്കാം. വിലക്ക് നേരിടേണ്ടി വന്നാല്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ് മത്സരങ്ങളും നഷ്ടമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിനെ സ്വന്തമാക്കിയത് 12 കോടി രൂപയ്ക്കും ഡേവിഡ് വാര്‍ണറിനെ സണ്‍റൈസ്‌ഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചത് 12.5 കോടി രൂപ പ്രതിഫലം നല്‍കിയുമായിരുന്നു. അതേസമയം, ബിഗ് ബാഷ് ലീഗില്‍ ഇരു താരങ്ങളുടേയും മൂല്യം 150,000 യുഎസ് ഡോളറാണ്. ഈ കണക്ക് പ്രകാരം, ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണെങ്കില്‍ സ്റ്റീവ് സ്മിത്തിന് ഏകദേശം 19.71 കോടി ഇന്ത്യന്‍ രൂപയും ഡേവിഡ് വാര്‍ണറിന് 19.6 കോടി രൂപയും നഷ്ടമാകും.

Comments

comments

Categories: Slider, Sports