അതിശയിപ്പിക്കുന്ന സമ്മാനപ്പൊതികളുമായി ‘സര്‍പ്രൈസ് സംവണ്‍’

അതിശയിപ്പിക്കുന്ന സമ്മാനപ്പൊതികളുമായി ‘സര്‍പ്രൈസ് സംവണ്‍’

ടീഷര്‍ട്ടിന്റെയും കുഞ്ഞുടുപ്പുകളുടേയും മാതൃകയില്‍ കലണ്ടര്‍ മുതല്‍ സസ്യവിത്തുകള്‍ അടങ്ങിയ സമ്മാനപ്പൊതികള്‍ വരെ നീളുന്നു സര്‍പ്രൈസ് സംവണ്‍ സ്റ്റാര്‍ട്ടപ്പിലെ അതിശയിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍

നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനം കൊടുക്കാനും തിരികെ വാങ്ങാനും ഇഷ്ടമുള്ളവരാണ് എല്ലാവരും. പെട്ടെന്നുണ്ടാകുന്ന അതിശയത്തില്‍ പ്രിയപ്പെട്ടവരുടെ ചിരി കാണുക എന്നതാണ് ഇത്തരം സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നതും. ഈ സമ്മാനപ്പൊതികള്‍ അല്‍പ്പം വൈവിധ്യമുള്ളതായാലോ? സമ്മാന പായ്ക്കറ്റുകള്‍ വേറിട്ട രീതിയില്‍ തയാറാക്കുന്ന സംരംഭമാണ് ജയ്പൂര്‍ ആസ്ഥാനമായ സര്‍പ്രൈസ് സംവണ്‍ (ടurprise Someone) . കൈകൊണ്ട് നിര്‍മിക്കുന്നതും റീസൈക്കിളിംഗിന് വിധേയമാക്കാവുന്നതുമായ പേപ്പറുകളില്‍ തയാറാക്കുന്ന സമ്മാനപൊതികള്‍ക്കൊപ്പം ആളുകളെ അതിശയിപ്പിക്കും വിധത്തില്‍ വിവിധ സസ്യങ്ങളുടെ വിത്തുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഇവര്‍ ഗിഫ്റ്റ് പായ്ക്കറ്റ് പേപ്പര്‍ നിര്‍മിക്കുന്നത്. സമ്മാനം പായ്ക്ക് ചെയ്യുന്ന കവര്‍ മാത്രമല്ല, ആരെയും ആകര്‍ഷിക്കുന്ന വേറിട്ട ശൈലിയിലുള്ള നിരവധി സമ്മാനങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്.

ജയ്പൂര്‍ സ്വദേശിനിയായ പിങ്കി മഹേശ്വരി അമ്മ ശാരദ ദാഗയ്‌ക്കൊപ്പമാണ് സര്‍പ്രൈസ് സംവണ്ണിന് തുടക്കമിട്ടത്. മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥാപനം അവരുടെ ഉല്‍പ്പന്നങ്ങളുടെ വൃത്യസ്തത കൊണ്ടുതന്നെ മേഖലയില്‍ അതിവേഗം സജീവമായിരിക്കുന്നു. ഉപഭോക്താക്കള്‍ സമ്മാനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ അവരുടെ അഭിരുചികള്‍ സോഷ്യല്‍ മീഡിയ വഴി മനസിലാക്കിയാണ് സ്ഥാപനം സമ്മാനപ്പൊതികള്‍ തയാറാക്കുന്നത് എന്ന സവിശേഷതയും ഇവിടെയുണ്ട്. ” ഉപഭോക്താവ് കോര്‍പ്പറേറ്റ് സ്വഭാവമുള്ളവരായാല്‍ അതിന് അനുസരിച്ചും സ്ത്രീകള്‍ ആണെങ്കില്‍ അവര്‍ക്കിണങ്ങുന്ന രീതിയിലും വ്യത്യസ്തമായി സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തയാറാക്കുകയാണ് പതിവ്”, പിങ്കി മഹേശ്വരി പറയുന്നു.

പ്രകൃതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങള്‍

റീസൈക്കിള്‍ ചെയ്യാവുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രം നിര്‍മിക്കുന്നു എന്നതിനുപരി സംവണ്‍ സര്‍പ്രൈസ് സംരംഭത്തില്‍ നിന്നുള്ള ഓരോ ഉല്‍പ്പന്നവും പ്രകൃതിക്ക് പച്ചപ്പേകാന്‍ ഒരു വിത്ത് നട്ടു നനച്ചു വളര്‍ത്താനുള്ള സന്ദേശവും നല്‍കുന്നു. ഇവിടെ നിന്നുള്ള ഏതൊരു ഉല്‍പ്പന്നത്തിലും ഏതെങ്കിലുമൊരു സസ്യത്തിന്റെ വിത്തും ഉള്ളടക്കം ചെയ്തിരിക്കും. ടീഷര്‍ട്ടിന്റെയും കുഞ്ഞുടുപ്പുകളുടേയും മാതൃകയില്‍ കലണ്ടറും ബാഗുകളും, ഫോട്ടോ ഫ്രെയിം, പേപ്പര്‍ ബാഗുകള്‍, ട്രേകള്‍ മറ്റ് നിരവധി സമ്മാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം വിവാഹം, ക്രിസ്മസ് മറ്റ് വിശേഷ ദിവസങ്ങള്‍ എന്നിവയ്ക്കായി ഗിഫ്റ്റ് ഹാംപറുകളും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അണിയിച്ചൊരുക്കുന്നുണ്ട്.

ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പായ സര്‍പ്രൈസ് സംവണ്‍ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് കൂടുതലായും പ്രചാരണം നടത്തുന്നത്. ഇതിനോടകം അയ്യായിരത്തില്‍ പരം ഉപഭോക്താക്കളെ നേടിയ സംരംഭത്തില്‍ ഉല്‍പ്പന്ന നിര്‍മാണത്തിനും മറ്റുമായി സ്ത്രീതൊഴിലാളികള്‍ക്കാണ് ഏറെ പ്രധാന്യം

സസ്യവിത്തുകളടങ്ങിയ സീഡ് പെന്‍സില്‍

തന്റെ ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യം സൃഷ്ടിക്കുന്നതിലും അതിന്റെ ഗുണമേന്‍മയിലും യാതൊരു വിട്ടുവീഴ്ചയ്ക്കും പിങ്കി തയാറല്ല. കോട്ടണ്‍ പഴന്തുണികളില്‍ നിന്നും പോലും റീസൈക്കിള്‍ ചെയ്യാവുന്ന പേപ്പറുകള്‍ നിര്‍മിക്കാവുന്ന വിദ്യ ഈ മുപ്പത്തിയഞ്ചുകാരി തന്റെ സംഭരംഭത്തിനു മുതല്‍ക്കൂട്ടാക്കിയിരിക്കുകയാണ്. സര്‍പ്രൈസ് സംവണ്ണിലെ മറ്റൊരു ആകര്‍ഷണീയ ഉല്‍പ്പന്നമാണ് സീഡ് പെന്‍സില്‍. നൂറുശതമാനം ബയോഡീഗ്രയ്ഡബിള്‍ ആയ റീസൈക്കിള്‍ പേപ്പര്‍, പഴയ ന്യൂസ്‌പേപ്പര്‍ എന്നിവകൊണ്ടു നിര്‍മിച്ച പെന്‍സിലുകളാണിവ. പെന്‍സിലിന്റെ അടിഭാഗത്ത് സാധാരണയുള്ള ഇറേസറിനു പകരമായി വിവിധ സസ്യങ്ങളുടെ വിത്തുകള്‍ അടങ്ങിയ ഒരു സീഡ് ക്യാപ്‌സൂള്‍ നല്‍കിയാണ് ഇവര്‍ ഉല്‍പ്പന്നം തയാറാക്കിയിരിക്കുന്നത്. റോസ്, ജമന്തി എന്നീ പൂക്കളുടെ വിത്തുകളോ പയര്‍ വര്‍ഗത്തില്‍ പെടുന്ന സസ്യങ്ങളുടെയോ വിത്തുകളാണ് പൊതുവെ ഈ സീഡ് ക്യാപ്‌സൂളില്‍ നല്‍കാറുള്ളത്. പെന്‍സില്‍ വാങ്ങുന്ന കുട്ടികളില്‍ ഒരു നല്ല പൂന്തോട്ടവും ചെറിയ പച്ചക്കറികളും നട്ടുവളര്‍ത്താന്‍ പഠിപ്പിക്കാന്‍ ഇതുവഴി കഴിയുമെന്നും പിങ്കി അഭിപ്രായപ്പെടുന്നു.

പേപ്പറില്‍ തുടങ്ങിയ സംരംഭം

പിങ്കിയുടെ ഉല്‍പ്പന്നങ്ങളിലെല്ലാം തന്നെ ഏതെങ്കിലുമൊക്ക തരത്തില്‍ പേപ്പര്‍ കടന്നു കൂടുന്നുണ്ട്. ബിസിനസ് തുടങ്ങുന്നതിനുള്ള ആശയം ലഭിക്കുന്നതും പേപ്പറില്‍ നിന്നുതന്നെ. എംബിഎ ബിരുദധാരിയായ പിങ്കി എട്ടുവര്‍ഷത്തോളം ഒഗില്‍വി ആന്‍ഡ് മാഥറിലും രണ്ടു വര്‍ഷം വൊഡാഫോണിലും ജോലി ചെയ്തിട്ടുണ്ട്. വിവാഹശേഷം കുട്ടിയോടൊപ്പം വീട്ടില്‍ ഒതുങ്ങിയ പീങ്കിയെ വളരെ അവിചാരിതമായാണ് പഴയ സഹപ്രവര്‍ത്തക ഗിഫ്റ്റ് കാര്‍ഡ് നിര്‍മിക്കാനായി ക്ഷണിച്ചത്. വീട്ടിലിരുന്നു തയാറാക്കി നല്‍കിയ 150 ല്‍ പരം കാര്‍ഡുകള്‍ക്ക് പ്രതീക്ഷച്ചതിലും കൂടുതല്‍ വരുമാനം ലഭിച്ചതാണ് പേപ്പര്‍ മേഖല തന്നെ വേറിട്ട ഒരു സംരംഭമാക്കി മാറ്റാന്‍ പിങ്കിയെ പ്രേരിപ്പിച്ചത്. ഇന്നും പേപ്പര്‍ കൊണ്ടു നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങളാണ് സര്‍പ്രൈസ് സംവണ്ണിലെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നതും.

ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പായ സര്‍പ്രൈസ് സംവണ്‍ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് കൂടുതലായും പ്രചാരണം നടത്തുന്നത്. ഇതിനോടകം അയ്യായിരത്തില്‍ പരം ഉപഭോക്താക്കളെ നേടിയ സംരംഭത്തില്‍ ഉല്‍പ്പന്ന നിര്‍മാണത്തിനും മറ്റുമായി സ്ത്രീതൊഴിലാളികള്‍ക്കാണ് ഏറെ പ്രധാന്യം. ഭാവിയില്‍ ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയിലേക്കും എത്തിക്കണമെന്നതാണ് ഈ ജയ്പൂരി സംരംഭകയുടെ മോഹം.

Comments

comments