അമിതവേഗത്തില്‍ കാര്‍ പറന്നത് 127 തവണ; പൊലിസിന്റെ വക പിഴ 1.82 ലക്ഷം രൂപ

അമിതവേഗത്തില്‍ കാര്‍ പറന്നത് 127 തവണ; പൊലിസിന്റെ വക പിഴ 1.82 ലക്ഷം രൂപ

ഹൈദരാബാദ്: നല്ല റോഡ് മുന്നില്‍ കിടക്കുമ്പോള്‍ അറിയാതെ ആക്‌സിലറേറ്ററില്‍ അല്പം ആഴത്തില്‍ കാലമര്‍ത്തുന്നവരാണ് അധികവും. എങ്കിലും എത്രതവണ അത് ആവര്‍ത്തിക്കുമെന്നതിന് പരിധിയുണ്ട്. ഇതിന് പുറമെ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറകളും മറ്റും കാണുമ്പോഴെങ്കിലും സ്പീഡ് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ഓവര്‍സ്പീഡില്‍ വാഹനമോടിച്ച് നിയമലംഘനത്തില്‍ ‘റെക്കോര്‍ഡ്’ കുറിച്ചിരിക്കുകയാണ് ഹൈദരാബാദില്‍ നിന്നുള്ള, TS 09 E 2957 നമ്പര്‍ ഹോണ്ട ജാസ് കാര്‍. ഒന്നും രണ്ടുമല്ല, 127 തവണയാണ് കാര്‍ അതിവേഗതയില്‍ നിരത്തിലൂടെ പാഞ്ഞത്. അതും അധികവും 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍. ഏറ്റവും കൂടിയ വേഗമായി അടയാളപ്പെടുത്തിയിരിക്കുന്നത് 163 കിലോമീറ്ററാണ്.

2017 ഏപ്രില്‍ 4 മുതല്‍ 2018 മാര്‍ച്ച് 10 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഏറെയും തവണ കാര്‍ ‘പറന്നത്’ ഹൈദരാബാദിലെ എട്ടുവരിപ്പാതയായ ഔട്ടര്‍ റിംഗ് റോഡിലൂടെയാണ്. ആദ്യകാലത്ത് ഈ പാതയില്‍ വേഗപരിധി 120 കിലോമീറ്ററായിരുന്നുവെങ്കിലും പിന്നീട് അപകടങ്ങള്‍ പെരുകിയപ്പോള്‍ ഇത് 100 കിലോമീറ്റര്‍ ആക്കി ചിരുക്കിയിരുന്നു. ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്റെ മകന്റെ മരണവും ഈ റോഡില്‍ വെച്ചുണ്ടായ അപകടത്തിലായിരുന്നു. ഗുരുതരമായ കുറ്റമാണ് നടത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച പൊലിസ് കര്‍ശന നടപടിക്കൊരുങ്ങുകയാണ്. ഓരോ പ്രാവശ്യവും അമിതവേഗത്തിന് 1435 രൂപ വീതമാണ് ഈടാക്കുന്നത്. ഇയാള്‍ വര്‍ഷം മുഴുവന്‍ ഇത്രവേഗത്തില്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നത് എന്തിനാണെന്നും മറ്റും അന്വേഷണങ്ങള്‍ തുടര്‍ന്നുവരികയാണ്.

നിശ്ചിത പരിധിയിലധികം വേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ടയറുകള്‍ പൊട്ടിത്തെറിക്കുന്നതിനും മറ്റുമുള്ള സാധ്യതകള്‍ ഏറെയാണ്. വേനല്‍ക്കാലങ്ങളില്‍ ഹൈദരാബാദില്‍ ഉണ്ടാകാറുള്ള കനത്ത ചൂടും മറ്റും ഇതിനുള്ള ആക്കം കൂട്ടുകയും ചെയ്യും. അത് കാര്‍ യാത്രികര്‍ക്ക് പുറമെ റോഡരുകില്‍ നില്‍ക്കുന്നവര്‍ക്ക് വരെ അപകടം വരുത്തിവെക്കും.

Comments

comments

Categories: Auto, FK News