ഐഡിയ-വോഡഫോണ്‍ ലയന അനുമതി അന്തിമഘട്ടത്തില്‍: ടെലികോം സെക്രട്ടറി

ഐഡിയ-വോഡഫോണ്‍ ലയന അനുമതി അന്തിമഘട്ടത്തില്‍: ടെലികോം സെക്രട്ടറി

ന്യൂഡെല്‍ഹി: ഐഡിയ സെല്ലുലാര്‍-വോഡഫോണ്‍ ഇന്ത്യ ലയനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ് ടെലികം സെക്രട്ടറി അരുണ സുന്ദരരാജന്‍. ലയനത്തിനായി വിപണി റെഗുലേറ്ററായ സെബിയുടെയും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെയും അനുമതി രണ്ട് കമ്പനികള്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) അനുമതി, ലൈസന്‍സുകളുടെ നവീകരണം തുടങ്ങിയ നിരവധി ക്ലിയറന്‍സുകള്‍ അന്തിമ അനുമതിക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനായുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കി വരികയാണെന്നും അവര്‍ വ്യക്തമാക്കി. പുതിയ ദേശീയ ടെലികോം നയത്തിന്റെ കരട് രൂപം തയാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണെന്നും ഇതിന് ഉടന്‍ തന്നെ ടെലികോം കമ്മീഷന്‍ അനുമതി നല്‍കുമെന്നും അതിന് ശേഷം സര്‍ക്കാരിലേക്ക് അയക്കുമെന്നും അരുണ പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാക്കളായ ഐഡിയയും മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണും തമ്മില്‍ ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യുകെ വോഡഫോണ്‍ ഗ്രൂപ്പിനും ആദിത്യ ബിര്‍ള ഗ്രൂപ്പിനും ലയന സംരംഭത്തില്‍ തുല്യ ഉടമസ്ഥതയാണുള്ളത്.

410 മില്യണിലധികം ഉപഭോക്താക്കള്‍ പുതിയ ടെലികോം കമ്പനിക്ക് കീഴിലുണ്ടായിരിക്കും. ഏകദേശം 42 ശതമാനം ഉപഭോക്തൃ വിപണി വിഹിതവും 37 ശതമാനം വരുമാന വിപണി വിഹതവുമുള്ള പുതിയ കമ്പനി വഴി റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുകയെന്നതാണ് പ്രധാന ലക്ഷ്യം.

ലയന സംരംഭത്തെ നയിക്കുന്ന സംഘത്തെ കഴിഞ്ഞയാഴ്ച ഇരുകമ്പനികളും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. വോഡാഫോണ്‍ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ബാലേഷ് ശര്‍മ സംയുക്ത സംരംഭത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആകും. ലയന കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി ഐഡിയയുടെ നിലവിലെ എംഡി ഹിമാന്‍ഷു കപാനിയയെ നാമനിര്‍ദേശം ചെയ്യാനുള്ള നീക്കത്തിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ്. അതേസമയം വോഡഫോണ്‍ ഗ്രൂപ്പില്‍ നിന്ന് വോഡഫോണ്‍ ഇന്ത്യ സിഇഒ സുനില്‍ സൂദും ബോര്‍ഡിലെത്തും. ഐഡിയ സെല്ലുലാറിന്റെ നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ (സിഎഫ്ഒ) അക്ഷയ മൂന്ദ്രയായിരിക്കും പുതിയ കമ്പനിയുടെയും സിഎഫ്ഒ. നിലവില്‍ ഐഡിയയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ അബ്രിഷ് ജയ്‌ന് സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങളുടെയും സര്‍വീസ് ഡെലിവറിയുടെയും ചുമതല നല്‍കും.

വോഡഫോണ്‍ ഇന്ത്യയുടെ എച്ച്ആര്‍ മേധാവിയായ സുവാമോയ് റോയ് ചൗധരി ലയന കമ്പനിയുടെ മൊത്തത്തിലുള്ള എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഐഡിയയുടെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ ശശി ശങ്കര്‍ സംയുക്ത സംരംഭത്തിലെ ഉപഭോക്തൃ ബിസിനസിനായുള്ള മാര്‍ക്കറ്റിംഗിന്റെയും ബ്രാന്‍ഡ് സ്ട്രാറ്റജിയുടെയും മേല്‍നോട്ടം വഹിക്കും.

Comments

comments

Categories: Slider, Top Stories