ടാറ്റ നെക്‌സോണിന്റെ എക്‌സ്ഇസഡ് വേരിയന്റ് വരുന്നു

ടാറ്റ നെക്‌സോണിന്റെ എക്‌സ്ഇസഡ് വേരിയന്റ് വരുന്നു

ടോപ് വേരിയന്റായ എക്‌സ്ഇസഡ് പ്ലസിന് തൊട്ടുതാഴെയായിരിക്കും പുതിയ വേരിയന്റിന് സ്ഥാനം

ന്യൂഡെല്‍ഹി : സബ് കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്റെ പുതിയ വേരിയന്റ് വൈകാതെ പുറത്തിറക്കും. ടോപ് വേരിയന്റായ എക്‌സ്ഇസഡ് പ്ലസിന് തൊട്ടുതാഴെയായിരിക്കും എക്‌സ്ഇസഡ് എന്ന പുതിയ വേരിയന്റിന് സ്ഥാനം. എക്‌സ്ടി വേരിയന്റിലെ ഫീച്ചറുകള്‍ കൂടാതെ ഒരു പിടി പ്രീമിയം ഫീച്ചറുകള്‍ പുതിയ വേരിയന്റില്‍ കാണും. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ഇസഡ് പ്ലസ് എന്നീ നാല് വേരിയന്റുകളിലാണ് നിലവില്‍ ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. എക്‌സ്ടി വേരിയന്റിനേക്കാള്‍ 70,000 മുതല്‍ 80,000 രൂപ വരെ കൂടുതലായിരിക്കും പുതിയ എക്‌സ്ഇസഡ് വേരിയന്റിന് എക്‌സ് ഷോറൂം വില.

ഡിസൈന്‍, സ്റ്റൈലിംഗ് കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് കരുതുന്നു. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ജിപിഎസ് സഹിതം ഷാര്‍ക് ഫിന്‍ ആന്റിന എന്നിവ എക്സ്റ്റീരിയര്‍ ഫീച്ചറുകളായിരിക്കും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മുന്നിലും പിന്നിലും ഫോഗ് ലാംപുകള്‍, റിയര്‍ ഡീഫോഗര്‍ എന്നിവ ടോപ് വേരിയന്റായ എക്‌സ്ഇസഡ് പ്ലസില്‍ മാത്രമേ ഉണ്ടായിരിക്കൂ. എക്‌സ്ടി വേരിയന്റില്‍ കാണുന്ന അതേ ടയറുകളില്‍ അതേ 16 ഇഞ്ച് അലോയ് വീലുകള്‍ എക്‌സ്ഇസഡിന് ലഭിക്കും. ഡുവല്‍ ടോണ്‍ ഓപ്ഷനില്‍ തടിച്ച ടയറുകളാണ് എക്‌സ്ഇസഡ് പ്ലസിന് നല്‍കിയിരിക്കുന്നത്.

എക്‌സ്ഇസഡ് കാബിനില്‍ ഹാര്‍മന്റെ പുതിയ 6.5 ഇഞ്ച് ഫ്‌ളോട്ടിംഗ് ഡാഷ് ടോപ്പ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാണാം. ആന്‍ഡ്രോയ്ഡ് ഓട്ടോ, മെസ്സേജ് റീഡ് ഔട്ട് ആന്‍ഡ് റീപ്ലൈ, വോയ്‌സ് കമാന്‍ഡ്, ഇമേജ് & വീഡിയോ പ്ലേബാക്ക് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എക്‌സ്ഇസഡ് പ്ലസ് വേരിയന്റിലേതുപോലെ, ഡോര്‍ തുറക്കുന്നതിന് വോയ്‌സ് അലര്‍ട്ടുകള്‍, ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ലോ ഫ്യൂവല്‍ വാണിംഗ്, ലോ ബ്രേക്ക് ഫഌയിഡ് വാണിംഗ്, പാര്‍ക്ക് ബ്രേക്ക് റിലീസ് അലര്‍ട്ട്, സര്‍വീസ് റിമൈന്‍ഡര്‍ വാണിംഗ് എന്നിവ പുതിയ എക്‌സ്ഇസഡ് വേരിയന്റിലും നല്‍കും. ക്യാമറ സഹിതം പാര്‍ക്ക് അസിസ്റ്റ്, ഡേ ആന്‍ഡ് നൈറ്റ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ (ഐആര്‍വിഎം), ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യത്തോടെ യുഎസ്ബി ചാര്‍ജര്‍ എന്നിവയാണ് സേഫ്റ്റി, കംഫര്‍ട്ട് ഫീച്ചറുകള്‍.

എക്‌സ്ടി വേരിയന്റിനേക്കാള്‍ 70,000 മുതല്‍ 80,000 രൂപ വരെ കൂടുതലായിരിക്കും എക്‌സ്ഇസഡ് വേരിയന്റിന്റെ എക്‌സ് ഷോറൂം വില

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. നിലവിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ എക്‌സ്ഇസഡ് വേരിയന്റിന് ലഭിക്കും. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ 108 ബിഎച്ച്പിയും പരമാവധി 170 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പിയും പരമാവധി 260 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ ഡ്രൈവിംഗ് മോഡുകള്‍ സ്റ്റാന്‍ഡേഡ് ആയിരിക്കും. ടാറ്റ നെക്‌സോണിന് ഈ വര്‍ഷം തന്നെ എഎംടി ഓപ്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto