സമുദ്രത്തിന്റെ അടിത്തട്ടില്‍ ഗവേഷണം നടത്താന്‍ ഇനി യന്ത്ര മത്സ്യവും

സമുദ്രത്തിന്റെ അടിത്തട്ടില്‍ ഗവേഷണം നടത്താന്‍ ഇനി യന്ത്ര മത്സ്യവും

കാലിഫോര്‍ണിയ: തൊഴിലിടങ്ങളിലും, ബഹിരാകാശദൗത്യങ്ങളിലും യന്ത്രമനുഷ്യര്‍ സ്വാധീനമുറപ്പിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് വായിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഗവേഷണം നടത്താന്‍ പ്രാപ്തിയുള്ള റോബോട്ടിക് മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നു. സോഫി (SoFi -soft robotic fish) എന്നു പേരിട്ടിരിക്കുന്ന യന്ത്ര മത്സ്യത്തെ വികസിപ്പിച്ചത് അമേരിക്കയിലെ എംഐടിയിലെ (മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയിലാണ്. ഇവയെ ശബ്ദത്തിന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നു ഗവേഷകര്‍ പറയുന്നു. ഹൈഡ്രോളിക് പമ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യത്തിന്റെ വാല്, സാധാരണ മത്സ്യങ്ങളെ പോലെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതാണ്. ഹൈഡ്രോളിക് പമ്പ് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷനാണു ലഭ്യമാക്കിയത്.

ഫിജിയിലെ റെയ്ന്‍ബോ റീഫില്‍ കഴിഞ്ഞ ദിവസം സോഫിയുടെ പരീക്ഷണ നീന്തല്‍ നടത്തി. 40 മിനിറ്റു കൊണ്ട് 50 അടി വരെ ആഴത്തില്‍ സോഫി നീന്തുകയുണ്ടായി. വെള്ളത്തിനിടയില്‍ സഞ്ചരിക്കുമ്പോള്‍ പാറക്കൂട്ടങ്ങളുമായോ മറ്റു വസ്തുക്കളുമായോ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ സോഫിക്കുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സഞ്ചരിച്ചപ്പോള്‍ built-in ഫിഷ് ഐ ലെന്‍സ് കാമറ ഉപയോഗിച്ചു വീഡിയോയും എടുക്കുകയും ചെയ്തു. നിലവില്‍ വീഡിയോ ഉപയോഗിക്കാനുള്ള സംവിധാനം മാത്രമാണുള്ളത്. മോള്‍ഡ് ചെയ്‌തെടുത്തതും, 3ഡി പ്രിന്റഡ് പ്ലാസ്റ്റിക്കും ഉപയോഗിച്ചാണു സോഫിയെ നിര്‍മിച്ചത്. കംപ്രസഡ് വായു നിറച്ച ടാങ്ക് സോഫിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. 3.5 പൗണ്ട് തൂക്കമാണു സോഫിയുടേത്. വെള്ളത്തിനടിയില്‍ 60 അടി വരെ ഡൈവ് ചെയ്യാന്‍ സോഫിക്കു സാധിക്കും. സമുദ്രത്തിലെ ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിനും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സോഫിയെ ഇനിമുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു ശാസ്ത്രലോകം.

Comments

comments

Categories: FK Special, Slider