യുബറിന്റെ വടക്ക്കിഴക്ക് ഏഷ്യന്‍ ബിസിനസ് ഗ്രാബിന് വില്‍ക്കുന്നു

യുബറിന്റെ വടക്ക്കിഴക്ക് ഏഷ്യന്‍ ബിസിനസ് ഗ്രാബിന് വില്‍ക്കുന്നു

2019ല്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്താനുള്ള തയാറെടുപ്പുകളിലാണ് യുബര്‍.

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബര്‍ തങ്ങളുടെ വടക്ക്കിഴക്ക് ഏഷ്യന്‍ ബിസിനസ് ഗ്രാബിന് വില്‍ക്കുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് അധിഷ്ഠിത ടാക്‌സി, ലോജിസ്റ്റിക്‌സ് സര്‍വീസസ് കമ്പനിയാണ് ഗ്രാബ്. വടക്ക്കിഴക്ക് ഏഷ്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ ടാക്‌സി വ്യവസായത്തില്‍ നടക്കുന്ന ഏറ്റവും വലിയ ഏകീകരണ കരാറാണ് യുബര്‍ ഗ്രാബുമായി ഉറപ്പിച്ചിരിക്കുന്നത്. വിപണിയില്‍ നിന്നുള്ള യുബറിന്റെ രണ്ടാമത്തെ പിന്മാറ്റമാണിത്.

വില്‍പ്പന കരാറിന്റെ ഭാഗമായി ഗ്രാബിലെ 27.5 ശതമാനം ഓഹരികള്‍ യുബര്‍ ഏറ്റെടുക്കും. കമ്പനി സിഇഒ ഡാറ ഖോസ്രോഷാഹി ഗ്രാബ് ഉന്നതതലസമിതിയില്‍ അംഗമാകുകയും ചെയ്യും. പ്രൊഡക്റ്റുകളിലും സാങ്കേതികവിദ്യയിലും വന്‍ നിക്ഷേപം നടത്തികൊണ്ടുള്ള യുബറിന്റെ പദ്ധതികള്‍ വിപുലമാക്കുന്നതിന് ഗ്രാബുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് ഖോസ്രോഷാഹി പ്രസ്താവനയിലൂടെ അറിയിച്ചു. ഗ്രാബിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭക്ഷണ വിതരണ സര്‍വീസില്‍ യുബറുമായുള്ള കരാര്‍ ഗുണം ചെയ്യും. ഈ വിഭാഗത്തില്‍ യുബര്‍ ഈറ്റ്‌സുമായി ചോര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രാബ്. വിപണിയില്‍ കമ്പനിയുടെ മുഖ്യ എതിരാളിയായ ഗോജെക്കിനെ അപേക്ഷിച്ച് ഭക്ഷണസാധനങ്ങളുടെ വിതരണ വേഗം മെച്ചപ്പെടുത്താനും ഇതോടെ ഗ്രാബിന് കഴിയും.

യുബര്‍-ഗ്രാബ് സഹകരണം ഇന്തോനേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോജെക്കിനെ സമ്മര്‍ദത്തിലാക്കുമെന്നുറപ്പാണ്. ഗൂഗിളും ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സും പിന്തുണയ്ക്കുന്ന കമ്പനിയാണ് ഗോ-ജെക്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ,് വിഷന്‍ ഫണ്ട് വഴി യുബറില്‍ നിക്ഷേപം നടത്തിയപ്പോള്‍ തന്നെ ഏഷ്യന്‍ വിപണിയില്‍ കടുത്ത മത്സരം ആരംഭിച്ചിരുന്നു. ഗ്രാബിലും സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനുപുറമെ ദിദി, ഒല തുടങ്ങിയ പ്രമുഖ കാബ് സര്‍വീസുകളിലെയും പ്രധാന നിക്ഷേപകരാണ് സോഫ്റ്റ്ബാങ്ക്.

സോഫ്റ്റ്ബാങ്ക് സിഇഒ മാസയോഷി സണ്‍ യുബറുമായുള്ള കരാറിനെ നന്നായി പിന്തുണയ്ക്കുന്നുണ്ടെന്നും രണ്ട് കമ്പനികളുടെയും സ്വതന്ത്രമായ തീരുമാനമാണ് ഈ കരാറെന്നും ഗ്രാബ് പ്രസിഡന്റ് മിംഗ് മാ പറഞ്ഞു. വിപണിയിലെ എതിരാളികളുമായി കൂടുതല്‍ കരാറിലേക്ക് കടക്കാനാണ് യുബര്‍ ഉദ്ദേശിക്കുന്നത്. ഇനിയൊരു വില്‍പ്പനയ്ക്ക് പദ്ധതിയില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2019ല്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്താനുള്ള തയാറെടുപ്പുകളിലാണ് യുബര്‍.

Comments

comments

Categories: Business & Economy