വഴി തെറ്റിച്ചാല്‍ ഇനി ഗൂഗിള്‍മാപ്പ് ചോദിക്കും; നിന്നോട് ഞാന്‍ ‘മലയാളത്തില്‍’ തന്നെയല്ലേ വലത്തോട്ട് തിരിയാന്‍ പറഞ്ഞതെന്ന്

വഴി തെറ്റിച്ചാല്‍ ഇനി ഗൂഗിള്‍മാപ്പ് ചോദിക്കും; നിന്നോട് ഞാന്‍ ‘മലയാളത്തില്‍’ തന്നെയല്ലേ വലത്തോട്ട് തിരിയാന്‍ പറഞ്ഞതെന്ന്

വഴിയറിയാത്തയിടങ്ങളിലേക്കെല്ലം ചോദിച്ച് ചോദിച്ച് പോയിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നുള്ള മാറ്റത്തിന് വഴിവെച്ചത് ഗൂഗിള്‍ മാപ്പ് തന്നെയാണ്. വഴിയെ കുറിച്ച് ആധിയേതുമില്ലാതെ ആര്‍ക്കും ഏങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടും വിശ്രമിക്കാതെ,  നിരന്തരം പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഗൂഗിള്‍ മാപ്പിന്റെ യാത്ര. വ്യത്യസ്ത തരത്തിലുള്ള വീക്ഷണങ്ങളും മറ്റും ഏര്‍പ്പെടുത്തിയുള്ള ഇത് കൃത്യ ദൂരവും സഞ്ചരിക്കാനാവശ്യമാകുന്ന സമയവുമെല്ലാം യാത്രക്കാരന് മുന്നില്‍ നിരത്തും. ഇപ്പോള്‍ പുതിയ പരിഷ്‌കാരത്തിലൂടെയാണ് ഗൂഗിള്‍മാപ്പ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇത്രനാള്‍ ‘Turn right after 200 meters’ എന്നു പറഞ്ഞിരുന്നത് ഇനി മുതല്‍ ‘200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’ എന്നാവും. അതായത് ഗൂഗിള്‍ മാപ്പും മലയാളിയായിക്കഴിഞ്ഞു. ഇത്രനാള്‍ ഇംഗ്ലീഷില്‍ കേട്ടിരുന്ന അനൗണ്‍സ്‌മെന്റുകള്‍ ഇനിമുതല്‍ ഗൂഗിള്‍മാപ്പ് മലയാളത്തില്‍ പറഞ്ഞുതരും.

ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുക വഴി ഇത് ലഭിക്കുന്നതാണ്. നാവിഗേഷന്‍ സെറ്റിംഗ്‌സില്‍ ലാംഗ്വേജ് മലയാളം തെരഞ്ഞെടുത്തുകൊണ്ട് ഇത് ലഭ്യമാക്കാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഗുജറാത്ത് തുടങ്ങിയ ഭാഷകളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ പ്രാദേശികാടിസ്ഥാനത്തിലും ഗൂഗിള്‍ മാപ്പിന്റെ മികച്ച സാന്നിധ്യം കൊണ്ടെത്തിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സാധാരണഗതിയില്‍ ഒരു സ്ഥലം സെലക്ട് ചെയ്ത കഴിയുമ്പോള്‍ മാപ്പ് കാണിക്കുന്നത് അവിടേയ്ക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴിയായിരിക്കും. ഇടയ്ക്ക് വെച്ച് മാപ്പ് ശ്രദ്ധിക്കാതെ വഴിമാറി യാത്ര ചെയ്താല്‍ പിന്നീട് അവിടെ നിന്നുള്ള വഴിയായിരിക്കും കാണിക്കുക. ശ്രദ്ധക്കുറവാണെങ്കിലും മാപ്പിനെ കുറ്റം പറയാറാണ് മലയാളിയുടെ പതിവ്. ഇതിന്റെ ചുവടുപിടിച്ച് നിരവധി ട്രോളുകളും ഉറങ്ങുന്നുണ്ട്. ഇടയ്ക്ക് ഇംഗ്ലീഷില്‍ അനൗണ്‍സ് ചെയ്യുമെങ്കിലും ഇത് പലരും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. അല്ലെങ്കില്‍ ശ്രദ്ധിക്കുമ്പോഴേക്കും അനൗണ്‍സ്‌മെന്റ് കഴിഞ്ഞിട്ടുമുണ്ടാകും. ഈ അവസരങ്ങളിലാണ് മലയാളത്തിന് പ്രസക്തിയേറുന്നത്. ഏതായാലും പുതിയ സജ്ജീകരണത്തെയും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. പല പ്രാവശ്യം വഴി തെറ്റിക്കുന്നവരോട് അവസാനം കണ്ടം വഴി ഓടാന്‍ ഗൂഗിള്‍മാപ്പ് പറയുമൊന്നാണ് ട്രോളന്മാര്‍ കുറിക്കുന്നത്.

Comments

comments

Categories: FK News, Tech