ഷോപ്പ്ക്ലൂസ് 60 ശതമാനം  വരുമാന വളര്‍ച്ച നേടി

ഷോപ്പ്ക്ലൂസ് 60 ശതമാനം  വരുമാന വളര്‍ച്ച നേടി

12-18 മാസത്തിനുള്ളില്‍ ലാഭം നേടാന്‍ പദ്ധതി

ഗുഡ്ഗാവ്: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പ്ക്ലൂസ് ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച നേടിയതായി കണക്കുകള്‍. നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം കുറക്കാനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. ഫാഷന്‍ പോലുള്ള വര്‍ധിച്ചു വരുന്ന ബിസിനസ് വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതും മൂന്നാം നിര നഗരങ്ങളിലെ സാന്നിധ്യം ശക്തമാക്കിയതും ഈ നേട്ടം കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

വിപണിയില്‍ ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നിവരുമായി മത്സരിക്കുന്ന കമ്പനി 12-18 മാസത്തിനുള്ളില്‍ ലാഭം നേടാമെന്ന് ഉറച്ച വിശ്വാസത്തിലാണ്. ഷോപ്പ്ക്ലൂസ് ശരിയായ വരുമാന നിരക്കിലാണ് മുന്നോട്ടുപോകുന്നതെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ ചെലവുകള്‍ സൂചിപ്പിക്കുന്നതെന്നും ഇക്കാലയളവില്‍ ഡിസ്‌ക്കൗണ്ടുകളോ വെയര്‍ഹൗസിംഗ് സേവനത്തിനായുള്ള വലിയ ചെലവുകളോ അധിക ചെലവുകളായി വന്നിട്ടില്ലെന്നും സഹസ്ഥാപകനും സിഇഒയുമായ സഞ്ജയ് സേഥി പറഞ്ഞു. ഈ വര്‍ഷവും വളര്‍ച്ച തുടരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ വിഭാഗത്തിലും മികച്ച വരുമാനമാണ് നേടാനായത്. വരും സാമ്പത്തിക വര്‍ഷം ലാഭം നോടാനാണ് കമ്പനിയുടെ ശ്രമം. കമ്പനിക്കു ലഭിക്കുന്ന 80 ശതമാനം ഓര്‍ഡറുകളും മൂന്നാം നിര നഗരങ്ങളില്‍ നിന്നാണ് വരുന്നത്. ഈ ഉപഭോക്താക്കള്‍ ആവര്‍ത്തിച്ച് ഷോപ്പിംഗ് നടത്തുന്നുണ്ട്. ഇത് മെട്രോ നഗരങ്ങളില്‍ നിന്നുള്ള ഷോപ്പിംഗിനേക്കാള്‍ 20 ശതമാനംകൂടുതലാണ്- സേഥി പറഞ്ഞു.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി പ്രവചനാതീതമാണെന്നും രണ്ടു ശതമാനത്തോളം വരുന്ന മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ റീട്ടെയ്ല്‍ ബിസിനസ് മേഖലയില്‍ ഒന്നിലധികം കമ്പനികള്‍ക്ക് വളരാനുള്ള അവസരങ്ങളുണ്ടെന്നും ഷോപ്പ്ക്ലൂസ് ചീഫ് ബിസിനസ് ഓഫീസര്‍ രാധിക ഘായ് അഭിപ്രായപ്പെട്ടു. ലാഭത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കമ്പനി നാളിന്നു വരെ 200 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ ബിസിനസ് മാതൃക നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 180.3 കോടി രൂപയായിരുന്നു ഷോപ്പ്ക്ലൂസിന്റെ പ്രവര്‍ത്തന വരുമാനം. 332.65 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവില്‍ കമ്പനിക്ക് നേരിട്ടത്. തൊട്ടു മുമ്പത്തെ വര്‍ഷം വരുമാനം 161.4 കോടി രൂപയും നഷ്ടം 383.05 രൂപയുമായിരുന്നു.

Comments

comments

Categories: Business & Economy