ബാങ്കിംഗില്‍ അല്ല ബേക്കിംഗില്‍ ആണ് കാര്യം !

ബാങ്കിംഗില്‍ അല്ല ബേക്കിംഗില്‍ ആണ് കാര്യം !

ബാങ്കിലെ ഉയര്‍ന്ന പദവിയുള്ള ജോലി വേണ്ടെന്ന് വച്ച് കേക്ക് നിര്‍മാണത്തിലേക്ക് കടക്കാനുള്ള ജെനിയുടെ തീരുമാനത്തിന് മുന്നില്‍ പരിഹാസച്ചിരി സമ്മാനിച്ചവര്‍ക്കുള്ള മറുപടിയാണ് ജെന്നിസ് കേക്ക് കോര്‍ണറിന്റെ വിജയം

മടുപ്പുണ്ടാക്കുന്ന ജോലി ഗത്യന്തരമില്ലാതെ ചെയ്യുന്നതില്‍ അല്ല, മറിച്ച് സ്വന്തം ആശയം ഒരു സംരംഭമാക്കി വളര്‍ത്തി ഏറെ ക്ഷമയോടെ അതിനെ വിജയത്തിലെത്തിക്കുന്നതിനായി പരിശ്രമിക്കുന്നതിലാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ ത്രില്‍ അടങ്ങിയിരിക്കുന്നത് എന്നാണ് കൊച്ചി കലൂര്‍ സ്വദേശിനിയായ ജെനി ജോണ്‍ എന്ന സംരംഭകയുടെ അഭിപ്രായം. മികച്ച വിദ്യഭ്യാസം ലഭിച്ച് പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച ഒരു ജോലി, ഇത്തരത്തില്‍ ജനിക്കും കിട്ടിയിരുന്നു നല്ലൊരു വൈറ്റ് കോളര്‍ ജോലി. എന്നാല്‍ സംരംഭകയാകുക എന്ന തന്റെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ ജോലി ഒരു തടസമായി നിന്നപ്പോള്‍, ആ ജോലി തന്നെ വേണ്ടെന്ന് വച്ചു ജെനി .

നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് എച്ച് ഡി എഫ്‌സി ബാങ്കില്‍ നിന്നും രാജിവച്ച് പുറത്തിറങ്ങുമ്പോള്‍ ജെനിക്ക് മുതല്‍ക്കൂട്ടായിരുന്നത് ആത്മവിശ്വാസം എന്ന ഒറ്റ ഘടകം മാത്രാമായിരുന്നു . വളരെ ക്രിയേറ്റിവ് ആയി കാര്യങ്ങളെ കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്ന ജെനിക്ക് കണക്കിന്റെയും പലിശയുടെയും ലോകത്ത് ചേര്‍ന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞു കുഞ്ഞായതോടെ രണ്ടും കല്‍പ്പിച്ച് ബാങ്കിംഗ് രംഗത്തോട് ബൈ പറഞ്ഞ ജനിക്ക് പക്ഷെ തന്റെ അടുത്ത സംരംഭം എന്താവണം എന്ന കാര്യത്തില്‍ വലിയ ഐഡിയ ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ് , മകളുടെ ആദ്യത്തെ പിറന്നാള്‍ വരുന്നത് . മക്കള്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി ഒരു കേക്ക് ഉണ്ടാക്കാന്‍ ജെനി തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നുമാണ് കാര്യങ്ങള്‍ മാറി മറിയാന്‍ തുടങ്ങുന്നത്. ബേക്കിംഗ് പഠിക്കാത്ത , കേക്ക് നിര്‍മാണത്തെക്കുറിച്ച് വായിച്ചുള്ള അറിവുകള്‍ മാത്രമുള്ള ജെനി ആദ്യമായി ഒരു കേക്ക് ഉണ്ടാക്കി. ജെനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ ഡെഡിക്കേഷന്‍ അല്‍പം കൂടി പോയതുകൊണ്ട്’ കേക്ക് ഒരു വിജയമായി മാറി . പിറന്നാള്‍ ആഘോഷത്തിലെ താരമായി മാറി ജെനിയുടെ കേക്ക്. കേക്ക് രുചിച്ചവരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കേക്കാന്‍ തുടങ്ങിയതോടെ ജെനി കേക്ക് നിര്‍മാണത്തിന് പിന്നിലെ ബിസിനസ് സാധ്യതകളെപ്പറ്റി കൂടുതലായി പഠിച്ചു.

ബേക്കിംഗ് പഠിക്കാതെ ബേക്കറായി ജെനി

വിപണിയില്‍ ഉയര്‍ന്ന ഗുണനിലവാരം അവകാശപ്പെടുന്ന ധാരാളം കേക്കുകള്‍ വ്യത്യസ്തങ്ങളായ രുചികളില്‍ ലഭ്യമാണ് എങ്കിലും ഇതില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും മറ്റു ചേരുവകളും കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിന് ഒരു പോലെ ദോഷം ചെയ്യുന്നവയാണ് എന്ന് ജെനി മനസിലാക്കി. പ്രിസര്‍വേറ്റിവുകളോ, കളറുകളോ ചേര്‍ക്കാതെ നൂറു ശതമാനം ഹോം മെയ്ഡ് ആയ കേക്കുകളുടെ സാധ്യത ജെനി മനസിലാക്കുന്നത് അവിടെ നിന്നുമാണ്. പിന്നെ കേക്ക് നിര്‍മാണത്തെ വരുമാനമാര്‍ഗമാക്കി മാറ്റുക എന്ന ഇദ്ദേശത്തോടെയായി മുന്നോട്ടുള്ള യാത്ര.

ആദ്യ ഒരു വര്‍ഷം വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ വേണ്ടിയാണ് ജെനി കേക്കുകള്‍ ഉണ്ടാക്കിയത് . അവരില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ , രുചികളില്‍ വ്യത്യാസം വരുത്തി. ബേക്കിംഗ് എവിടെയും പോയി പഠിച്ചിട്ടില്ല ജെനി എന്നതാണ് ഈ ബേക്കറുടെ പ്രത്യേകത. സ്വന്തം അനുഭവങ്ങളിലൂടെയാണ് ജെനി ഓരോ വട്ടവും കേക്കില്‍ പുതിയ പരീക്ഷങ്ങള്‍ നടത്തിയത്. ഒരു കിലോ മുതല്‍ക്കുള്ള കേക്കുകളാണ് ജെനി ഉണ്ടാക്കുന്നത് .

കസ്റ്റമൈസ്ഡ് കേക്കുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഓരോ ഒക്കേഷനും ഓരോ വ്യത്യസ്ത തീം ആയിരിക്കും കേക്കില്‍ ഡിസൈന്‍ ചെയ്യേണ്ടി വരിക. കിലോക്ക് 1500 രൂപ മുതല്‍ 2500 രൂപവരെയാണ് ഇത്തരം കേക്കുകളുടെ വില

കസ്റ്റമൈസ്ഡ് കേക്കാണ് താരം

വളരെ ചിരുങ്ങിയ സമയത്തിനുള്ളില്‍ ജെനിയുടെ കേക്കുകള്‍ക്ക് പുതിയ ആവശ്യക്കാര്‍ ഉണ്ടായി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊമേഷ്യല്‍ ലെവലില്‍ ഉള്ള കേക്ക് നിര്‍മാണം ജെനി ആരംഭിച്ചു. ജെന്നിസ് കേക്ക് കോര്‍ണര്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പേജ് ആരംഭിച്ച് അതില്‍ തന്‍ നിര്‍മിച്ച കേക്കുകള്‍ പ്രദര്‍ശിപ്പിച്ചു. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കുവാനുള്ള ഓപ്ഷനും കേക്കിന്റെ വിലയും ഒക്കെ നല്‍കിയിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജെനിയുടെ കേക്ക് നിര്‍മാണ യൂണിറ്റ് പച്ച പിടിച്ചു എന്നതാണ് വാസ്തവം. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്ത, പൂര്‍ണമായും വീട്ടില്‍ നിര്‍മിച്ച വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച കേക്കിന് ദിനം പ്രതി ആവശ്യക്കാര്‍ വര്‍ധിച്ചു വന്നു.

സാധരണ വട്ടത്തിലും ചതുരത്തിലും ഉള്ള കേക്കുകള്‍ ഉണ്ടാക്കാതെ കസ്റ്റമൈസ്ഡ് കേക്കുകള്‍ നിര്മിക്കുന്നതിലാണ് ജെനി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ബൈക്കുകള്‍ എന്നിവ വച്ച കേക്കുകള്‍ , വെഡ്ഡിംഗ് കേക്കുകള്‍, ബാപ്റ്റിസം കേക്കുകള്‍ തുടങ്ങി പലയിനം കേക്കുകള്‍ ജെനി ആവശ്യക്കാരുടെ ബജറ്റിന് അനുസരിച്ച് ഡിസൈന്‍ ചെയ്തു. തൂക്കത്തിന് അനുസരിച്ചാണ് കേക്കിന്റെ വില വരുന്നത്. . കേക്കിനോടൊപ്പം കപ്പ്‌കേക്കുകളും കുക്കീസുകളും ഗിഫ്റ്റ്‌ബോക്‌സുകളും ജെനി തയാറാക്കാറുണ്ട്. ആദ്യം കൊച്ചിയില്‍ മാത്രമായിരുന്നു ജെനിയുടെ കേക്ക് വില്പന. എന്ന രുചിപ്പെരുമ കൊണ്ട് തിരിവനന്തപുരം മുതല്‍ കോഴിക്കോടുവരെയും, ചെന്നൈ ബെംഗളൂര്‍ എന്നിവിടങ്ങളിലേക്കും ജെനിയുടെ കേക്കുകള്‍ സഞ്ചരിച്ചിട്ടുണ്ട്.

വില 1500 രൂപ മുതല്‍ 2500 രൂപവരെ

പൂര്‍ണമായും കൈകള്‍ മാത്രം ഉപയോഗിച്ചാണ് കേക്ക് നിര്‍മാണം . സഹായത്തിനു മറ്റു തൊഴിലാളികള്‍ ഇല്ല. അതിനാല്‍ തന്നെ ഒരു കേക്കിലേക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും വീട്ടില്‍ ഉണ്ടാക്കിയ ശേഷമാണ് കേക്ക് നിര്‍മാണം. 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഒരു കേക്കിന്റെ വില വരുന്നത്. ഒരു ആഴച ശരാശരി 5 കേക്ക് എങ്കിലും ജെനി നിര്‍മിക്കുന്നുണ്ട് . വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് കേക്ക് നിര്‍മാണം എന്ന് ജെനി പറയുന്നു .

‘ കേക്ക് ബേക്കിംഗും ഫാഷന്‍ ഡിസൈനിംഗും ഒരു പോലെയാണ്. ഇന്ഡസ്ട്രിയിലെ മാറുന്ന ട്രെന്‍ഡുകള്‍ നാം ശ്രദ്ധിച്ചുകൊണ്ടിരിക്കണം.അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ബേക്കിംഗിലും രുചിയിലും വരുത്തിയാല്‍ മാത്രമേ ഈ മേഖലയില്‍ നമുക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ” ജെനി പറയുന്നു. കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ട് ജെനിയുടെ കേക്ക് നിര്‍മാണത്തിന്.

Comments

comments