യുഎസിന്റെ മാന്ദ്യം ഇന്ത്യയേയും ബാധിക്കുമെന്ന് ഗീതാ ഗോപിനാഥ്

യുഎസിന്റെ മാന്ദ്യം ഇന്ത്യയേയും ബാധിക്കുമെന്ന് ഗീതാ ഗോപിനാഥ്

തട്ടിപ്പ് കേസുകള്‍ പൊതുമേഖലാ ബാങ്കുകളെയാകെ ബാധിക്കും

ന്യൂഡെല്‍ഹി: അമേരിക്കയും ചൈനയും തമ്മില്‍ സമ്പൂര്‍ണ വാപാര യുദ്ധത്തിലേക്ക് നീങ്ങുന്നത് തീര്‍ച്ചയായും ഇന്ത്യയെ ബാധിക്കുമെന്ന് സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഗീതാ ഗോപിനാഥ്. വ്യാപാര യുദ്ധം മൂലം അമേരിക്ക മാന്ദ്യത്തിലാകുന്നതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും കാണാന്‍ സാധിക്കുമെന്ന് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ആശങ്കയുണ്ടായിരുന്നു. ഇപ്പോഴത് വര്‍ധിച്ചിരിക്കുകയാണ്. യുഎസിനെതിരായ പ്രതികാര നടപടിയുടെ ഭാഗമായി താരിഫുകള്‍ ചൈനയും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ലോക സമ്പദ്ഘടനയ്ക്ക് അത്യന്തം ഭീഷണിയാണ്. ആദ്യമായി ലോകത്തിലെ സമ്പദ്‌വ്യവസ്ഥകള്‍ യഥാര്‍ത്ഥ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ വ്യാപാര യുദ്ധം നടക്കുന്നത് വളര്‍ച്ചയ്ക്ക് വലിയ തടസം സൃഷ്ടിക്കും. വ്യാപാരത്തെ മാത്രമല്ല, കേന്ദ്ര ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും പലിശ നിരക്കുകളെയും പണപ്പെരുപ്പത്തെയുമെന്നാം വ്യാപാര യുദ്ധം ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഗോള സംവിധാനത്തിന്റെ ഭാഗമാണ് ഇന്ത്യയെന്നതിനാല്‍ വ്യാപാര യുദ്ധം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ ബാധിക്കും. താരിഫുകള്‍ ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കില്‍ പോലും യുഎസിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങിലുമുണ്ടാകുന്ന മാന്ദ്യം ഇന്ത്യയിലും പ്രതിഫലിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത് പോലെയുള്ള തട്ടിപ്പുകള്‍ രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കുന്നവയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നിഷ്‌ക്രിയാസ്തികള്‍ ബാങ്കിംഗ് മേഖല അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ്. ഇതിന് പിന്നാലെയാണ് തട്ടിപ്പ് കേസുകളും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ഭരണത്തെയും ബാധിക്കുമെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy