ജനനന്മ ലക്ഷ്യമാക്കിയ സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ്പുകള്‍

ജനനന്മ ലക്ഷ്യമാക്കിയ സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ്പുകള്‍

സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ജനജീവിതം മെച്ചപ്പെടുത്തി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ് സാമൂഹികോന്മുഖ സംരംഭങ്ങള്‍. ഇത്തരം ചില സംരംഭങ്ങളിലൂടെ ഒരു എത്തിനോട്ടം..

പുത്തന്‍ ആശയങ്ങള്‍ കാലികമായ പരിഷ്‌കാരങ്ങളോടെ നടപ്പിലാക്കുന്ന നവസംരംഭങ്ങള്‍ വികസ്വര രാഷ്ട്രങ്ങളുടെ നട്ടെല്ലാണ്. ഈ സംരംഭങ്ങളില്‍ ചിലത് സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ട് രാജ്യത്തിനു തന്നെ അഭിമാനമാകുന്നു. ലോകരാഷ്ട്രങ്ങളില്‍ നവസംരംഭങ്ങളുടെ കണക്കില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നൂതന ആശയങ്ങളുള്ള ഒരുപാട് ആളുകള്‍ നമുക്കിടയിലുണ്ട്, എന്നാല്‍ അതിന്റെ മൂല്യം വെളിപ്പെടുന്നത് ആ ആശയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ്. സാമൂഹിക ഉന്നതി ലക്ഷ്യമാക്കിയുള്ള അത്തരം ആശയങ്ങള്‍ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ സംരംഭകരായി മാറുന്നു. സാമൂഹികോന്മുഖ സംരംഭങ്ങള്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജനങ്ങളുടെ ജീവിതാനുഭവങ്ങള്‍ മെച്ചപ്പെടുത്താനും പരിസ്ഥിതിയെ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളുടെ വളര്‍ച്ച സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയാണ്.

സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഈ അടുത്തകാലത്തു മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചില സാമൂഹികോന്മുഖ സംരംഭങ്ങളെ ഇവിടെ പരിചയപ്പെടാം.

1 . നവഗതി

വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവോടെ പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള സൗരോര്‍ജ ബോട്ടുകള്‍ നിര്‍മിക്കുന്ന ആശയത്തിലൂടെയാണ് നവഗതി എന്ന സംരംഭം മേഖലയില്‍ ശ്രദ്ധേയമാകുന്നത്.

ജലഗതാഗതത്തെ പിന്തുണയ്ക്കാന്‍ സാധാരണയായി ഉയര്‍ന്ന അളവിലുള്ള ഊര്‍ജം ആവശ്യമാണ്. ഈ പ്രശ്‌നത്തിന് ഏറ്റവും പ്രായോഗികമായ പരിഹാരമാണ് സോളാര്‍ ഫെറികള്‍. സൗരോര്‍ജം ഉപയോഗിക്കുന്നത് മൂലം പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളുടെ മാരക പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
ഇത്തരത്തില്‍ പ്രകൃതി സൗഹൃദവും കുറഞ്ഞ പ്രവര്‍ത്തന ചെലവുമുള്ള സൗരോര്‍ജ ബോട്ടുകള്‍ നിര്‍മിക്കുന്ന നവഗതിക്ക് ചുക്കാന്‍ പിടിച്ചത് സന്ദിത്ത് തണ്ടശ്ശേരി എന്ന യുവ സംരംഭകനാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ജലസേചനവകുപ്പിന്റെയും പിന്തുണയും ഈ സംരംഭത്തിനു ലഭിക്കുന്നുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവഗതിക്ക് സംസ്ഥാന ജലഗതാഗതവകുപ്പില്‍ നിന്ന് ആദ്യത്തെ വാണിജ്യകരാറും ഇതിനോടകം ലഭിച്ചു. വരും തലമുറയ്ക്ക് ആരോഗ്യകരമായ ജീവിത അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ഈ സംരംഭത്തിന് കഴിയും.

ഒരു വ്യവസായ സംരംഭകന്‍ പൂര്‍ണമായും പുതിയ വ്യവസായങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ഒരു സാമൂഹികോന്മുഖ സംരംഭകന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പുതിയ പരിഹാര മാര്‍ഗങ്ങളിലൂടെ പുതിയ സമൂഹം തന്നെ സൃഷ്ടിക്കുന്നു. സാമൂഹിക മാറ്റത്തിനുതകുന്ന ഇത്തരം സംരംഭങ്ങള്‍ ലക്ഷ്യംവെക്കുന്നത് പ്രാദേശിക, സാമൂഹിക പാരിസ്ഥിതിക പ്രശ്‌നപരിഹാരങ്ങളാണ്

2 . ബന്‍ഡിക്കൂട്ട്

കരകൃതമായ ഓട വൃത്തിയാക്കല്‍ ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ഇന്നും ആയിരക്കണക്കിന് ആളുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ ഓരോ ദിവസവും ഈ ജോലിയിലേര്‍പ്പെടുന്നു. ഈ മനുഷ്യത്വരഹിത നടപടികള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ വിമല്‍ ഗോവിന്ദിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവ എന്‍ജിനീയര്‍മാര്‍ മുന്നിട്ടിറങ്ങിയതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായി. അവര്‍ അഴുക്കുചാല്‍ സൂക്ഷ്മമായി വൃത്തിയാക്കാന്‍ കഴിവുള്ള ഒരു യന്ത്രമനുഷ്യനെ (ബന്‍ഡിക്കൂട്ട്) യാണ് രൂപകല്‍പ്പന ചെയ്തത്. വെറും 15 മിനിറ്റുകള്‍ക്കുള്ളില്‍ ചെറിയ ഓടകള്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ബന്‍ഡിക്കൂട്ട് 45 മിനിറ്റുകൊണ്ട് വലിയ അഴുക്കുചാലുകളും വൃത്തിയാക്കും.

എട്ടുകാലിക്ക് സമാനമായ രൂപമുള്ള ബന്‍ഡിക്കൂട്ട് യന്ത്രക്കാലുകളും ബക്കറ്റുകളും ഉപയോഗിച്ചാണ് ആഴമേറിയ അഴുക്കുചാലുകളിലിറങ്ങി മാലിന്യം നീക്കം ചെയ്യുന്നത്. അഴുക്കുചാലുകളുടെ ഏറ്റവും അട്ടിത്തട്ടിലെ മാലിന്യം വരെ നീക്കം ചെയ്യാനുളള നീളം ബന്‍ഡിക്കൂട്ടിന്റെ കൈകള്‍ക്കുണ്ട്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ഒന്‍പത് യുവ എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് ആരംഭിച്ച ജെന്റോബോട്ടിക്‌സ് എന്ന സംരംഭമാണ് മാനവികത തുളുമ്പുന്ന ഈ കണ്ടെത്തലിനു പിന്നില്‍.

3 . കോര്‍പ്പറേറ്റ്360

ഗ്രാമത്തിന്റെ എല്ലാ പരിമിതികളും മറികടന്ന് ഒരു മാറ്റത്തിനു തുടക്കമിട്ട ഐടി സംരംഭമാണ് പത്തനാപുരത്തെ കോര്‍പ്പറേറ്റ്360. ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ ഗ്രാമത്തില്‍ തന്നെ ഗ്രാമീണര്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വളരെ വിജയകരമായി പടുത്തുയര്‍ത്തിയതാണ് ഈ സംരംഭം. അന്താരാഷ്ട്ര കമ്പനികള്‍ക്ക് മാര്‍ക്കറ്റിംഗിന് ആവശ്യമായ വിപണന നിര്‍ദേശങ്ങള്‍ അടങ്ങിയ ഡാറ്റാ സോഫ്റ്റ്‌വെയര്‍ നല്‍കുന്ന കമ്പനിയാണിത്. 150 ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു 600 ഓളം കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ കോര്‍പ്പറേറ്റ്360ക്ക് കഴിഞ്ഞു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലാണ് ഈ യുവതീയുവാക്കള്‍. തങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഇവര്‍ ഉറപ്പാക്കുന്നു. വാരാന്ത്യങ്ങളില്‍ കമ്പനിയില്‍ നിന്നുതന്നെ സന്നദ്ധരായവര്‍ കുട്ടികള്‍ക്കു ഇതിനാവശ്യമായ ക്ലാസുകളെടുക്കും. സ്ത്രീശാക്തീകരണം മുഖമുദ്രയാക്കിയ കമ്പനിയില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ്. ഗ്രാമീണ അന്തരീക്ഷത്തിലും ഐടി വ്യവസായം സാധ്യമാണെന്നു തെളിയിച്ച കോര്‍പ്പറേറ്റ്360 സംരംഭത്തിന്റെ സാരഥ്യം വഹിക്കുന്നത് തരുണ്‍ചന്ദ്രന്‍ എന്ന യുവാവാണ്.

4. ട്രാഫിറ്റൈസര്‍

ഗതാഗതക്കുരുക്ക് ഒരു പ്രധാന പ്രശ്‌നമായി നിലകൊള്ളുന്ന നാടാണ് നമ്മുടേത്. സാധാരണഗതിയില്‍ ആംബുലന്‍സ് സേവനത്തെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ആംബുലന്‍സില്‍ യാത്രാമധ്യേ മരണപ്പെടുന്ന രോഗികളുടെ സംഖ്യയും ഇന്ത്യയില്‍ കൂടുതലാണ്. ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക വഴി ജീവന്‍ രക്ഷിക്കുന്നതിനുള്ള പുതിയ പരിഹാരമാണ് മൊഹമ്മദ് ജസിം, മൊഹമ്മദ് സാദിഖ് എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേരള സ്റ്റാര്‍ട്ടപ്പ്. ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെടാതെ വഴിയൊരുക്കുവാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് പന്ത്രണ്ടു യുവസംരംഭകര്‍ ചേര്‍ന്നു കണ്ടെത്തിയത്. ആംബുലന്‍സ് വരുന്ന സമയത്ത് ഒന്നുകില്‍ തിരക്കില്ലാത്ത റോഡിനെ കണ്ടെത്തുകയോ അല്ലെങ്കില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കി ആംബുലന്‍സിനു വഴിയൊരുക്കുകയോ ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്.

സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഈ സംരംഭങ്ങളെല്ലാം. തൊഴില്‍ അന്വേഷകരില്‍ നിന്ന ്‌തൊഴില്‍ സൃഷ്ടാക്കളിലേക്കുള്ള മാറ്റമാണ് പുതിയതായി മേഖലയിലേക്കു വരുന്ന ഓരോ സംരംഭങ്ങളും മുന്നോട്ടുവെക്കുന്നത്. ഒരു വ്യവസായ സംരംഭകന്‍ പൂര്‍ണമായും പുതിയ വ്യവസായങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ഒരു സാമൂഹികോന്മുഖ സംരംഭകന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പുതിയ പരിഹാര മാര്‍ഗങ്ങളിലൂടെ പുതിയ സമൂഹം തന്നെ സൃഷ്ടിക്കുന്നു. സാമൂഹിക മാറ്റത്തിനുതകുന്ന ഇത്തരം സംരംഭങ്ങള്‍ ലക്ഷ്യംവെക്കുന്നത് പ്രാദേശിക, സാമൂഹിക അല്ലെങ്കില്‍ പാരിസ്ഥിതിക പ്രശ്‌നപരിഹാരങ്ങളാണ്. ഉല്‍പ്പാദനക്ഷമത, സാമ്പത്തികവളര്‍ച്ച, സാമൂഹികപരിവര്‍ത്തനം, തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും പുനര്‍നിര്‍ണയിക്കുന്നതിനും പുനര്‍നിര്‍വചിക്കുന്നതിനുമുള്ള പ്രധാന പ്രേരകശക്തി എന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍.

Comments

comments

Related Articles