മാരുതി കാറുകള്‍ ഇനി തീവണ്ടി മാര്‍ഗ്ഗം ഡീലര്‍ഷിപ്പുകളിലെത്തും

മാരുതി കാറുകള്‍ ഇനി തീവണ്ടി മാര്‍ഗ്ഗം ഡീലര്‍ഷിപ്പുകളിലെത്തും

മാരുതി സുസുകി കാറുകള്‍ കയറ്റിയ ആദ്യ തീവണ്ടി ദെത്രോജ് പ്ലാന്റില്‍നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ടു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി സ്വന്തം കാറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ പുതിയ മാര്‍ഗ്ഗം തേടി. മാരുതി സുസുകിയുടെ ഗുജറാത്ത് പ്ലാന്റില്‍നിന്ന് തീവണ്ടികളില്‍ പുതിയ കാറുകള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തിക്കും. ഇതോടെ പ്ലാന്റില്‍നിന്ന് മാരുതി സുസുകി കാറുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതിന്റെ വേഗം വര്‍ധിക്കും. 125 പുതിയ മാരുതി സുസുകി കാറുകള്‍ കയറ്റിയ ആദ്യ തീവണ്ടി ദെത്രോജ് പ്ലാന്റില്‍നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. 25 ന്യൂ മോഡിഫൈഡ് ഗുഡ്‌സ് (എന്‍എംജി) കോച്ചുകളിലാണ് ഇത്രയും കാറുകള്‍ കയറ്റിയിരിക്കുന്നത്.

125 കാറുകള്‍ കയറ്റാന്‍ നാല് മണിക്കൂര്‍ സമയം മതിയായിരുന്നുവെന്ന് പശ്ചിമ റെയില്‍വേ മുഖ്യ വക്താവ് രവീന്ദര്‍ ഭാകര്‍ പറഞ്ഞു. മാരുതി സുസുകിയുടെ ഗുജറാത്ത് പ്ലാന്റിന് പ്രതിവര്‍ഷം രണ്ടര ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് പുറത്തിറക്കാന്‍ ശേഷിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുകളെത്തിക്കുന്നതിനും ലോജിസ്റ്റിക്‌സ് എളുപ്പമാകുന്നതിനും ഇന്ത്യന്‍ റെയില്‍വേയുമായുള്ള സഹകരണത്തിലൂടെ മാരുതി സുസുകിക്ക് കഴിയും. കാറുകള്‍ കയറ്റുന്നതിനും മറ്റുമായി മാരുതി സുസുകിയും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് ദെത്രോജ് റെയില്‍വേ സ്‌റ്റേഷനില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഓട്ടോമൊബീല്‍ മേഖലയെ സംബന്ധിച്ച് ഇത് പുതിയ തുടക്കമാണെന്ന് രവീന്ദര്‍ ഭാകര്‍ പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുകളെത്തിക്കുന്നതിന് മാരുതി സുസുകിക്ക് ഇനി കഴിയും

മണിക്കൂറില്‍ പരമാവധി 95 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പുതിയ തീവണ്ടി റേക്കുകള്‍ക്ക് കഴിയും. ഗുരുഗ്രാമില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള ചരക്ക് കടത്തിന് അഞ്ച് ദിവസം മതിയാകും. റോഡ് മാര്‍ഗ്ഗമാണെങ്കില്‍ ഏഴ് ദിവസത്തിലധികം വേണം. പുതിയ ചരക്കുകടത്ത് ആവശ്യങ്ങള്‍ക്കായി മാരുതി സുസുകി അമ്പത് കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. പശ്ചിമ റെയില്‍വേയുടെ പ്രവര്‍ത്തനത്തെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അഭിനന്ദിച്ചു. അമുല്‍ വെണ്ണ മുതല്‍ വാഹനങ്ങള്‍ വരെ ഇന്ത്യന്‍ റെയില്‍വേ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

Comments

comments

Categories: Auto