അഭയ കേസ്; വിചാരണ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

അഭയ കേസ്; വിചാരണ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

 

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ മാറ്റിവെക്കില്ലെന്ന് ഹൈക്കോടതി. വിചാരണ മാറ്റിവെക്കണമെന്ന പ്രതികളുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫാ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി തുടങ്ങിവരാണ് കേസിലെ പ്രധാന പ്രതികള്‍. തങ്ങള്‍ക്കെതിരായ കേസ് കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും യാതൊരു തെളിവുകളും തങ്ങള്‍ക്കെതിരെ ഇല്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ പ്രതികള്‍ക്കെതിരായ കുറ്റപത്രം പോലും വായിച്ചു കേള്‍പ്പിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ വിചാരണ തടയുന്നത് ഉചിതമല്ലെന്നും സിബിഐ അഭിഭാഷകന്‍ മറുപടി പറഞ്ഞു. പ്രതികള്‍ക്കെതിരായ സാക്ഷിമൊഴികളും കുറ്റപത്രവും ആവശ്യമെങ്കില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. നാളെ തിരുവന്തപുരം കോടതിയില്‍ ഇത് സംബന്ധിച്ച വിചാരണയ്ക്ക് തുടക്കമാകും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന കേസാണ് ഇത്. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം തുടക്കത്തില്‍ അന്വേഷിച്ച ലോക്കല്‍ പൊലിസും ക്രൈം ബ്രാഞ്ചും ഇത് ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയിരുന്നു. തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്. സംഭവ ദിവസം രാത്രി കോണ്‍വെന്റില്‍ പുരോഹിതനെയും കന്യാസ്ത്രീയെയും കണ്ടതാണ് അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയതു. ഇതേതുടര്‍ന്ന് ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ 2008 നവംബര്‍ 19ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേസില്‍ നിന്നും വിടുതല്‍ തേടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ടാം പ്രതിയായിരുന്ന ഫാ ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം നടന്ന സമയത്ത് ഫാ ജോസ് കോണ്‍വെന്റില്‍ എത്തിയെന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

 

 

Comments

comments

Categories: FK News
Tags: abhaya